പ്രധനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാൻ കരുതുന്നു ! പ്രതികരിച്ച് നടൻ ജോയ് മാത്യു !

മലയാള സിനിമ നടൻ എന്നതിനപ്പുറം ഇന്ന് തെന്നിന്ത്യൻ സിനിമകളുടെ ഭാഗമായി കൂടി മാറിയിരിക്കുന്ന ആളാണ് നടൻ ജോയ് മാത്യു. ഒരു അഭിനേതാവ് എന്നതിനപ്പുറം സാമൂഹ്യ രാഷ്ട്രീയ കാര്യങ്ങളിൽ തന്റെ നിലപാടുകൾ സമൂഹ മാധ്യമങ്ങൾ വഴി അദ്ദേഹം തുറന്ന് പറയാറുണ്ട്, അത്തരത്തിൽ അദ്ദേഹം പങ്കുവെക്കുന്ന ഓരോ പോസ്റ്റുകളും വളരെ അധികം ശ്രദ്ധ നേടാറുമുണ്ട്, ഇപ്പോഴിതാ കേരളമാകെ ചർച്ചചെയ്യപ്പെടുന്ന ഒരു വിഷയമാണ് നരേന്ദ്രമോദിയുടെ വിരുന്നില്‍ എന്‍ കെ പ്രേമചന്ദ്രന്‍ എംപി പങ്കെടുത്തതും അദ്ദേഹത്തിനൊപ്പം ഒരുമിച്ചിരുന്ന് ഭക്ഷണം കഴിച്ചതും.

ഈ വിഷയത്തിൽ ഇപ്പോൾ കോണ്‍ഗ്രസ് നിലപാട് വ്യക്തമാക്കണമെന്ന് എളമരം കരീം എംപി ഉൾപ്പടെ ഉള്ളവർ രംഗത്ത് വന്നിരുന്നു,  ലോക്സഭാ തെരഞ്ഞെടുപ്പില്‍ കേരളത്തില്‍ അക്കൗണ്ട് തുറക്കുമെന്ന് ബിജെപി ഇടയ്ക്കിടെ പറയുന്നത് പ്രേമചന്ദ്രനെ കണ്ടുകൊണ്ടാണോ എന്ന് സംശയിക്കണം. ബിജെപി എംപിമാരും ഘടകകക്ഷി എംപിമാരും പങ്കെടുത്ത വിരുന്നിലാണ് എന്‍ കെ പ്രേമചന്ദ്രന്‍ പങ്കെടുത്തത് എന്ന് മറക്കരുത് എന്നും എളമരം കരീം എംപി പറയുന്നു.

ഇപ്പോഴിതാ ഈ വിഷയത്തിൽ തന്റെ അഭിപ്രായം തുറന്നു പറയുകയാണ് നടൻ ജോയ് മാത്യു. അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നത് ഇങ്ങനെ, ‘അസഹിഷ്ണുതയുടെ ആൾരൂപങ്ങൾ’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം തുടങ്ങുന്നത്.. പ്രധനമന്ത്രി വിരുന്നിനു വിളിച്ചാൽ പോകേണ്ടത് ഏതൊരു പൗരന്റെയും കടമയാണെന്ന് ഞാൻ കരുതുന്നു. കാര്യങ്ങൾ പഠിച്ച് മാത്രം ഇജ്ജ്വലമായി സഭയിൽ അവതരിപ്പിക്കുന്ന മികച്ച പാര്ലിമെന്ററിയൻ എന്ന് ഭരണപക്ഷം പോലും സമ്മതിക്കുന്ന പ്രേമചന്ദ്രൻ എം പി യെ ചായകുടിക്കാൻ വിളിക്കാൻ എനിക്ക് തന്നെ പലപ്പോഴും തോന്നിയിട്ടുണ്ട്.

അപ്പോൾപ്പിന്നെ നമ്മുടെ രാജ്യത്തിന്റെ പ്രധാനമന്ത്രി പ്രേമചന്ദ്രനെ ചായ കുടിക്കാൻ ക്ഷണിച്ചില്ലെങ്കിലേ അത്ഭുതമുള്ളൂ,  അപ്പോഴേക്കും അസഹിഷ്ണതയുടെ ആൾരൂപങ്ങളായ പാർട്ടി അടിമകൾ പ്രേമചന്ദ്രനെ സംഘിയാക്കി. മോദി സർക്കാരിന്റെ വക്താവായ ഗവർണറെ മുഖ്യമന്ത്രിയുടെ വീട്ടിലേക്ക് ഓണത്തിനും വിഷുവിനും ഇഫ്ത്താറിനും ക്രിസ്തുമസ്സിനുമൊക്കെ ചായക്ക് വിളിക്കുന്നതിൽ തെറ്റില്ല എന്നാണ് പാർട്ടി അടിമകൾ കരുതുന്നത്.

അതുമാത്രമോ..  അൽഫോൻസ് കണ്ണന്താനം കേന്ദ്രമന്ത്രിയായപ്പോൾ വീട്ടിലേക്ക് വിളിച്ച് ചായ കൊടുത്ത മുഖ്യമന്ത്രിയുടെ മര്യാദപോലും അണികൾക്കില്ലാതെപോയതാണ് കഷ്ടം .
പ്രധാനമന്ത്രിയെ കണ്ടപ്പോൾ താണു വണങ്ങി കൈകൂട്ടിപ്പിടിച്ച ആളുടെ മര്യാദയാണ് നമുക്ക് മാതൃകയാവേണ്ടത് എന്നകാര്യത്തിൽ ആർക്കും അഭിപ്രായവ്യത്യാസം ഉണ്ടാകുമെന്ന് തോന്നുന്നില്ല . എന്നിട്ടും പ്രേമചന്ദ്രനെ സംഘിയാക്കുന്നതിൽ അടിമകളുടെ ഈ അത്യാവേശമാണ് എന്നെ അതിശയിപ്പിക്കുന്നത്.

എന്നാൽ വിപ്ലവകാരിയും തൊ.വ. (തൊഴിലാളി വർഗ്ഗ ) നേതാവുമായ എളമരം കരീം ബി എം എസ് ന്റെ കുങ്കുമം പുതച്ച വേദിയിൽ വലിഞ്ഞുകയറിയതിനെപ്പറ്റി ഒരു അടിമയ്ക്കും ഒന്നും മിണ്ടാനില്ല . മര്യാദയുടെ ഭാഷയും രാഷ്ട്രീയ വിയോജിപ്പും രണ്ടാണെന്ന് പാർട്ടി അണികൾ മനസ്സിലാക്കാത്തിടത്തോളം ഇവർ അസഹിഷ്ണതയുടെ ആൾരൂപങ്ങളായിത്തന്നെ തുടരും എന്നും അദ്ദേഹം കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *