‘നരിവേട്ട’, ടോവിനോയുടെ സിനിമ നല്ലതാണെന്ന് പറഞ്ഞത് ഇഷ്ടപ്പെട്ടില്ല ! ഉണ്ണി മുകുന്ദൻ തല്ലി എന്ന പരാതിയുമായി അടുത്ത സുഹൃത്തും മാനേജരുമായ വിപിൻ കുമാർ…

ഇന്ന് മലയാള സിനിമയിലെ യുവ നടന്മാരിൽ മുൻ നിരയിൽ നല്ല ആളാണ് നടൻ ഉണ്ണി മുകുന്ദൻ, ‘മാർക്കോ’ നടന്റെ കരിയറിൽ വലിയ വഴിത്തിരിവായി മാറിയിരുന്നു, പാൻ ഇന്ത്യൻ ലെവലിലേക്ക് എത്തിയ ഉണ്ണി മലയാള സിനിമയുടെ അഭിമാനമായി മാറിയിരുന്നു. എന്നാൽ അതിനു ശേഷം വന്ന ഉണ്ണി മുകുന്ദൻ ചിത്രം ഗെറ്റ് സെറ്റ് ബേബി അത്ര വിജയമായിരുന്നില്ല, വളർച്ചക്കൊപ്പം വിവാദങ്ങളും ഉണ്ണി മുകുന്ദന് ഒപ്പം തന്നെ കൂടുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ഉണ്ണി മുകുന്ദൻ തന്നെ മർദ്ദിച്ചുവെന്ന് പറഞ്ഞുകൊണ്ട് അടുത്ത സുഹൃത്തും മാനേജരുമായ വിപിൻ കുമാർ ഇപ്പോൾ പൊലീസിൽ പരാതി നൽകിയിരിക്കുകയാണ്. മാര്‍ക്കോയ്ക്ക് ശേഷം സിനിമയിലെ തിരിച്ചടികളും മറ്റു പ്രശ്‌നങ്ങളുമാണ് ഉണ്ണി മുകുന്ദനെ പ്രകോപിപ്പിച്ചതെന്നും വിപിൻ കുമാർ ആരോപിച്ചു.

ഒരു മാനേജർ എന്നതിനപ്പുറം ഇരുവരും വളരെ അടുത്ത സുഹൃത്തുക്കൾ കൂടിയായിരുന്നു, ഒരു പതിറ്റാണ്ടിലേറെ സിനിമ രംഗത്ത് പരിചിതമായ പിആര്‍ കണ്‍സള്‍ട്ടന്‍റാണ് വിപിന്‍ കുമാര്‍. കഴിഞ്ഞ കുറച്ചുകാലമായി വിപിനാണ് ഉണ്ണിമുകുന്ദന്‍റെ സിനിമ പബ്ലിക് റിലേഷനും മറ്റും കൈകാര്യം ചെയ്യുന്നത്. ഉണ്ണി മുകുന്ദന്‍റെ അടുത്തകാലത്ത് ഹിറ്റായ മാര്‍ക്കോയില്‍ അടക്കം ചെറിയ വേഷങ്ങളും ഇദ്ദേഹം ചെയ്തിട്ടുണ്ട്. താന്‍ താമസിക്കുന്ന ഫ്ലാറ്റില്‍ നിന്നും പാര്‍ക്കിംഗ് ഏരിയയിലേക്ക് വിളിച്ചുവരുത്തിയാണ് മര്‍ദ്ദിച്ചത് എന്നാണ് വിപിന്‍ പറയുന്നത്. തന്‍റെ ഗ്ലാസ് ചവുട്ടിപ്പൊട്ടിക്കുകയും ചെയ്തു എന്നാണ് വിപിന്‍ പറയുന്നത്. തന്നെ അസഭ്യം പറഞ്ഞതായും വിപിന്‍ ആരോപിക്കുന്നുണ്ട്.

വിപിന്റെ വാക്കുകൾ ഇങ്ങനെ, “ആറുവര്‍ഷമായി ഉണ്ണിക്കൊപ്പം ജോലി ചെയ്യുന്നയാളാണ് ഞാന്‍. പല കളിയാക്കലുകളും കേട്ടാണ് നിന്നത്. അടുത്തകാലത്ത് പുള്ളിക്ക് പല ഫസ്ട്രേഷനും കാര്യങ്ങളും ഉണ്ട്. മാര്‍ക്കോയ്ക്ക് ശേഷം ഒരു പടം കറക്ടായി കിട്ടിയിട്ടില്ല. ഗെറ്റ് സെറ്റ് ബേബി പരാജയപ്പെട്ടു. പുള്ളി സംവിധാനം ചെയ്യാനിരുന്ന പടത്തില്‍ നിന്നും ഗോകുലം പിന്‍മാറി. ഇത്തരം പല ഫസ്ട്രേഷനുണ്ട്. ഇതെല്ലാം കുടെയുള്ളവരോടാണ് തീര്‍ക്കുന്നത്” വിപിന്‍ പറഞ്ഞു.

“പുള്ളിയുടെ കൂടെയുണ്ടായിരുന്നവര്‍ ഒന്നും ഇപ്പോള്‍ ഒപ്പമില്ല. ഇപ്പോ എല്ലാം എനിക്ക് കേള്‍ക്കാന്‍ പറ്റില്ലല്ലോ. എല്ലാത്തിനും ഒരു പരിധിയുണ്ടല്ലോ. ഞാന്‍ ഒരു പ്രമോഷന്‍ കണ്‍സള്‍ട്ടന്‍റാണ്. 18 കൊല്ലമായി ഈ സിനിമ രംഗത്തുണ്ട്. ‘നരിവേട്ട’ എന്ന ടോവിനോ സിനിമ ഞാന്‍ പ്രവര്‍ത്തിച്ച സിനിമയാണ്. അതിനെ അഭിനന്ദിച്ച് ഞാന്‍ പോസ്റ്റിട്ടു. അത് ഉണ്ണിക്ക് ഇഷ്ടപ്പെട്ടില്ല. രാത്രി തന്നെ വിളിച്ച് എന്നോട് ഈ മാനേജര്‍ പരിപാടി വേണ്ടെന്ന് പറഞ്ഞു. ഞാനും ഓകെ പറഞ്ഞു, പിന്നീടാണ് ഫോണില്‍ വിളിച്ച് എന്റെ ഫ്ലാറ്റിന്റെ താഴെ വരാന്‍ പറഞ്ഞ് മര്‍ദ്ദിച്ചത്. ഞാന്‍ പേയ്ഡ് മാനേജര്‍ അല്ല. ഞാന്‍ അഞ്ഞുറോളം ചിത്രങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്. പുള്ളിയുടെ പ്രശ്നങ്ങളായിരിക്കാം ഇതിനെല്ലാം കാരണം. വിപിന്‍ പറ‌ഞ്ഞു. അതേ സമയം വിപ്പിന്റെ പരാതിയുടെയും വിശദമായ മൊഴിയുടെയും അടിസ്ഥാനത്തിൽ ഉണ്ണി മുകുന്ദനെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *