
മാർക്കോയെ ഇനി നേരിടാൻ പോകുന്നത് വിക്രം ! സൂചന നൽകി പുതിയ ചിത്രം പങ്കുവെച്ച് ഷെരീഫ് മുഹമ്മദ് ! ആവേശത്തോടെ ആരാധകർ
മലയാള സിനിമയിൽ പുതിയ ചരിത്രം കുറിക്കുകയാണ് ഉണ്ണി മുകുന്ദന്റെ ചിത്രം ‘മാർക്കോ’.. ക്യൂബ്സ് എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദ് നിർമ്മിച്ച് ഹനീഫ് അദേനി തിരക്കഥയെഴുതി സംവിധാനം ചെയ്ത ‘മാർക്കോ’ ലോകമാകെ തരംഗമായിരിക്കുകയാണ്. മലയാളത്തിലെ ആദ്യ ഹെവി മാസ് വയലൻസ് മൂവി എന്നാണ് ഏവരും ചിത്രത്തെ വാഴ്ത്തുന്നത്. സിനിമയുടെ രണ്ടാം ഭാഗമായെത്താനിരിക്കുന്ന ‘മാർക്കോ 2’ -ൽ തമിഴ് സൂപ്പർതാരം ചിയാൻ വിക്രം വില്ലനായെത്തുന്ന രീതിയിലുള്ള വാർത്തകൾ നേരത്തെ വലിയ വാർത്തയായിരുന്നു..
എന്നാൽ നിർമ്മാതാക്കളുടെ ഭാഗത്തുനിന്നും ഔദ്യോഹിക അറിയിപ്പുകൾ ഒന്നും തന്നെ ലഭിച്ചിരുന്നില്ല, ഇപ്പോഴിതാ ആ വാർത്തകള്‍ക്ക് ആക്കം കൂട്ടിക്കൊണ്ട് വിക്രമിനൊപ്പമുള്ള ഒരു ചിത്രം ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരിക്കുകയാണ് നിർമ്മാതാവ് ഷെരീഫ് മുഹമ്മദ്. ‘ചിയാൻ വിക്രമിനോടൊപ്പമുള്ള സന്തോഷകരമായ നിമിഷങ്ങൾ’ എന്ന് കുറിച്ചുകൊണ്ട് പങ്കുവെച്ചിരിക്കുന്ന ചിത്രം പുറത്തുവന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇതോടെ ചൂടുപിടിച്ച ചർച്ചകളാണ് നടക്കുന്നത്.

വാർത്ത ഇപ്പോഴും ഉറപ്പിക്കാറായിട്ടില്ല എങ്കിലും ആരാധകർ ഇത് ഏറ്റെടുത്തുകഴിഞ്ഞിരിക്കുകയാണ്.. ഉണ്ണിയോടൊപ്പം വിക്രവും എത്തുമ്പോള്‍ ‘മാർക്കോ 2’ സംഭവബഹുലമാകും, ഇത് അതുക്കും മേലേ, വൻ സംഭവം… എന്നൊക്കെയാണ് പലരുടേയും കമന്റുകള്‍. തിയേറ്ററുകളിൽ ‘മാർക്കോ’ മൂന്നാമത്തെ ആഴ്ച പിന്നിടുമ്പോള്‍ മികച്ച കളക്ഷനുമായി എല്ലാ ഭാഷകളിലും നിറഞ്ഞ സദസ്സിൽ കുതിപ്പ് തുടരുകയാണ്. മലയാളത്തിന് പുറമെ ഹിന്ദിയിലും തെലുങ്കിലും ഉള്‍പ്പെടെ വലിയ സ്വീകാര്യതയാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.
ചിത്രത്തെ പുകഴ്ത്തികൊണ്ട് കഴിഞ്ഞ ദിവസം നടൻ അല്ലു അർജുൻ രംഗത്ത് വന്നിരുന്നു, ചിത്രത്തിന്റെ സംവിധായകന് ഹനീഫ് അദേനിയെ ഫോണില്‍ വിളിച്ചു. ചിത്രം നേടിയ മികച്ച വിജയത്തിന് അണിയറക്കാര്‍ക്കുള്ള അഭിനന്ദനം അറിയിച്ച അല്ലു ചിത്രം തനിക്ക് എത്രത്തോളം ഇഷ്ടമായെന്നതും പറഞ്ഞു. അതുപോലെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളാണ് അല്ലുവിനെ സ്വാധീനിച്ച മറ്റൊരു ഘടകം. ചിത്രീകരണത്തിന്റെ മികവും ഉണ്ണിയുടെ ഫൈറ്റും തനിക്ക് ഏറെ ഇഷ്ടപ്പെട്ടു എന്നാണ് അല്ലു പറയുന്നത്, കൂടാതെ ചിത്രത്തിന്റെ പ്രൊഡക്ഷന്‍ വാല്യുവിനെക്കുറിച്ചും ഹനീഫ് അദേനിയോട് അല്ലു അര്ജുന് സംസാരിച്ചു.
Leave a Reply