രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരരുത് എന്നാണ് ! ഒരുപാട് കഷ്ടപ്പെട്ടാണ് മക്കളെ വളർത്തിയത് ! അന്നത്തെ ആ വാക്കുകൾ

മലയാളികൾക്ക് എന്നും ഏറെ പരിചിതനായ അഭിനേത്രിയായിരുന്നു മീന ഗണേഷ്. നടൻ കലാഭവൻ മണിയുടെ അമ്മ വേഷങ്ങളിൽ കൂടിയാണ് പ്രേക്ഷകർക്കിടയിൽ കൂടുതൽ ശ്രദ്ധ നേടിയത്. ഇപ്പോഴിതാ മീന ഗണേഷും ഈ ലോകത്തോട് വിടപറഞ്ഞിരിക്കുകയാണ്.  81 വയസായിരുന്നു. ഇന്ന് പുലർച്ചെ ഷൊർണൂർ പി കെ ദാസ് ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു ഇവർ. വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, നന്ദനം,മീശമാധവൻ, കരുമാടിക്കുട്ടൻ എന്നീ സിനിമകളിൽ ശ്രദ്ധേയമായ വേഷം അവതരിപ്പിച്ചു മീന 1976 മുതൽ സിനിമ സീരിയൽ രംഗത്ത് സജീവമായി.

നിരവധി സീരിയലുകളും അതുപോലെ നാടകങ്ങളിലും മീന തിളങ്ങിയിട്ടുണ്ട്, എന്നാൽ വ്യക്തി ജീവിതത്തിൽ ഏറെ പ്രതിസന്ധികൾ അതിജീവിച്ച ആളുകൂടിയാണ് മീനാമ്മ. പലപ്പോഴും അത് തുറന്ന് പറഞ്ഞിരുന്നു, അത്തരത്തിൽ ആ അമ്മയുടെ ചില വാക്കുകൾ ഇങ്ങനെ, എന്റെ ഭര്‍ത്താവ് മരിച്ചതോടെ ഒറ്റയ്ക്കായി. ഇപ്പോള്‍ നടക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയിലാണ്. അമ്മ സംഘടനയിൽ നിന്നും കൈനീട്ടം ലഭിക്കുന്നുണ്ട്. മരുന്ന് കഴിക്കലൊക്കെ അങ്ങനെ കഴിഞ്ഞ് പോകുന്നു. മകൾ പാലക്കാടുണ്ട്.

മകനുമായി ഇടക്ക് വലിയ വഴക്കൊക്കെ നടന്നിരുന്നു, അവൻ ഇപ്പോൾ   സീരിയലിന്റെ ഡയറക്ടറാണ്. അപ്പുറത്ത് വാടകയ്ക്ക് താമസിക്കുന്നു. ഈ വീട്ടിൽ എനിക്ക് സഹായത്തിന് ഒരു സ്ത്രീ വരും. മകൾ എന്നെ അങ്ങോട്ട് വിളിക്കുന്നുണ്ട്. പക്ഷെ വീട് വിട്ട് പോകാൻ മനസിനൊരു ബുദ്ധിമുട്ട്. എന്റെ ഭർത്താവ് മരിച്ചിട്ട് 15 വർഷമായി. മൂപ്പര് പോയതിൽ പിന്നെ എന്റെ കഷ്ടകാലം ആരംഭിച്ചു. എവിടെ പോകുവാണെങ്കിലും എന്റെ കൂടെ ഉണ്ടാകുമായിരുന്നു. അദ്ദേഹം പോയതോടെ എന്റെ ബലം പോയി.

ആരോഗ്യപരമായി ഞാൻ വളരെ അവശയാണ്, ഇപ്പോൾ എനിക്ക് ജീവിച്ച് മതിയായി, രാത്രി കിടക്കുമ്പോൾ പ്രാർത്ഥിക്കുന്നത് രാവിലെ ഉണരുത് എന്നാണ്. കാരണം ജീവിതം മടുത്തു. ഒരുപാട് കഷ്ടപ്പെട്ടാണ് ഞാൻ വളർന്നതും വലുതായതും. 39 വർഷം ഞാനും ഭർത്താവും സന്തോഷമായി ജീവിച്ചു. രണ്ട് മക്കളുമുണ്ടായി. അവരെ നല്ല അന്തസായി വളർത്തി. മകളും മരുമകനും എന്നെ നോക്കും. പക്ഷെ ഈ വീട് വിട്ട് പോകാൻ മനസനുവദിക്കുന്നില്ല.. മകനും മരുമകളും എന്നെ ഒരുപാട് ദ്രോഹിച്ചിട്ടുണ്ട്.

സിനിമ ജീവിതത്തിൽ എനിക്ക് ഏറ്റവും വലിയ സഹായമായിരുന്നത് കലാഭവൻ മണി ആയിരുന്നു, അഭിനയിക്കാൻ പോകുമ്പോൾ എന്റെ കൂടെ ഭർത്താവുണ്ടാകും. ഞങ്ങൾ ലൊക്കേഷനിലേക്ക് പോയതും വന്നതും മണിയുടെ വണ്ടിയിലാണ്. അമ്മ എന്നേ വിളിക്കുമായിരുന്നുള്ളൂ. ഏഴ് സിനിമ മണിയുടെ കൂടെ ചെയ്തിട്ടുണ്ട്. മണി മരിച്ചപ്പോൾ കാണാൻ പോയിട്ടില്ല. ആ കാഴ്ച കാണാനുള്ള ശക്തി ഇല്ലായിരുന്നു, പിന്നെ എനിക്കും വയ്യാരുന്നു എന്നും മീന ഗണേഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *