
ടിനി ടോമിന് ഭ്രാന്താണ്, നസീർ സാറിനെ പോലെ ദൈവ തുല്യനായ ഒരാളെക്കുറിച്ച് ഞാൻ അങ്ങനെയൊന്നും പറഞ്ഞിട്ടില്ല ! മുമ്പും ഇതുപോലെ മണ്ടത്തരങ്ങൾ പറഞ്ഞ ആളാണ് ഈ ടിനി ! മണിയൻ പിള്ള രാജു !
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി സമൂഹ മാധ്യമങ്ങളിലെ സംസാര വിഷയം പ്രേം നസീറിനെ കുറിച്ച് ടിനി ടോം പറഞ്ഞ വാക്കുകളാണ്, നസീർ സാറിന്റെ അവസാന സമയത്ത്, തന്റെ സ്റ്റാർഡം നഷ്ടപ്പെട്ടതിൽ മനം നൊന്താണ് നസീർ സാർ മരിച്ചതെന്നും എല്ലാ ദിവസം കാലത്ത് മേക്കപ്പ് ഇട്ട് ഇറങ്ങി ബഹദൂറിന്റേയും അടൂര് ഭാസിയുടേയും അടുത്ത് പോയിരുന്നു കരയുമായിരുന്നുവെന്നുമാണ് ടിനി അടുത്തിടെ ഒരു അഭിമുഖത്തിൽ പറഞ്ഞത്. നടൻ മണിയൻ പിള്ള രാജുവിൽ നിന്നാണ് താൻ ഈ കഥകൾ കേട്ടതെന്ന് ടിനി ടോം പറഞ്ഞതായും പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ടിനി ടോമിന് എതിരെ രംഗത്ത് എത്തിയിരിക്കുകയാണ് മണിയൻ പിള്ള രാജു. ആലപ്പി അഷ്റഫുമായുള്ള ഫോൺ സംഭാഷണത്തിനിടെയാണ് ടിനി ടോമിനെതിരെ മണിയൻ പിള്ള രാജു പ്രതികരിച്ചത്.
ടിനി ടോമിന് എതിരെ രൂക്ഷമായ ഭാഷയിലാണ് മണിയൻ പിള്ള രാജു പ്രതികരിച്ചത്, വാക്കുകൾ ഇങ്ങനെ, ഇവനൊന്നും നസീർ സാറിനെ കണ്ടിട്ട് പോലുമില്ല. ഞാൻ നസീർ സാറിനൊപ്പം പതിനഞ്ചോളം പടങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. നസീർ സാറിനെപ്പോലെ ദൈവ തുല്യനായ ഒരാളെ അതിന് മുമ്പോ ശേഷമോ കണ്ടിട്ടില്ലെന്ന് ഞാൻ പലപ്പോഴും അഭിമുഖങ്ങളിൽ പറഞ്ഞിട്ടുണ്ട്. നസീർ സാറുമായി ബന്ധപ്പെട്ട ചടങ്ങുകളിൽ പങ്കെടുത്ത് പ്രസംഗിക്കുന്നയാളുമാണ് ഞാൻ. ടിനി ടോം മുമ്പും മണ്ടത്തരങ്ങൾ പറഞ്ഞ് വിവാദങ്ങളിൽ ഉൾപ്പെട്ടിട്ടുണ്ട്.

ഇത്രയും നല്ലൊരു വ്യക്തിയെ കുറിച്ച് എന്തിന് ഇങ്ങനെ മോശം പറയുന്നുവെന്ന് കേട്ടപ്പോൾ തോന്നി. ഇവന് ഭ്രാന്താണെന്ന് തോന്നുന്നു. മരിച്ച് പോയൊരാളാണ് അദ്ദേഹം. നസീർ സാറെന്ന് പറഞ്ഞാലെ റെക്കോർഡാണ്. ഏറ്റവും കൂടുതൽ സിനിമകളിൽ അഭിനയിച്ച വ്യക്തി, ഏറ്റവും കൂടുതൽ നായികമാർക്കൊപ്പം അഭിനയിച്ച വ്യക്തി അങ്ങനെ… ഞാൻ ഒരിക്കലും നസീർ സാറിനെ കുറിച്ച് അങ്ങനെ പറയില്ല.
അദ്ദേഹത്തെ സ്നേഹിക്കുന്നവരെല്ലാം ടിനിയെ കല്ലെറിയും. വാക്കുകൾ പിൻവലിച്ച് ടിനി മാപ്പ് പറയുകയാണ് വേണ്ടത്. ആരൊക്കയോ കേസ് കൊടുക്കാൻ പോവുകയാണെന്ന് കേട്ടു. എല്ലാവർക്കും അറിയാം ഞാൻ അങ്ങനെ പറയില്ലെന്ന്. രണ്ട് പടം കിട്ടിയാൽ പരിസരം മറന്ന് പഴയ കാര്യങ്ങളെല്ലാം മറക്കുന്നവരാണ് ഇവരൊക്കെ. പക്ഷെ ഇങ്ങനൊന്നും ചെയ്യാൻ പാടില്ലെന്നും മണിയൻ പിള്ള രാജു പറഞ്ഞു.
അതുപോലെ ഭാഗ്യലക്ഷ്മിയും ടിനിക്ക് എതിരെ രംഗത്ത് വന്നിരുന്നു, അദ്ദേഹത്തെ അവസാന നിമിഷത്തിലെല്ലാം താൻ വീട്ടിൽ പോയി കണ്ടിട്ടുള്ളതാണെന്നും, ആ സമയത്ത് അദ്ദേഹം വീട്ടുകാരോടൊപ്പം വളരെ സന്തോഷമായിട്ടാണ് കഴിഞ്ഞിരുന്നത് എന്നും അറിയാത്ത കാര്യങ്ങൾ വിളിച്ച് പറയരുത് എന്നുമാണ് ഭാഗ്യലക്ഷ്മി പറഞ്ഞത്.
Leave a Reply