സരിഗമപ സമ്മാനിച്ച പ്രണയത്തിന് സാക്ഷാത്ക്കാരം- തെരേസയ്ക്ക് മിന്നു ചാർത്തി ലിബിൻ സ്കറിയ
സരിഗമപ സംഗീത റിയാലിറ്റി ഷോയിലെ മത്സരാർത്ഥിയായിരുന്ന ലിബിൻ സ്കറിയ വിവാഹിതനായി. ഹൈക്കോടതി ഉദ്യോഗസ്ഥയായ അൽഫോൺസ തെരേസയാണ് വധു. ഇവരുടേത് പ്രണയ വിവാഹമാണ്. സേവ് ദി ഡേറ്റ് ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചപ്പോഴാണ് ലിബിന്റെ വിവാഹ വാർത്ത ആരാധകർ അറിഞ്ഞത്.
സരിഗമപ ഷോയിലെ ടൈറ്റിൽ വിന്നർ കൂടിയാണ് ലിബിൻ സ്കറിയ. റിയാലിറ്റി ഷോയിലൂടെയാണ് ലിബിന്റെ ജീവിതത്തിലേക്ക് തെരേസ വന്നത്. വിവാഹ ചിത്രങ്ങൾക്ക് മികച്ച പിന്തുണയാണ് ലഭിക്കുന്നത്. ഒട്ടേറെ ആരാധകർ വധൂവരന്മാർക്ക് ആശംസ അറിയിച്ചു.മനസമ്മതം നവംബർ 19 നും, വിവാഹം 22നുമാണ് നടന്നത്. സരിഗമപ വേദിയിലെ സുഹൃത്തുക്കൾ സജീവമായി തന്നെ ലിബിന്റെ വിവാഹത്തിൽ പങ്കെടുത്തു.
സേവ് ദി ഡേറ്റ് ചിത്രങ്ങൾ ലിബിൻ പങ്കുവച്ചപ്പോൾ ഏതെങ്കിലും പുതിയ മ്യൂസിക് ആൽബത്തിന്റെ ചിത്രങ്ങളാവാം എന്നാണ് എല്ലാവരും കരുതിയത്. കാരണം, പലർക്കും ലിബിന് വിവാഹപ്രായമായെന്ന് വിശ്വസിക്കാൻ കഴിഞ്ഞില്ല. ചിത്രങ്ങൾ വൈറലായതോടെ ലിബിൻ വിശദീകരണവുമായി രംഗത്തെത്തി.
ഒരു ഇൻറർവ്യൂ കണ്ടിട്ടാണ് തെരേസ ലിബിനെ കോണ്ടാക്റ്റ് ചെയ്തത്. പിന്നീട് സൗഹൃദത്തിലാകുകയും പതിയെ പ്രണയത്തിലാകുകയും ചെയ്തു.’ ഇന്റർവ്യൂവിലെ എന്റെ സ്വഭാവം, ആറ്റിട്യൂഡ് , മാനറിസം അതൊക്കെ കണ്ടാണ് ഇഷ്ടമായതെന്ന് തെരേസ പറഞ്ഞിട്ടുണ്ട്. അതിനുശേഷം എന്റെ നമ്പർ തെരേസയുടെ ഒരു സുഹൃത്തുവഴിയാണ് അവൾക്ക് ലഭിക്കുന്നത്. അങ്ങനെ ആശംസകൾ അറിയിക്കാനായിട്ടാണ് ഞങ്ങൾ പരസ്പരം കോണ്ടാക്റ്റ് ചെയ്യുന്നത്. പിന്നെ പയ്യെ പയ്യെ സൗഹൃദമാവുകയും, പിന്നീട് പ്രണയത്തിലേക്ക് കടക്കുകയും ആയിരുന്നു. അപ്പോൾ തന്നെ ഇഷ്ടത്തെ കുറിച്ച് വീട്ടിൽ പറഞ്ഞിരുന്നു. അങ്ങനെ ഇരുവീട്ടുകാരും തമ്മിൽ സംസാരിച്ചു ഉറപ്പിക്കുകയായിരുന്നു’ – പ്രണയത്തെക്കുറിച്ച് ലിബിന്റെ വാക്കുകൾ.
26 വയസാണ് ലിബിന്. തെരേസക്ക് 24 വയസും. കണ്ടാൽ പ്രായം തീരെ പറയില്ല എന്നതുകൊണ്ട് വിവാഹം വളരെ നേരത്തെയാണല്ലോ എന്ന ചോദ്യങ്ങൾ ഇവർ നേരിട്ടിരുന്നു. അതേസമയം, സരിഗമപയ്ക്ക് ശേഷം ഒട്ടേറെ സിനിമകളുടെ ഭാഗമായി ലിബിൻ സ്കറിയ. ഒരു ബാൻഡ് ലൈൻ അപ് സ്റ്റാർട്ട് ചെയ്യാനുള്ള തയ്യാറെടുപ്പുമായി എറണാകുളത്താണ് ലിബിൻ.
അടുത്തിടെയാണ് തെരേസയ്ക്ക് ഹൈക്കോടതിയിൽ ജോലി കിട്ടിയത്. അങ്ങനെ രണ്ടുപേരുടെയും ജോലിയുടെ ഭാഗം ആയി എറണാകുളത്തു ഒരുമിച്ചു നിൽക്കാമല്ലോ എന്ന് കരുതിയാണ് പെട്ടെന്ന് വിവാഹം കഴിക്കാൻ തീരുമാനിക്കുന്നതെന്ന് ലിബിൻ പറയുന്നു.
സരിഗമപ ഷോ ജീവിതം മാറ്റിമറിച്ചെങ്കിലും വിദേശത്ത് ലഭിക്കേണ്ടിയിരുന്ന സ്റ്റേജ് പരിപാടികൾ കൊവിഡ് കാരണം പ്രതിസന്ധിയിലായ സങ്കടം ലിബിനുണ്ട്. എങ്കിലും കിട്ടിയ അവസരങ്ങളെ നന്ദിയോടെ കാണുന്നതായി ലിബിൻ പറയുന്നു. ലിബിൻ പാടിയ സിനിമകൾ റിലീസ് ചെയ്യാനുള്ള തയ്യാറെടുപ്പിലാണ്.
Leave a Reply