
തൃശൂര്‍ പൂരം കലക്കിയത് ബിജെപിക്ക് വേണ്ടി; പുലര്‍ച്ചെ സുരേഷ് ഗോപിയെത്തിയത് സേവാഭാരതി ആംബുലന്‍സില്‍ ! അന്വേഷണം വേണം ! കെ മുരളീധരൻ !
ലോകസഭാ തിരഞ്ഞെടുപ്പിന്റെ തയ്യാറെടുപ്പുകളിലാണ് കേരളത്തിലെ രാഷ്ടീയ പാർട്ടികൾ, ഇപ്പോഴിതാ തൃശൂർ പൂരത്തെ മുൻ നിർത്തി സുരേഷ് ഗോപിക്കും ബിജെപിക്ക് എതിരെയും കടുത്ത ആരോപണവുമായി രംഗത്ത് വന്നിരിക്കുകയാണ് തൃശൂരിലെ കോൺഗ്രസ്സ് സ്ഥാനാർഥി കെ മുരളീധരൻ. കേരള പോലീസ് തൃശൂര്‍ പൂരം കൊളമാക്കിയത് ബിജെപിക്കുവേണ്ടിയായിരുന്നു എന്നാണ് മുരളീധരൻ ആരോപിക്കുന്നത്. സുരേഷ്ഗോപിയെ ജയിപ്പിക്കുക എന്ന സിപിഎമ്മിന്റെ അജണ്ട നടപ്പിലാക്കാന്‍ കമ്മീഷണറെ ഉപയോഗിക്കുകയായിരുന്നു. പൂരം അലങ്കോലമായപ്പോള്‍ സുരേഷ്ഗോപിയാണു പ്രശ്നം പരിഹരിച്ചതെന്ന രീതിയില്‍ ബിജെപിയുടെ സൈബര്‍ സെല്‍ പ്രചാരണം തുടങ്ങിക്കഴിഞ്ഞതായും സംഭവത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്നും അദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പൂരം മുടങ്ങിയപ്പോൾ കൃത്യമായി സുരേഷ് ഗോപി പുലര്‍ച്ചെ സേവാഭാരതിയുടെ ആംബുലന്‍സില്‍ വന്നപ്പോള്‍തന്നെ എന്തോ കളികള്‍ നടന്നതായി മനസിലായിരുന്നു. മന്ത്രി രാജന് അവിടെയൊന്നും ഉണ്ടായിരുന്നില്ല, രാജന് അവിടെ ഉണ്ടാകേണ്ടതായിരുന്നുവെന്നും മുരളി പറഞ്ഞു. അതേസമയം, തൃശ്ശൂര്‍ പൂരത്തില്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് വിവാദത്തിലായ പൊലീസ് കമ്മിഷണര്‍ അങ്കിത് അശോകനെ സ്ഥലംമാറ്റാന്‍ മുഖ്യമന്ത്രി നിര്‍ദേശിച്ചു. തിരഞ്ഞെടുപ്പ് കമ്മിഷന്റെ അനുമതിവാങ്ങിയ ശേഷമാണ് സ്ഥലംമാറ്റുക. അസിസ്റ്റന്റ് കമ്മീഷണര്‍ സുദര്‍ശനെയും സ്ഥലംമാറ്റാന്‍ നിര്‍ദേശിച്ചിട്ടുണ്ട്.

അതുപോലെ തന്നെ ഈ വിഷയത്തിൽ വിശദമായി അന്വേഷണത്തിനും മുഖ്യമന്ത്രി ഉത്തരവിട്ടിട്ടുണ്ട്. പൂരത്തിന് ആനകള്‍ക്ക് നല്കാന് കൊണ്ടുവന്ന പട്ടയും കുടമാറ്റത്തിനെത്തിച്ച കുടയും കമ്മിഷണര്‍ അങ്കിത് അശോകന് തടയുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിനു പിന്നാലെയാണ് നടപടി. ‘എടുത്തു കൊണ്ട് പോടാ പട്ട’എന്ന് കമ്മിഷണര്‍ ആക്രോശിക്കുന്നതും വീഡിയോയില്‍ വ്യക്തമായിരുന്നു. ഈ വീഡിയോ ദൃശ്യങ്ങളടക്കം പുറത്തുവന്നത് സര്‍ക്കാരിനെയും പൊലീസിനെയും പ്രതിസന്ധിയിലാക്കിയിരുന്നു. വിഷയം ബിജെപിയും കോണ്‍ഗ്രസും രാഷ്ട്രീയമായി ഉയര്‍ത്തുന്നതിനിടെയാണ് മുഖ്യമന്ത്രി നേരിട്ട് ഇടപെടുന്നത്.
Leave a Reply