ഒരുപാട് വൈകി.. എങ്കിലും അവസാനം തേടി എത്തിയല്ലോ, രാജ്യത്തിനായി അക്ഷീണം പോരാടിയ ഈ മനുഷ്യൻ പദ്മ അർഹിക്കുന്നു..! ഐ എം വിജയന് കൈയ്യടിച്ച് മലയാളികൾ !

കഴിഞ്ഞ ദിവസം രാജ്യം പദ്മ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചത്. ഇത്തവണയും കേരളത്തിൽ നിന്നുള്ള നിരവധി പ്രതിഭകൾ പുരസ്‌കാരണത്തിന് അർഹരായിട്ടുണ്ട്. ആ കൂട്ടത്തിൽ മലയാളികളെ ഏറ്റവുമധികം ആകർഷിച്ചത് ഐ എം വിജയന് ലഭിച്ച പദ്മശ്രീയാണ്. മലയാളികൾ അദ്ദേഹത്തിന്റെ വിജയത്തിൽ വളരെ സന്തോഷിക്കുന്ന കാഴ്ചയാണ് ഇപ്പോൾ കാണാൻ കഴിയുന്നത്. ഐ എം വിജയന്‍ ആറാം ക്ലാസില്‍ പഠിക്കുമ്പോള്‍ കൂലിപ്പണിക്കാരനായ അച്ഛന്‍ മണി എന്നത്തേയും പോലെ വൈകിട്ട് സൈക്കിളില്‍ റേഷന്‍ കടയില്‍ പോയി. പിന്നീട് വിജയന്‍ കണ്ടത് അച്ഛന്റെ ചേതനയറ്റ ശരീരമായിരുന്നു. ജീവിതത്തോടുള്ള പോരാട്ടം അവിടെ തുടങ്ങുന്നു. തൃശൂര്‍ തേക്കിന്‍കാട് മൈതാനത്ത് സോഡയും മറ്റും വിറ്റാണ് വിജയന്‍ പഠിക്കാനുള്ള പണം കണ്ടെത്തിയത്.

അങ്ങനെ ആ ഫെഡറേഷന്‍ കപ്പ് ജയിച്ചപ്പോള്‍ മികച്ച പ്ലെയര്‍ക്കുള്ള ബ്ലാക്ക് & വൈറ്റ് ടിവി സൂക്ഷിക്കാന്‍ കോലോത്തുമ്പാടത്തെ ആ ഓല മേഞ്ഞ വീട്ടില്‍ സ്ഥലമുണ്ടായിരുന്നില്ല. ഈയൊരു സമയത്ത്, തന്റെയും കുടുംബത്തിന്റെയും ബുദ്ധിമുട്ടുകള്‍ മറികടക്കാന്‍ ഉള്ള ഏക ആശ്രയം തനിക്ക് ജന്മസിദ്ധമായ ഫുട്‌ബോള്‍ കളിക്കാനുള്ള കഴിവാണെന്ന് തിരിച്ചറിഞ്ഞുകഴിഞ്ഞ വിജയനെ, ഇന്ത്യയിലെ നമ്പര്‍ വണ്‍ ക്ലബായ മോഹന്‍ ബഗാന്‍ കാത്ത് നില്‍ക്കുന്നുണ്ടായിരുന്നു. പോലീസിനെയും കേരളത്തെയും വിട്ട് കൊല്‍ക്കത്തക്ക് വണ്ടി കയറുമ്പോള്‍ മലയാളികള്‍ മുഴുവനും തള്ളിപ്പറഞ്ഞെങ്കിലും കൂടെ നിന്നത് മുഖ്യമന്ത്രി കരുണാകരനായിരുന്നു. കൊല്‍ക്കത്തയിലെ മാത്രമല്ല ഇന്ത്യന്‍ ഫുട്‌ബോള്‍ ലോകത്തെ തന്നെ ആവേശമായ ‘കാലോ ഹരിണ്‍’ ഉദയം കൊണ്ടത് ഇങ്ങനെയാണ്.

