ഞാൻ മോഹൻലാലിനെയും മമ്മൂട്ടിയെയും ഉൾപ്പടെ പലരെയും കാണിച്ചു ! പയ്യൻ കൊള്ളാമല്ലോ എന്ന് പറഞ്ഞതിന് ശേഷമാണ് അത് സംഭവിച്ചത് ! പക്ഷെ നിർഭാഗ്യവശാൽ ചിത്രം പരാജയമായിരുന്നു ! ഫാസിൽ !

ഫാസിൽ എന്ന സംവിധായകൻ മലയാള സിനിമക്ക് നൽകിയ സംഭാവനകൾ വിലമതിക്കാനാകാത്തതാണ്. റിപ്പീറ്റ് വാല്യൂ ഉള്ള സിനിമകൾ തന്നെയാണ് അദ്ദേഹം മലയാള സിനിമക്ക് സമ്മാനിച്ചിട്ടുള്ളത്. ഇപ്പോഴിതാ ഏറെ നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം നിർമ്മാതാവായി മലയൻകുഞ്ഞ് എന്ന സിനിമയിലൂടെ തിരികെ എത്തിയിരിക്കുകയാണ്. കൂടാതെ അദ്ദേഹം പങ്കുവെച്ച ചില സിനിമ വിശേഷങ്ങളും ഇപ്പോൾ ഏറെ ശ്രദ്ധ നേടുകയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, മലയാളി പ്രേക്ഷകർക്ക് വല്ലാത്ത മാറ്റം വന്നിട്ടുണ്ട്. ഞാൻ ഇനി പഴയത് പോലെ ഒരു  സംവിധായകൻ ആകണമെങ്കിൽ അതിന് ആദ്യം ഒരു വിദ്യാ‌ർത്ഥിയാകണം. സംവിധാനം ഒന്നുകൂടി പഠിക്കണം. അതിലും ഇപ്പോൾ എളുപ്പമുള്ളത് നിർമ്മാണം തന്നെയാണ്. പ്രേക്ഷകരുടെ പ്രതികരണം മനസിലാക്കണം. ഇങ്ങനെ ഒരു ചിത്രം ചെയ്യണമെന്ന് ഫഹദിനോട് പറഞ്ഞിരുന്നു. മലയൻകുഞ്ഞിന്റെ കഥ കേട്ടപ്പോൾ തന്നെ ആരും കെെവച്ചിട്ടില്ലാത്ത വിഷയം ആണെന്ന് തോന്നി.

ഫഹദിന്റെ സിനിമ അരങ്ങേറ്റം ഒരു സംവിധായകൻ അവനെ ഇൻട്ര‌ഡ്യൂസ് ചെയ്‌ത് കളയാമെന്ന് കരുതി ആയിരുന്നില്ല, മറിച്ച് അവനെ രണ്ടുമൂന്ന് ദിവസം ഇന്റർവ്യൂ ചെയ്‌ത്, അത് പലരേയും കാണിച്ചു. മോഹൻലാൽ, മമ്മൂട്ടി ഉൾപ്പടെ പലരേയും കാണിച്ചു. ഈ പയ്യൻ കൊള്ളാമല്ലോയെന്ന് അവരെല്ലാം പറഞ്ഞതിന് ശേഷമാണ് ഫഹദിനെ ഇൻട്ര‌ഡ്യൂസ് ചെയ്‌തത്. പക്ഷെ നിർഭാഗ്യവശാൽ ആ ചിത്രം പരാജയപ്പെട്ടു. പിന്നാലെ ഫഹദ് പഠിക്കാനായി അമേരിക്കയിലേയ്ക്ക് പോകുകയും ചെയ്തു. ഫഹദ് ഒളിച്ചോടി പോയോ എന്ന് ചോദിച്ചവരോട് അവന്റെ മേഖല സിനിമയാണ്, അവൻ തിരിച്ചുവരും എന്നാണ് ഞാൻ പറഞ്ഞത്. അവൻ തിരിച്ചുവന്നു. അവന് കഴിവ്  ഉണ്ടെന്ന് കണ്ടെത്തിയത് കൊണ്ടാണ് അവനെ വെച്ച് ഞാനും  സിനിമ എടുത്തത്. അതൊരു നിമിത്തമാണ്. ഫഹദിലൂടെ ഞാൻ തിരിച്ചു വന്നു. പിതാവിന് കിട്ടുന്ന ഒരു ഭാഗ്യമാണിത് എന്നും അദ്ദേഹം പറയുന്നു.

അതുപോലെ ഏതെങ്കിലും പുതുമുഖങ്ങളെ പരിചയപ്പെടുത്താൻ എനിക്ക് ഭയമാണ്, ഞാൻ ഇനി അവരുടെ ഭാവി നശിപ്പിക്കുക ആണോ എന്നൊക്കെ ചിന്തിക്കും, അതുപോലെ അനിയത്തിപ്രാവിൽ കുഞ്ചാക്കോ ബോബനെ കൊണ്ടുവന്നപ്പോഴും ഞാൻ നന്നായി പേടിച്ചിരുന്നു. ആ സിനിമയുടെ വിജയം എന്നെ ഒരുപാട് സന്തോഷിപ്പിച്ചു. അനിയത്തിപ്രാവിൽ ചാക്കോച്ചനും ശാലിനിയ്ക്കും ഡബ്ബ് ചെയ്‌തത് കൃഷ്‌ണചന്ദ്രനും ശ്രീജയുമാണ്. ചിത്രത്തിന്റെ പ്രിവ്യൂ കണ്ടുകഴിഞ്ഞ് ഇരുവരും തിയേറ്ററിൽ നിന്ന് ഇറങ്ങി ഓടുന്നത് കണ്ടു. പുറത്ത് നിന്ന് രണ്ടു പേരും കരഞ്ഞു കൊണ്ട് നമ്മൾ തന്നെയാണോ ഇത് ചെയ്‌തതെന്ന് ചോദിക്കുന്നത് ഞാൻ കണ്ടു എന്നും ഫാസിൽ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *