‘എന്റെ പുരുഷൻ എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ’- കാമുകനെ പരിചയപ്പെടുത്തി ദുർഗ കൃഷ്ണ

നൃത്തവേദിയിൽ നിന്നും അഭിനയ ലോകത്തേക്ക് എത്തിയ താരമാണ് ദുർഗ കൃഷ്ണ. പൃഥ്വിരാജിന്റെ നായികയായി ‘വിമാന’ത്തിലേറി സിനിമയിലേക്ക് എത്തിയ ദുർഗ ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധേയ വേഷങ്ങൾ അവതരിപ്പിച്ചു കഴിഞ്ഞു. ചുരുക്കം ചിത്രങ്ങളാണ് ദുർഗ നായികയായി റിലീസ് ചെയ്തതെങ്കിലും എല്ലാം വളരെയധികം പ്രേക്ഷക സ്വീകാര്യത നേടിയിരുന്നു.

സിനിമയിൽ വരുന്ന യുവതാരങ്ങളെല്ലാം അഭിമുഖീകരിക്കുന്ന ഒരു പ്രതിസന്ധിയാണ് ഗോസിപ്പുകൾ. എന്നാൽ നായകന്മാരുടെ പേരുകൾ ചേർത്ത് ഗോസിപ്പുകൾ വരും മുമ്പ് തന്നെ ദുർഗ താൻ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു. എന്നാൽ ആരാണെന്നോ, എന്താണെന്നോ വ്യക്തമാക്കിയിരുന്നില്ല. ഇപ്പോഴിതാ, തന്റെ ജീവിത നായകനെ പരിചയപ്പെടുത്തിയിരിക്കുകയാണ് ദുർഗ.

ഇൻസ്റ്റഗ്രാമിലൂടെയാണ് ദുർഗ കാമുകനെ വെളിപ്പെടുത്തിയത്. നിര്‍മ്മാതാവും മോഡലുമായ അർജുൻ രവീന്ദ്രനാണ് ദുർഗയുടെ കാമുകൻ. മുൻപ് പലപ്പോഴും മുഖം വ്യക്തമാക്കാതെ ചിത്രങ്ങൾ പങ്കുവെച്ചിരുന്നെങ്കിലും അടുത്തിടെയാണ് ഇതാണ് തന്റെ ജീവിതപാതി എന്ന് പറഞ്ഞ് അർജുനെ ദുർഗ പരിചയപ്പെടുത്തിയത്. ഇൻസ്റ്റാഗ്രാമിൽ ചോദ്യങ്ങൾക്ക് മറുപടി നല്കുന്നതിനിടയിലാണ് ആരാണ് കാമുകൻ എന്നു വെളിപ്പെടുത്തിയത്.

അതിനു പിന്നാലെ, ആന്റണി പെരുമ്പാവൂരിന്റെ മകളുടെ വിവാഹ വിരുന്നിൽ പങ്കെടുക്കുന്നതിനിടയിൽ മോഹൻലാലിനൊപ്പം അർജുൻ നിൽക്കുന്ന ചിത്രം പങ്കുവെച്ചു കൊണ്ടാണ് ദുര്ഗ പ്രണയം കൂടുതൽ വ്യക്തമാക്കിയത്. എന്റെ പുരുഷൻ എന്റെ ഹീറോയെ കണ്ടുമുട്ടിയപ്പോൾ എന്ന ക്യാപ്ഷനൊപ്പമാണ് ദുർഗ ചിത്രം പങ്കുവെച്ചത്. ദുർഗയുടെ സഹോദരൻ ദുഷ്യന്ത് കൃഷ്ണയും ചിത്രത്തിൽ മോഹൻലാലിനും അർജുനും ഒപ്പമുണ്ട്.

അതേസമയം, മുൻപ് തന്നെ മോഹന്ലാലിനോടുള്ള കടുത്ത ആരാധന ദുർഗ വെളിപ്പെടുത്തിയിരുന്നു. മോഹൻലാലിനെ ആദ്യമായി കണ്ട അനുഭവവും താരം പങ്കു വെച്ചിരുന്നു. സംസാരിക്കാൻ പോലുമാകാതെ കണ്ണുനിറഞ്ഞു നിൽക്കുകയായിരുന്നു എന്നാണ് ദുർഗ പറഞ്ഞത്. അതേസമയം, മോഹൻലാൽ നായകനാകുന്ന റാം എന്ന ചിത്രത്തിലാണ് ദുർഗ ഏറ്റവുമൊടുവിൽ വേഷമിട്ടത്. കൊവിഡ് പ്രതിസന്ധികൾ കാരണം റാമിന്റെ ചിത്രീകരണം മാറ്റിവെച്ചിരിക്കുകയാണ്. ഈ സമയത്ത് ഫോട്ടോഷൂട്ട് തിരക്കിലാണ് താരം.

‘വിമാന’ത്തിന് പുറമെ ജയസൂര്യയുടെ ‘പ്രേതം 2’, ‘കുട്ടിമാമ’, ‘ലവ് ആക്ഷന്‍ ഡ്രാമ’ തുടങ്ങിയ സിനിമകളിലും ദുര്‍ഗ അഭിനയിച്ചിരുന്നു. സിനിമകള്‍ക്ക് പുറമേ സോഷ്യൽ മീഡിയയിലും താരം സജീവമാണ്.ഇനി ദുർഗയുടേതായി അണിയറയിലൊരുങ്ങുന്ന ചിത്രങ്ങളാണ് വൃത്തം, കിംഗ് ഫിഷ്, റാം, കണ്‍ഫെഷന്‍സ് ഓഫ് കുക്കൂ എന്നിവ.

അതേസമയം, കഴിഞ്ഞ നാലുവർഷമായി കടുത്ത പ്രണയത്തിലാണ് ദുർഗ കൃഷ്ണയും അർജുനും. ലോക്ക് ഡൗൺ നീണ്ടപ്പോൾ ഏറെക്കാലത്തിനു ശേഷം നടന്ന കൂടിക്കാഴ്ചയെക്കുറിച്ചും ദുര്ഗ മുൻപ് പങ്കുവെച്ചിരുന്നു. അർജുൻ ആണ് തനിക്ക് ലൈഫ് ലൈൻ എന്നാണ് ദുർഗ പറയുന്നത്. അര്‍ജുന്റെ പിറന്നാളിന് ആഘോഷ ചിത്രങ്ങളും നടി പങ്കുവെച്ചിരുന്നു. അതേസമയം, 2017ൽ റിലീസ് ചെയ്ത വിമാനത്തിലൂടെയാണ് ദുര്ഗ സിനിമയിലേക്ക് എത്തിയത്. ഒരു നാട്ടിൻപുറംകാരി പെൺകുട്ടിയുടെ വേഷമായിരുന്നു നടിക്ക്. എന്നാൽ പിന്നീട് ചെയ്ത കഥാപാത്രങ്ങളും ഫോട്ടോഷൂട്ടുകളും വളരെ ബോൾഡ് ആയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *