എത്ര കെടുത്താൻ ശ്രമിച്ചാലും അതത്ര വേഗം കെട്ടുപോകില്ല, അടിച്ചമര്‍ത്തപ്പെട്ടവന്റെ ശബ്ദമാണ് വേടന്റേത് ! പ്രേം കുമാർ

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒരു  വിഷയമാണ് വേടന്റേത്. വേടനെ അനുകൂലിച്ചും വിമർശിച്ചും നിരവധി പേരാണ് എത്തുന്നത്. ഇപ്പോഴിതാ വേടന് പിന്തുണയുമായി നടനും ചലച്ചിത്ര അക്കാദമിയുടെ ചെയർമാനുമായ പ്രേം കുമാർ. വേടനില്‍ ഒരു തീയുണ്ട്. കാലം ആവശ്യപ്പെടുന്ന തീ…നീതി നിഷേധങ്ങൾക്കെതിരെ ആളിപ്പടരുന്ന തീ…കാലം കരുതിവച്ചതാണത്. എത്ര കെടുത്താൻ ശ്രമിച്ചാലും അതത്ര വേഗം കെട്ടുപോകില്ല. വിവേചനങ്ങളെ വെല്ലുവിളിക്കുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതിയുണരുന്ന, അടിച്ചമര്‍ത്തപ്പെട്ടവന്റെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ഉയർത്തെഴുന്നേൽപ്പിന്റെ ശബ്ദമാണ് വേടന്റേത്. പ്രേം കുമാർ കുറിച്ചു.

അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂര്ണരൂപമിങ്ങനെ, വേടനില്‍ ഒരു തീയുണ്ട്. കാലം ആവശ്യപ്പെടുന്ന തീ… നീതി നിഷേധങ്ങൾക്കെതിരെ ആളിപ്പടരുന്ന തീ, കാലം കരുതിവച്ചതാണത്.  എത്ര കെടുത്താൻ ശ്രമിച്ചാലും അതത്ര വേഗം കെട്ടുപോകില്ല. വിവേചനങ്ങളെ വെല്ലുവിളിക്കുന്ന ഉച്ചനീചത്വങ്ങൾക്കെതിരെ പൊരുതിയുണരുന്ന, അടിച്ചമര്‍ത്തപ്പെട്ടവന്റെയും അരികുവൽക്കരിക്കപ്പെട്ടവരുടെയും ഉയർത്തെഴുന്നേൽപ്പിന്റെ ശബ്ദമാണത്. ഓർമകളുടെ കൊള്ളിയാൻ വെട്ടമിരമ്പുന്ന ആ ശബ്ദം ഇരകളാക്കപ്പെട്ടവരോടുള്ള ഐക്യദാര്‍ഢ്യമാണ്. വ്യസനകാലങ്ങളുടെ കരിമ്പടമഴിച്ച് അരുണകാലത്തിൻ്റെ തീമഴയിൽ നനഞ്ഞ് ഇന്ദ്രനീലത്തിര തീർക്കുന്ന ആ ശബ്ദത്തിന് കൊടുംകാറ്റിന്റെ കരുത്തും പ്രഹരശേഷിയുമുണ്ട്, അതിനെ നിശ്ശബ്ദമാക്കരുത്.

അയാളുടെ വാക്കുകളിൽ വരികളിൽ വ്യക്തമായ രാഷ്ട്രീയമുണ്ട്, മനുഷ്യപക്ഷം നിൽക്കുന്ന കൃത്യമായ രാഷ്ട്രീയം. വിഭജനത്തിൻ്റെ അശ്ലീലച്ചുവകളെ സ്നേഹത്തിൻ്റെ അമ്ലലായനിയിൽ മുക്കിയെടുത്ത വാക്കുകൾ കൊണ്ട് പുതുചരിത്രം രചിക്കുന്ന അയാൾ കനിവഴിഞ്ഞ കാലത്തെ കിഴുക്കിയുണർത്തുന്ന ശരിപക്ഷത്തിൻ്റെ കാവൽക്കാരനാണ്. ലഹരിയുടെ കാര്യത്തില്‍ നിയമം നിയമത്തിന്റെ വഴിക്ക് പോട്ടെ. തെറ്റ് തിരുത്താൻ അയാൾക്ക് അവസരം നൽകണം, സ്വയം തിരുത്താൻ അയാൾ തയ്യാറാവുകയും വേണം. മയക്കുമരുന്നുകൾക്കടിമപ്പെട്ട സർഗാത്മകത” മൗലികമല്ല എന്ന് അയാൾ തിരിച്ചറിയണം.

പ്രതിഭയെ ധൂർത്തടിക്കുന്നവർ സമൂഹത്തിന് ബാധ്യതയാണെന്നും ഓർക്കണം. ഒരിക്കലും കുനിഞ്ഞു പോകേണ്ട ശിരസ്സല്ല അയാളുടേത്, സംഗീതത്തെ ആയുധമാക്കി യുവതയുടെ നെഞ്ചകത്ത് ഇടം നേടിയ പ്രതിഭയാണ് അയാൾ. യുവത്വത്തെ സ്വാധിനിക്കാനുള്ള മാന്ത്രിക ശക്തിയുണ്ട് ആ പാട്ടുകൾക്കും ആ സംഗീതത്തിനും. ലഹരിവിരുദ്ധപ്രചാരണങ്ങൾക്ക് ഇന്ധനമാകാൻ.. ഉർജ്ജമേകാൻ അത് ഉപയോഗിക്കണം. തിരുത്തപെടുന്ന അയാൾ ലഹരിക്കെതിരെയുള്ള പ്രവത്തനങ്ങളുടെ മുന്നണി പോരാളിയാകണം.വേടൻ്റെ ശബ്ദത്തിൽ പ്രതീക്ഷാ നിർഭരമായ ഒരു കാലം ജ്വലിച്ചു നിൽപ്പുണ്ട് പ്രേം കുമാർ കുറിച്ചു.

Leave a Reply

Your email address will not be published. Required fields are marked *