മാതൃകയാക്കാം…! ആർഭാടം ഒഴിവാക്കി; വിവാഹച്ചെലവിനായി മാറ്റിവച്ച 5.8 ലക്ഷം രൂപയ്ക്ക് നിരാലംബരായ ഒരു കുടുംബത്തിന് സ്വപ്‌നവീട്‌ ! കൈയ്യടിച്ച് മലയാളികൾ !

ഇന്ന് കേരളത്തിൽ വിവാഹ ആഘോഷങ്ങൾ ഒരു വലിയ ആർഭാടമായി മാറുന്ന കാഴ്ചയാണ് നമ്മൾ കാണുന്നത്. ഇപ്പോഴിതാ അത്തരക്കാരിൽ നിന്നും മാറി ചിന്തിച്ച ഒരു കുടുംബത്തിന് നിറഞ്ഞ മനസോടെ കൈയ്യടിക്കുകയാണ് മലയാളികൾ ഒന്നാകെ. ആർഭാടവിവാഹങ്ങളുടെ കാലത്ത് വേറിട്ട ഒരു മാതൃകയാവുകയാണ് മൂവാറ്റുപുഴയിൽ നടന്ന ലളിതമായ ഒരു വിവാഹം. ആർഭാടങ്ങളും ആഘോഷവും ഒഴിവാക്കി ബിനോയിയും ചിന്നുവും രജിസ്റ്റർ ഓഫിസിൽ വച്ച് വിവാഹിതരായപ്പോൾ, വിവാഹ ചെലവിനായി മാറ്റിവച്ചിരുന്ന 5,80,000 രൂപ, സ്വന്തം വീടില്ലാതെ കുടിലിൽ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും അടച്ചുറപ്പുള്ള വീടെന്ന സ്വപ്നം സഫലമാകാൻ ഉപകരിച്ചു. സാമൂഹികപ്രവർത്തകയായ എംഎസ് സുനിലിന്റെ നേതൃത്വത്തിലാണ് വീട് നിർമിച്ചുനൽകിയത്.

പലരെ അനുകരിച്ച് ഇന്ന് സാമ്പത്തികമായി താഴ്ന്ന കുടുംബങ്ങൾ പോലും വിവാഹം ആര്ഭാടമാക്കുകയും അതുമൂലം വലിയ കടബാധ്യത പേറുന്നതുമായ കാഴ്ചകൾ നമുക്ക് ചുറ്റും ഇപ്പോൾ സര്വസാധാരണയാണ്. ഒരു അദ്ധ്യാപിക കൂടിയായ എം എസ് സുനിൽ സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, ഇത് വേറിട്ട ഒരു വിവാഹം. ആർഭാടങ്ങളും ആടയാഭരണങ്ങളും ഒഴിവാക്കി ബിനോയിയും ചിന്നുവും രജിസ്റ്റർ ഓഫീസിൽ വച്ച് വിവാഹിതരായപ്പോൾ..


വിവാഹ ചിലവിനായി മാറ്റിവെച്ച 580000 രൂപ റിട്ടയേഡ് അധ്യാപകരായ മാതാപിതാക്കൾ പി. എം സ്കറിയയും കെ.പി .സാറാമ്മയും ,സുരക്ഷിതമല്ലാത്ത കുടിലിൽ കഴിഞ്ഞിരുന്ന രോഗിയായ സുരേന്ദ്രനും കുടുംബത്തിനും വീടെന്ന സ്വപ്നം സാക്ഷാത്കരിക്കാൻ സഹായിച്ചപ്പോൾ ഒരുപാട് സന്തോഷം തോന്നി. കല്യാണ ദിവസം തന്നെ വീടിന്റെ താക്കോൽദാനവും നിർവഹിക്കാൻ സാധിച്ചത് ഏറെ അനുഗ്രഹം . Binoyയും Chinnuവും പുതിയ ജീവിതത്തിലേക്ക് പ്രവേശിച്ചപ്പോൾ ഇവർ നൽകിയത് ഒരു കുടുംബത്തിന്റെ ചിരകാല വീടെന്ന സ്വപ്നസാഫല്യം.. ഇവരാണ് ഭൂമിയിലെ മാലാഖമാർ.. ദൈവത്തിന്റെ കയ്യൊപ്പ് പതിഞ്ഞ ഈ യുവമിഥുനങ്ങൾക്ക് എല്ലാവിധ അനുഗ്രഹങ്ങളും ആശംസകളും നേരുന്നു. ഇത് ഞങ്ങളുടെ 347- മത് സ്നേഹഭവനം… പുതിയ തലമുറയ്ക്ക് പ്രചോദനമാകട്ടെ എന്നും ടീച്ചർ കുറിച്ചിരിക്കുന്നു.

നിരവധി പേരാണ് മാതൃകാപരമായ ഈ പ്രവർത്തിക്ക് കൈയ്യടിക്കുന്നത്. ഏറെ നാളായി ഒരു ഒറ്റ മുറി കുടിലിൽ കഴിഞ്ഞ രോഗബാധിതരായ ഒരു കുടുംബത്തിന് വലിയ ഒരു സഹായമാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ആ നവ ദമ്പതികൾക്ക് മനസറിഞ്ഞ് അനുഗ്രഹം നൽകുകയാണ് മലയാളികൾ.

Leave a Reply

Your email address will not be published. Required fields are marked *