തൊണ്ണൂറുകളിൽ ഇന്ത്യന്‍ ഫുട്‌ബോള്‍ പ്രൊഫഷണലിസത്തിന്റെ സൂചനകൾ കാണിച്ചു തുടങ്ങിയ സമായത്ത് അന്ന് രാജ്യത്തെ ഏറ്റവും വിലപിടിപ്പുള്ള കാലുകള്‍ ഈ കോലോത്തുമ്പാടത്തുകാരന്റേതായിരുന്നു. 1993 ലെ നഹ്‌റു കപ്പില്‍ റോജര്‍ മില്ലയുടെ കാമറൂണിനെതിരെയുള്ള ലോങ് റേഞ്ചര്‍ ഗോള്‍, 99 സാഫ് കപ്പില്‍ ഭൂട്ടാനെതിരെ നേടിയ 12-ാം സെക്കന്റിലെ, ഇന്നും ഇന്ത്യന്‍ റെക്കോര്‍ഡായ ഗോള്‍, ജെസിടിക്ക് വേണ്ടി നേടിയ ബൈസിക്കിള്‍ കിക്ക് ഗോള്‍ എന്നിവ ഏതെങ്കിലും ഫുട്‌ബോള്‍ പ്രേമി മറക്കുമെന്ന് തോന്നുന്നില്ല.

കരിയറിന്റെ ഏറ്റവും മികച്ച അവസരത്തിൽ മലേഷ്യയില്‍ നിന്നും തായ്‌ലാന്റില്‍ നിന്നും ഓഫറുകള്‍ വന്നെങ്കിലും, ഇന്ത്യന്‍ ഫുട്‌ബോളില്‍ ഉറച്ചു നിന്ന വിജയന്‍ ബഗാന്‍, ജെസിടി, ഈസ്റ്റ് ബംഗാള്‍, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, മഹീന്ദ്ര, എ ഇ കൊച്ചിന്‍ തുടങ്ങിയവര്‍ക്ക് വേണ്ടി തന്റെ ഇരുപതോളം വര്‍ഷം നീണ്ട കരിയറില്‍ കളിച്ചു. 79 തവണ ഇന്ത്യക്ക് വേണ്ടി കളിച്ച് 40 ഗോള്‍ നേടി. ആകെ 330 മത്സരങ്ങളില്‍ 250 ഗോളുകള്‍ നേടി. ബൈച്ചുങ് ബൂട്ടിയക്കൊപ്പം ഇന്ത്യ കണ്ട ഏറ്റവും മികച്ച സ്‌ട്രൈക്കര്‍ ആയി. ഇതിനെല്ലാം തുടക്കമായത് വിജയന്റെ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ പരിശീലനമായിരുന്നു..

2003 ൽ അദ്ദേഹത്തെ രാജ്യം അര്‍ജുന അവാര്‍ഡ് നൽകി ആദരിച്ചു. തന്റെ അമ്മ ബുദ്ധിമുട്ടി ജോലി ചെയ്ത കാലത്ത്, താന്‍ സോഡ വിറ്റു നടന്ന് കളി പഠിച്ച തൃശൂര്‍ കോര്‍പ്പറേഷന്‍ സ്റ്റേഡിയത്തിലെ ഒരു ബ്ലോക്കിന് ഇന്ന് വിജയന്റെ പേരാണ്. പലരും പറയുന്ന പോലെ, ഇന്ത്യയ്ക്ക് പുറത്ത്, ഫുട്‌ബോള്‍ വേരോട്ടമുള്ള നാട്ടില്‍ ജനിച്ചെങ്കില്‍ എത്രയോ ഉയരങ്ങളില്‍ എത്തേണ്ട പ്രതിഭ. ഈ പ്രായത്തിലും ഗ്രൗണ്ട് പറഞ്ഞു കൊടുത്താല്‍ അവിടെ വന്നു കളിക്കുന്ന കമിറ്റ്‌മെന്റ്. വലിപ്പച്ചെറുപ്പമില്ലാതെ കളിക്കാരെ പ്രോത്സാഹിപ്പിക്കുന്ന, പുതിയ പ്രതിഭകള്‍ക്കായി ഫുട്‌ബോള്‍ അക്കാഡമി സ്വന്തമായി തുടങ്ങിയ, ആദ്യം ജോലി തന്ന കേരളാ പോലീസിനെയും ഗുരുനാഥന്‍ എം കെ ജോസഫിനെയും മറക്കാത്ത ഇന്ത്യന്‍ ഫുട്‌ബോള്‍ ഇതിഹാത്തിന് രാജ്യം ഇപ്പോൾ പദ്മശ്രീ നൽകി ആദരിക്കുമ്പോൾ അഭിമാനം കൊള്ളുന്നത് ഓരോ മലയാളിയുമാണ്..

Leave a Reply

Your email address will not be published. Required fields are marked *