ജീവിതത്തിൽ ഇത്രയും നാളുകൊണ്ട് ഞാൻ എന്തുനേടി ! കണ്ണാടി നോക്കി ഞാന്‍ എന്നെത്തന്നെ ശപിക്കും ! ജീവിതം പറഞ്ഞ് ശരത് സക്‌സേന !

ഒരു സമയത്ത് ഇന്ത്യൻ സിനിമ തന്നെ ഭയപ്പെട്ടിരുന്ന വില്ലൻ ആയിരുന്നു ശരത് സക്‌സേന. ബോളിവുഡ് സിനിമകളിൽ ആയിരുന്നു അദ്ദേഹം കൂടുതൽ തിളങ്ങിയത്. 250ലധികം ബോളിവുഡ് ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് . 1970 കളുടെ തുടക്കത്തിൽ സക്‌സേന തന്റെ കരിയർ ആരംഭിച്ചു, പ്രധാനമായും സപ്പോർട്ടിംഗ് റോളുകൾ ചെയ്തിട്ടുണ്ട്. സിനിമ കൂടാതെ അദ്ദേഹം മഹാഭാരതം എന്ന ടെലിവിഷൻ സീരിയലിൽ കിച്ചക എന്ന കഥാപാത്രത്തെ അവതരിപ്പിച്ചും അദ്ദേഹം കൈയ്യടി നേടിയിരുന്നു.

അദ്ദേഹം മധ്യപ്രദേശിലെ സത്നയിലാണ് ജനിച്ചത്. ജബൽപൂർ എഞ്ചിനീയറിംഗ് കോളേജിൽ നിന്ന് ഇലക്ട്രോണിക്സ് & ടെലികമ്മ്യൂണിക്കേഷനിൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കിയ ശേഷം ഒരു നടനാകാൻ ആഗ്രഹിച്ചു. അങ്ങനെ 1972ൽ മുംബൈയിലെത്തി. അദ്ദേഹത്തിന്റെ ബിൽഡ് കാരണം യാത്ര കഠിനമായിരുന്നു, പക്ഷേ ഒടുവിൽ, അദ്ദേഹത്തിന് ഒരു സഹായിയുടെ വേഷം ലഭിച്ചു. ബെനാം ആയിരുന്നു അദ്ദേഹത്തിന്റെ ആദ്യ റിലീസ്. ശേഷം സ്ഥിരം വില്ലൻ വേഷങ്ങൾ തന്നെയായിരുന്നു അദ്ദേഹത്തെ കാത്തിരുന്നത്.

ഇപ്പോഴിതാ തന്റെ കരിയറിനെ കുറിച്ച് അദ്ദേഹം തന്നെ പറഞ്ഞ ചില വാക്കുകളാണ് ഏറെ ശ്രദ്ധ നേടുന്നത്. ഹിന്ദി ചിത്രങ്ങളിലെ അഭിനയം ഒഴിവാക്കി തെന്നിന്ത്യന്‍ സിനിമകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനുള്ള കാരണം വ്യക്തമാക്കി നടന്‍ ശരത് സക്‌സേന. ഹിന്ദി ചിത്രങ്ങളില്‍ സംഘട്ടന രംഗങ്ങളിലേയ്ക്ക് മാത്രമേ തന്നെ വിളിക്കാറുണ്ടായിരുന്നുള്ളൂ എന്നും 25 മുതല്‍ 30 വര്‍ഷത്തോളം താന്‍ ഇതാണ് ചെയ്തതെന്നും ശരത് സക്‌സേന പറയുന്നു. ബോളിവുഡില്‍ എനിക്ക് അര്‍ഹിക്കുന്ന അവസരം ലഭിക്കാത്തതിനാലാണ് തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ പ്രവര്‍ത്തിക്കാന്‍ ആരംഭിച്ചത്.

ബോളിവുഡിൽ സംഘട്ടന രംഗങ്ങള്‍ മാത്രമാണ് എനിക്ക് ലഭിച്ചിരുന്നത്. എനിക്ക് എന്റെ മുഖം തന്നെ ഇഷ്ടമല്ലായിരുന്നു. ഞാൻ ഷൂട്ടിന് പോകുന്നതിന് മുന്‍പ് കണ്ണാടി നോക്കുമ്പോള്‍, എന്നെത്തന്നെ ശപിക്കുമായിരുന്നു, കാരണം ഞാന്‍ ഇടി കൊള്ളാന്‍ വേണ്ടിയാണ് പോകുന്നത്. നായകന്മാരുടെ ഇന്‍ട്രോ സീനിനു വേണ്ടിയാണ് ഞങ്ങളെ ആവശ്യം. നായകന്‍ വരുമെന്നും എന്നെ ഇടിച്ച ശേഷം കഥയിലെ നായകനാണെന്ന് പ്രഖ്യാപിക്കും. ഇതായിരുന്നു 25 മുതല്‍ 30 വര്‍ഷത്തോളം എന്റെ ജോലി.

അങ്ങനെ ഞാൻ എന്റെ ജീവിതം തന്നെ മടുത്തു, ഇത്രയും നാൾ ഞാൻ എന്തുനേടി എന്ന് ചിന്തിച്ചു, ശേഷം എന്റെ കയ്യില്‍ ആകെ എത്ര രൂപയുണ്ടെന്ന് ഞാനും ഭാര്യയും പരിശോധിച്ചു. ഞാന്‍ ജോലിക്കൊന്നും പോയില്ലെങ്കിലും ഒരു വര്‍ഷം കഴിയാനുള്ള തുക ഞങ്ങളുടെ പക്കലുണ്ടെന്ന് ഭാര്യ പറഞ്ഞു. അങ്ങനെ അന്ന് ഞാന്‍ ഹിന്ദി ചിത്രങ്ങളില്‍ അഭിനയിക്കുന്നത് നിര്‍ത്തി. ദൈവാനുഗ്രഹം കൊണ്ട് മൂന്ന് ദിവസം കഴിഞ്ഞപ്പോള്‍ കമല്‍ ഹാസന്റെ ഓഫീസില്‍ നിന്ന് വിളി വന്നു. ‘ഗുണ’യിലെ വേഷം എനിക്ക് നല്‍കി. പ്രതിഫലവും കഥാപാത്രവും നല്ലതായിരുന്നു, അങ്ങനെ ജീവിതത്തിൽ മാറ്റം വന്നെന്നും ശരത് സക്‌സേന പറഞ്ഞു. കിലുക്കം ചിത്രത്തിൽ കൂടി മലയാളികൾക്കും അദ്ദേഹം ഏറെ പ്രിയങ്കരനാണ്.

Leave a Reply

Your email address will not be published. Required fields are marked *