
“എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്” പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്ന ലാലേട്ടൻ ! മധുരമുള്ള ഓർമകളുമായി ഇർഷാദ് !
മലയാള സിനിമയിൽ നായകനായും സഹ നടനായും വില്ലനായും എല്ലാം ഏറെ തിളങ്ങിയ നടനാണ് ഇർഷാദ്. ഇപ്പോഴിതാ മോഹൻലാലിനൊപ്പം ‘തുടരും’ അഭിനയിച്ചതിന്റെ കുറിച്ചും ലാലേട്ടനോടൊപ്പം തനിക്ക് ഉണ്ടായിട്ടുള്ള മധുരമുള്ള ഓർമ്മകളും പങ്കുവെക്കുകയാണ് ഇർഷാദ്. അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, 1987 മെയ് മാസത്തിലെ ഒരു വേനൽ കാലത്താണ് ഞാൻ ആദ്യമായി മോഹൻലാൽ എന്ന താര രാജാവിനെ കാണുന്നത്. ‘ഇരുപതാം നൂറ്റാണ്ട്’എന്ന മോഹൻലാൽ സിനിമ കാണാൻ തിക്കിത്തിരക്കി വന്നവരാണ്.ഗേറ്റ് തുറന്ന് ഓട്ടത്തിനിടയിൽ വീണപ്പോൾ കിട്ടിയ മുട്ട് പൊട്ടിയ നീറ്റലോടെ ഞാൻ ടിക്കറ്റ് ഉറപ്പായൊരു പൊസിഷനിൽ എത്തിയിരുന്നു. ചോര പൊടിഞ്ഞ പോറലും കൊണ്ട് ക്യൂ നിക്കുമ്പോൾ പെട്ടെന്ന് മോഹൻലാൽ മോഹൻലാൽ എന്നൊരു ആരവം..
അത് മോഹൻലാൽ വന്ന ബഹളമാണ്, ആൾക്കൂട്ടത്തിനിടെ ഏന്തി വലിഞ്ഞും കൊണ്ട് നോക്കി. ആ നട്ടുച്ച വെയിലിലാണ്, ഒരു ലോങ്ങ് ഷോട്ടിൽ മിന്നായംപോലെ ഞാനാ രൂപം ആദ്യമായ് കാണുന്നത്. പിന്നീട് കാണുന്നത് നരസിംഹത്തിന്റെ സെറ്റിൽ വെച്ച്.. അപ്പോഴേക്കും സിനിമയാണെന്റെ അന്നം എന്ന് ഞാൻ തീരുമാനിച്ച് ഉറപ്പിച്ചിരുന്നു. ചെറിയ വേഷങ്ങളിലൂടെ എങ്ങനെയെങ്കിലും സിനിമയിൽ കാലുറപ്പിക്കാനുള്ള തീവ്ര ശ്രമത്തിനിടെ രഞ്ജിത്ത് എന്ന മനുഷ്യന്റെയും അഗസ്റ്റിന്റെയും സ്നേഹ സമ്മാനമായിരുന്നു ആ വേഷം. കൂട്ടത്തിലൊരാളായ് ചെന്നു.ആദ്യത്തെ കൂടിക്കാഴ്ച്ച വെച്ച് ചെറിയൊരു വ്യത്യാസമുണ്ട്. ഇക്കുറി മോഹൻലാൽ എന്നെയും കണ്ടു. അതു കഴിഞ്ഞും പ്രജയിൽ സാക്കിർ ഹുസൈനിന്റെ ഡ്രൈവറായി നിന്ന് ഒടുവിൽ ഒറ്റിക്കൊടുത്തിട്ടുണ്ട്. പരദേശിയിൽ സ്നേഹ നിധിയായ അച്ഛനെ അതിർത്തി കടത്തേണ്ടി വന്നിട്ടുണ്ട്.

പിന്നീട് ദൃശ്യം ബിഗ് ബ്രദർ, ഒടുവിലിപ്പോൾ തരുൺ മൂർത്തിയുടെ ഷാജിയായ് ഷണ്മുഖനൊപ്പം വളയം പിടിക്കാൻ, കഴിഞ്ഞ വേനലിൽ, തുടരും സിനിമയുടെ ഷൂട്ടിനിടയിൽ പരിക്ക് പറ്റിയ കാലുമായ്”വെയിലിൽ നനഞ്ഞും മഴയിൽ പൊള്ളിയും” എന്ന എന്റെ പുസ്തകം കൊടുക്കാൻ വേച്ചു വേച്ച് മുറിയിൽ ചെന്ന എന്നെ നോക്കിക്കൊണ്ട് സ്നേഹം നിറഞ്ഞ ശാസനയോടെ “എന്താ ഇർഷാദേ ഇത്, ചെരുപ്പിടാതെയാണോ നടക്കുന്നതെന്ന്” പറഞ്ഞു സ്വന്തം ചെരിപ്പഴിച്ചു തന്നപ്പോഴും,പിറ്റേന്ന് അത്രയും ചേർന്നു നിന്ന് എണ്ണമറ്റ ഫോട്ടോസ് എടുത്തപ്പോഴും ലാലേട്ടന്റെ പിറന്നാൾ മധുരം വായിൽ വെച്ചു തന്നപ്പോഴും ഞാനോർക്കുകയായിരുന്നു.
ഇതെല്ലം നടന്നത് ഒരേ വേനലിൽ. ഒരേ പൊള്ളുന്ന ചൂടിൽ. പക്ഷേ ഒരു മാറ്റമുണ്ട്. അന്ന് ആൾക്കൂട്ടത്തെ വകഞ്ഞു മാറ്റിക്കൊണ്ട് മോഹൻലാലിനെ ഒരുനോട്ടം കണ്ടെന്ന് വരുത്തിയ മെലിഞ്ഞുന്തിയ ചെറുക്കൻ, പിന്നീടുള്ള ഓരോ കൂടികാഴ്ചയിലും കണ്ടത് ലാലേട്ടനെയാണ്. എന്നിട്ടും,പണ്ട് നീറ്റുന്ന കാലുമായ് നോക്കി നിന്ന അതേ അതിശയം തന്നെ, എനിക്ക് മോഹൻലാൽ, പ്രിയമുള്ളവരേ…സിനിമ ശ്വസിച്ചും സിനിമയെ പ്രണയിച്ചും ഞങ്ങളിവിടെ തുടരാൻ തുടങ്ങിയിട്ട് നാളുകളായി…നിങ്ങളുടെ സ്നേഹവും പിന്തുണയുമാണ് ഞങ്ങളെ ഇവിടെ നിലനിർത്തുന്നത്. നിങ്ങളുടെ ചേർത്തുപിടിക്കൽ “തുടർ”ന്നാൽ ഞങ്ങളിവിടെ “തുടരു”ക തന്നെ ചെയ്യും. എന്നും ഇർഷാദ് കുറിച്ചു…
Leave a Reply