17 വർഷമായി കൂടെയുള്ള ഡ്രൈവർക്ക് സ്വന്തമായൊരു വീട് വെച്ചുനൽകി ശ്രീനിവാസൻ ! വിഷു കൈനീട്ടം

മലയാളികൾക്ക് എന്നും ഏറെ പ്രിയങ്കരനായ കുടുംബമാണ് ശ്രീനിവാസന്റേത്. നടനെന്ന രീതിയിൽ മാത്രമല്ല, വ്യക്തിയെന്ന രീതിയിലും മലയാളികൾക്ക് പ്രിയപ്പെട്ടൊരാളാണ് ശ്രീനിവാസൻ. തനിക്കൊപ്പം വർഷങ്ങളായി കൂടെയുള്ള ഡ്രൈവർക്കായി വിഷു ദിനത്തിൽ ഒരു സ്നേഹസമ്മാനം  നൽകിയിരിക്കുകയാണ് ശ്രീനിവാസൻ. എറണാകുളം ജില്ലയിലെ കണ്ടനാട് ആണ് തന്റെ ഡ്രൈവർക്കായി ശ്രീനിവാസൻ വീടൊരുക്കി നൽകിയത്. കണ്ടനാട് തന്നെയാണ് ശ്രീനിവാസനും താമസം.

ശ്രീനിവാസനൊപ്പം 17 വർഷമായി ഉള്ള ആളാണ് പയ്യോളി സ്വദേശിയായ ഷിനോജ്. വിഷുദിനത്തിലായിരുന്നു വീടിന്റെ ഗൃഹപ്രവേശം. ഗൃഹപ്രവേശ ചടങ്ങിന് കുടുംബസമേതം എത്തിച്ചേരാനും ശ്രീനിവാസൻ മറന്നില്ല. ശ്രീനിവാസനൊപ്പം ഭാര്യ വിമല, മകൻ ധ്യാൻ, മരുമകൾ അർപ്പിത, പേരക്കുട്ടി ആരാധ്യ സൂസൻ ധ്യാൻ എന്നിവരും ഗൃഹപ്രവേശത്തിനു എത്തിയിരുന്നു. ശ്രീനിവാസന്റെ ഭാര്യ വിമലയും ധ്യാൻ ശ്രീനിവാസനും ചേർന്നാണ് വീടിന്റെ പാലുകാച്ചൽ നടത്തിയത്.

കുറേക്കാലമായി അദ്ദേഹം എന്നോട് വീടിനെ കുറിച്ചു പറയുന്നു. ഞാൻ വേണ്ടെന്നാണ് എപ്പോഴും പറയാറ്. ഒടുവിൽ വിനീതേട്ടൻ വിളിച്ചു, അച്ഛൻ സന്തോഷമായി ഒരു കാര്യം ചെയ്തു തരുന്നതല്ലേ. വേണ്ടെന്നു പറയരുത് എന്ന്. എന്നോട് ഇഷ്ടമുള്ള സ്ഥലം കണ്ടെത്താൻ പറഞ്ഞു. അങ്ങനെ കണ്ടെത്തിയ സ്ഥലത്താണ് വീട്, ഷിനോജ് മനോരമ ഓൺലൈനോട് പറഞ്ഞതിങ്ങനെ. വ്ളോഗറായ ഷൈജു പങ്കുവച്ച വീഡിയോയിലൂടെയാണ് ഇക്കാര്യം സോഷ്യൽ മീഡിയ അറിഞ്ഞത്. ഡ്രൈവറെയും തങ്ങളുടെ കുടുംബത്തിന്റെ ഒരു ഭാഗമായി കണ്ട് താരത്തിന്റെ ഈ പ്രവൃത്തിയെ അഭിനന്ദിക്കുകയാണ് ആരാധകരും.

ഒരു നടൻ എന്നതിനപ്പുറം ഏറെ നന്മയുള്ള പ്രവർത്തികൾ നാടിനു വേണ്ടി ചെയ്ത ആളാണ് ശ്രീനിവാസൻ. സിനിമയിൽ നിന്നു പോലും മാറി നിന്ന് ജൈവകൃഷിയിലേക്കും പരിസ്ഥിതി സൗഹാർദ്ദപരമായ ജീവനശൈലിയിലേക്കും ശ്രീനിവാസൻ കടന്നു ചെന്നു. സ്വന്തമായി കൃഷി ചെയ്തും അതിൽ അഭിമാനം കണ്ടെത്തിയും ജൈവകൃഷിയുടെ മാഹാത്മ്യത്തെ കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കിയും സിനിമയ്ക്ക് അപ്പുറത്ത് മറ്റൊരു ലോകം കൂടി ശ്രീനിവാസൻ കണ്ടെത്തുകയായിരുന്നു. തന്റെ ആരോഗ്യ പ്രശ്നങ്ങളെ മറികടന്ന് അദ്ദേഹം ഇപ്പോഴും സിനിമ അഭിനയം തുടരുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *