
‘നസീർ വരെ വിളിച്ചിരുന്നത് ഭരതൻ മാഷേ എന്നായിരുന്നു’ ! നന്മകൊണ്ട് ഏവരെയും കീഴ്പ്പെടുത്തിയ മനുഷ്യൻ ! അതുല്യ പ്രതിഭ അരങ്ങൊഴിഞ്ഞിട്ട് ഏഴ് വർഷം, ആ കലാജീവിതം ഇങ്ങനെ !!
മലയാള സിനിമയുടെ കാരണവന്മാരിൽ ഒരാൾ, അതുല്യ പ്രതിഭ പറവൂർ ഭരതൻ. കൊമ്പൻ മീശ വെച്ചുകൊണ്ട് മലയാളികളെ ചിരിപ്പിച്ച നടൻ, ‘ഇത്രയും നാൾ ഇതുവഴി നടന്നിട്ടും ഇങ്ങനെ ഒരു മരം അവിടെ നിൽക്കുന്നത് ഞാൻ ഇതുവരെ കണ്ടിട്ടില്ല അങ്ങുന്നേ’ എന്ന ഒരൊറ്റ ഡയലോഗ് മാത്രം മതി നമ്മൾ എന്നും ഈ മികച്ച കലാകാരനെ ഓർത്തിരിക്കാൻ. നാടക വേദികളിലും സിനിമകളിലും തിളങ്ങി നിന്ന അദ്ദേഹം തന്റെ വാർദ്ധക്യസഹജമായ ബുദ്ധിമുട്ടുകൾ കാരണം മനപ്പൂർവം കലാരംഗത്തുനിന്നും ഒഴിഞ്ഞു മാറുകയായിരുന്നു. ശേഷം തന്റെ കൊച്ചു വീട്ടിൽ അവസാന കാലം വിശ്രമിക്കാൻ ആഗ്രഹിച്ചു.
ദാരിദ്ര്യവും കലയും ആയിരുന്നു ഭരതൻ എന്ന നടന്റെ കൂടെപ്പിറപ്പുകൾ. കുടുംബ പ്രാരാബ്ധം കൂടിയപ്പോൾ പഠനം പാതിവഴിയിൽ ഉപേക്ഷിച്ചു നാടകത്തട്ടിൽ സ്ഥാനം നേടിയിരുന്നു. ജീവിക്കണമെങ്കില്‍ ജോലിക്കു പോകണം. എങ്കിലും മനസിലെ അഭിനയമോഹം വിട്ടുകളയാന്‍ കഷ്ടപ്പാടുകള്‍ക്കിടയിലും തോന്നിയിരുന്നില്ല. നാട്ടിലെ നാടകട്രൂപ്പുകളില്‍ അഭിനയിച്ചു; ഒഴിവുസമയങ്ങളില്‍ മറ്റു ജോലികള്‍ക്കു പോയി. അങ്ങനെ ജീവിതം കടന്നുപോകുന്നതിനിടയിലാണ് വിജയഭാനു എന്ന സൃഹൃത്ത് ഭരതന് സിനിമയിലേക്ക് വഴിയൊരുക്കിയത്. ആ സുഹൃത്തിന്റെ വാക്ക് വെറുതെയായില്ല.
രക്തബന്ധം എന്ന നാടകം സിനിമ ആയപ്പോൾ, അതിൽ ഒരു ചെറിയ ഒരു ബാങ്ക് പ്യൂണിന്റെ വേഷം അദ്ദേഹം ചെയ്തു, അതിന്റെ പ്രതിഭലാമായ അൻപതുരൂപ കയ്യിൽ കിട്ടിയപ്പോൾ ഈ ലോകം തന്നെ എഴുതി വാങ്ങിക്കാനുള്ള സമ്പത്ത് തനിക്ക് ഉണ്ട് എന്ന ഒരു തോന്നലായിരുന്നു തനിക്കെന്ന് അദ്ദേഹം പറഞ്ഞിരുന്നു. ശേഷം പതുക്കെ പതുക്കെ സിനിമയിൽ ചെറിയ വേഷങ്ങളിൽ തിളങ്ങാൻ തുടങ്ങി. ഇന്നത്തെ പോലെ സിനിമ മേഖല ഇത്ര സുഖകരമായിരുന്നില്ല, അഭിനേതാക്കൾ മുതൽ ലൈറ്റ് ബോയ് വരെ ഒരുപാട് കഷ്ടപ്പാട് അനുഭവിച്ചിരുന്നു. നസീർ സാറുമായി നല്ല അടുപ്പമായിരുന്നു.

പകുതിക്ക് വെച്ച് വീണ്ടും നാടകത്തിൽ സജീവമായി, സിനിമയുടെ ഗ്ലാമര്‍ ഒപ്പമുണ്ടായിരുന്നതുകൊണ്ട് നാടകലോകത്ത് കൂടുതല്‍ പ്രശസ്തി കിട്ടി. നാടകാഭിനയം തുടര്‍ന്നെങ്കിലും മനസ് സിനിമയില്‍ ഉറച്ചുപോയിരുന്നു. തിരിച്ചു സിനിമയിലേക്കുള്ള വിളി കാത്തിരുന്നു. ഒടുവിൽ കള്ളക്കടത്തുകാരന് കാദര്‍. ആദ്യത്തെ വില്ലന്‍ വേഷവും അതായിരുന്നു. സിനിമാലോകത്ത് പറവൂര്‍ ഭരതന് എന്ന നടന് കാലുറപ്പിച്ച് നില്ക്കാന് തുടങ്ങിയത് ആ വേഷത്തോടെയാണ്. ആ ചിത്രത്തോടെ ഭരതനെ അവസരങ്ങള്‍ തേടിവരാന്‍ തുടങ്ങി. തടിച്ചുരുണ്ട ശരീരവും കപ്പടാമീശയും വലിയ കണ്ണുകളുമായി പറവൂര്‍ ഭരതന് പ്രേക്ഷമനസിലേക്ക് നടന്നുകയറുകയായിരുന്നു, പിന്നീടൊരിക്കലും തിരച്ചിറങ്ങേണ്ടാത്തവിധം.
എല്ലാവരോടും സ്നേഹം നിറഞ്ഞ എളിമയുള്ള സ്വഭാവം ആയതുകൊണ്ടുതന്നെ അദ്ദേഹത്തോട് എല്ലാവർക്കും സ്നേഹമായിരുന്നു. നസീർ സാർ അദ്ദേഹത്തെ വിളിച്ചിരുന്നത് ‘ഭരതന്‍മാഷേ’ എന്നായിരുന്നു. സിനിമയില്‍ നസീറിനെക്കാള്‍ സീനിയറാണ് ഭരതന്. നസീറിന്റെ ആദ്യം ചിത്രമായ മരുമകള്‍ ഭരതന്റെ മൂന്നാമത്തെ ചിത്രമായിരുന്നു. സിനിമയില്‍ ഞാനാണ് അദ്ദേഹത്തെക്കാള്‍ സീനിയറെങ്കിലും, സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും കാര്യത്തില്‍ എന്റെ മാത്രമല്ല, ഇന്നോളമുള്ള മലയാള നടന്മാരെക്കാളൊക്കെ എത്രയോ മുകളിലാണ് അദ്ദേഹത്തിന്റെ സ്ഥാനമെന്നായിരുന്നു ഭരതന് നസീറിനെക്കുറിച്ച് പറഞ്ഞിരുന്നത്.
അതുപോലെ കറകളഞ്ഞ കമ്യൂണിസ്റ്റുകാരായിരുന്നു ഭരതനും ശങ്കരാടിയും. വൃത്തിയുടെ കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയും നടത്താത്ത ഭരതനെ വൃത്തിയുള്ള കമ്യൂണിസ്റ്റ് എന്നാണ് ശങ്കരാടി വിളിച്ചിരുന്നത്. നാടകത്തില്‍ തന്റെ ജോടിയായി അഭിനയിച്ച തങ്കമണിയെയാണ് ജീവിതത്തിലും ഭരതന് നായികയാക്കിയത്. സിനിമയുടെ തിരക്കുകൾക്ക് ഇടയിലും കുടുംബത്തിനും പ്രാധാന്യം കൊടുക്കുന്ന ആളായിരുന്നു. രണ്ടു മക്കൾ, മധുവും പ്രദീപും. അച്ഛനുവേണ്ടി ജീവിതം ഉഴിഞ്ഞുവെച്ച മകനായിരുന്നു മധു, വിവാഹം കഴിക്കാൻ താൻ മറന്നുപോയി എന്നാണ് അദ്ദേഹം പറയുന്നത്. ഇപ്പോൾ അമ്മയെ ശിശ്രൂഷിക്കുന്നു. മകൻ സിനിമയിൽ വരാണെമെന്ന് തങ്കമണി ആഗ്രഹിച്ചിരുന്നു എങ്കിലും അത് സാധിച്ചിരുന്നില്ല.
Leave a Reply