സ്വന്തം വീട് വിറ്റ് ആരോരും സഹായമില്ലാതെ ഒരു ചേച്ചിക്ക് വീട് വെച്ചുകൊടുത്തു ! സാജു നവോദയക്ക് കൈയ്യടിച്ച് ആരാധകർ !

മിമിക്രി കലാരംഗത്തുനിന്നും സിനിമയിലും ടെലിവിഷൻ പരിപാടികളിലും ശ്രദ്ധ നേടിയ ആളാണ് പാഷാണം ഷാജി എന്നറിയപ്പെടുന്ന സാജു നവോദയ. ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഒരു പഴയ വിഡിയോ വൈറലായി മാറുകയാണ്. തന്റെ സ്വന്തം വീടുവിറ്റ് ക്യാൻസർ രോ​ഗിക്ക് വീട് വെച്ച് കൊടുക്കാൻ സാധിച്ചതിനെ കുറിച്ചാണ് സാജു വൈറൽ വീഡിയോയിൽ പറഞ്ഞത്. സാജുവിന്റെയും ഭാര്യയുടേയും ഹൃദ്യമായ പ്രവൃത്തിയെ പ്രശംസിച്ച് വീട് വൈറലായതോടെ പ്രേക്ഷകരുമെത്തി. പാഷണം ഷാജിയല്ല തനി തങ്കമാണ് സാജുവിന്റെ ഹൃദയമെന്നാണ് അവർ കമന്റുകളായി കുറിച്ചത്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞാൻ ഈ കാര്യങ്ങളൊന്നും അങ്ങനെ ആരോടും പറയാറില്ല, ഞങ്ങളുടെ വീട് വിറ്റിട്ടാണ് ആ കുടുംബത്തിന് വീട് വെച്ച് കൊടുത്തതെന്ന് അധികം ആർക്കും അറിയില്ലായിരുന്നു. എന്റെ സുഹൃത്തിന്റെ അയൽക്കാരിയായ ചേച്ചിക്കാണ് ഞങ്ങൾ വീടുവെച്ച് കൊടുത്തത്. ആദ്യം ഞങ്ങൾ വീടിന്റെ അവസ്ഥ പോയി കണ്ടിരുന്നു. തുടക്കത്തിൽ ഒരു കട്ടിലും മെഡിസിനുമെല്ലാം വാങ്ങികൊടുത്ത് സഹായിക്കാനായിരുന്നു പ്ലാൻ.

പക്ഷെ പിന്നീടാണ് വീട് വെക്കാമെന്ന രീതിയിലേക്ക് മാറിയത്. സ്വന്തമായി ടോയ്ലെറ്റ് പോലും അവർക്കില്ല. ഫ്ലെക്സ് വലിച്ചുകെട്ടി അതിനുള്ളിലാണ് താമസിച്ചിരുന്നത്. സ്കൂൾ വിദ്യാർത്ഥികളായ രണ്ട് പെൺമക്കളും അവർക്കുണ്ട്. ഞങ്ങൾ വീട് വെച്ച് നൽകാമെന്ന് ഉറപ്പ് കൊടുത്തപ്പോൾ അന്ന് ഒരുപാട് പേർ സഹായം വാ​ഗ്ദാനം ചെയ്ത് ഞങ്ങൾക്കൊപ്പമുണ്ടായിരുന്നു. പിന്നീട് ഞങ്ങൾ മീറ്റിങ്ങൊക്കെ കൂടി പ്ലാനിങ് തുടങ്ങി. പത്ത് രൂപ വിലയുള്ള ഒരു ലക്ഷം കൂപ്പൺ അടിച്ച് അത് വിതരണം ചെയ്ത് പണം കണ്ടെത്താമെന്നാണ് കരുതിയത്. പക്ഷെ കൂപ്പൺ വിറ്റില്ല. ഞങ്ങളുടെ ​ഗ്രൂപ്പിലുണ്ടായിരുന്നവർ പലതും പറഞ്ഞ് ഇതിൽ നിന്ന് പിന്മാറി. പിന്നീട് ധർമ്മജൻ പതിനായിരം രൂപ ഫണ്ടിലേക്ക് തന്നു. വേറൊരു സുഹൃത്ത് അയ്യായിരവും തന്നു.

തുടങ്ങിവെച്ചത് പൂർത്തിയാക്കണം എന്ന വാശി ഉണ്ടായിരുന്നു, ശേഷം നാടൻപ്പാട്ട് കലാകാരന്മാരുടെ കൂട്ടായ്മ വഴി ഒരു ലക്ഷം രൂപയും കിട്ടി. സ്വന്തം വീടിന്റെ പണി നടക്കുമ്പോൾ എങ്ങനെ ശ്രദ്ധിക്കുമോ അതേ ശ്രദ്ധ കൊടുത്താണ് ഷൂട്ടിങിനിടയിലും അവരുടെ വീട് പണി ഞങ്ങൾ ശ്രദ്ധിച്ചിരുന്നത്. തലയ്ക്ക് വെളിവില്ലാത്ത പോലെയുള്ള ഓട്ടമായിരുന്നു ആ സമയത്ത്. ഉദ്ഘാടനത്തിന് പോകുമ്പോൾ പണം വാങ്ങാതെ വീട് പണിക്കുള്ള സിമന്റ് അടക്കമുള്ളവയാണ് വാങ്ങിയിരുന്നത്.

പതിനഞ്ച് വർഷം വാടക വീട്ടിൽ താമസിച്ചതിന് ശേഷമാണ് ഞങ്ങൾ സ്വന്തമായൊരു വീട് വെച്ചത്. ആ കുടുംബത്തിനുള്ള വീടിന്റെ പണി പൂർത്തിയാക്കാൻ ചിലപ്പോൾ നമ്മുടെ വീട് വെക്കേണ്ടി വരുമെന്ന് അറിയാമായിരുന്നു. ഞങ്ങളുടെ പണം തീർന്നു പണി നിർത്തിവെക്കണമെന്ന് ആ വീട്ടുകാരോട് നമുക്ക് പറയാൻ പറ്റില്ലല്ലോ. ഞങ്ങളുടെ സഹോദരങ്ങൾക്ക് ചെയ്ത് കൊടുക്കുന്നത് പോലെയാണ് ആ വീടിന്റെ പ്രവൃത്തികൾ ചെയ്ത് കൊടുത്തത് എന്നും, അവരിപ്പോൾ അവിടെ സന്തോഷത്തോടെ കഴിയുന്നു, ഒരുപാട് നാൾ ആയെങ്കിലും ഇതുവരെ ആരോടും ഇതിനെകുറിച്ച് ഒന്നും പറഞ്ഞിരുന്നില്ല എന്നും സാജു പറയുന്നു, ഈ നല്ല മനസിന് കൈയ്യടിക്കുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *