രണ്ടാമൂഴം നടക്കാതെ പോയതില്‍ വലിയ ദുഃഖം ഉണ്ട് ! ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാന്‍… ! കുറിപ്പുമായി ശ്രീകുമാർ മേനോൻ

മലയാളത്തിന്റെ പ്രിയ എഴുത്തുകാരൻ എം ടി വാസുദേവൻ നായരെ മലയാള മണ്ണ് യാത്രയാക്കിയത് ഏറെ നൊമ്പരത്തോടെയാണ്, എംടിയുടെ വിയോഗത്തില്‍ വേദന പങ്കുവച്ച് സംവിധായകന്‍ വിഎ ശ്രീകുമാറും. തനിക്ക് ഇനിയൊരു ഊഴം കൂടി തരുമോ എന്നാണ് ശ്രീകുമാര്‍ ചോദിക്കുന്നത്. രണ്ടാമൂഴം നടക്കാതെ പോയതില്‍ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവച്ചത് ഒരിക്കലും മറക്കില്ല എന്നും അദ്ദേഹം പങ്കുവെച്ച കുറിപ്പിൽ പറയുന്നു..

ശ്രീകുമാർ മേനോൻ പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണരൂപമിങ്ങനെ, ഒരു ഊഴം കൂടി തരുമോ… അങ്ങയുമായി കഥ പറഞ്ഞിരിക്കുവാന്‍. അങ്ങ് ഇരിക്കുന്ന ചാരുകസേരയുടെ താഴെ ഇരുന്ന് രണ്ടാമൂഴത്തിന്റെ തിരക്കഥ തൃശൂരിലും മൂംബൈയിലും കോഴിക്കോടും വെച്ചും വായിച്ചു കേട്ട നിമിഷങ്ങള്‍ എന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ടതാണ്. എന്റെ അച്ഛന്‍ വിക്ടോറിയ കോളേജില്‍ അങ്ങയോടൊപ്പം പഠിച്ചിരുന്നു. അച്ഛനാണ് ”വളര്‍ത്തു മൃഗങ്ങള്‍” എന്ന അങ്ങയുടെ ഖ്യാതി നേടിയ ആദ്യകാല രചനയ്ക്ക് പ്രചോദനമായത് എന്ന് അങ്ങ് പറഞ്ഞിട്ടുണ്ട്. എന്റെ ഒരു അമ്മാവന്‍ അന്ന് ജെമിനി സര്‍ക്കസിന്റെ മാനേജരായിരുന്നു.

അങ്ങും അച്ഛനുമൊന്നിച്ച്, സര്‍ക്കസ് കാണാന്‍ പോവുകയും ആ ജീവിതം നേരില്‍ കാണുകയും ചെയ്തതെല്ലാം. സര്‍ക്കസ് വൈകുന്നേരമാണല്ലോ. അതിനു മുമ്പ് അച്ഛന്‍ പെര്‍മിഷന്‍ വാങ്ങി അകത്തു കയറി രണ്ടു മൂന്നു പകലുകള്‍ സര്‍ക്കസ് കൂടാരത്തില്‍ മൃഗങ്ങളോടും കലാകാരരോടും സംവദിച്ചതിന്റെയും ഫലമായി അങ്ങ് എഴുതിയതാണ് വളര്‍ത്തു മൃഗങ്ങളെന്ന് അങ്ങ് സൂചിപ്പിച്ചത് ആദരവോടെ കേട്ടിരുന്നിട്ടുണ്ട്. രണ്ടാമൂഴം നടക്കാതെ പോയതില്‍ അങ്ങയ്ക്കുണ്ടായ വ്യക്തിപരമായ വിഷമം പങ്കുവെച്ചതും ഒരിക്കലും മറക്കില്ല.

ഭാവിയിൽ എങ്കിലും  അങ്ങയ്ക്കുള്ള സ്മരണാഞ്ജലിയായി, ഒരു മികച്ച സംവിധായകന് രണ്ടാമൂഴം ആവിഷ്‌ക്കരിക്കാന്‍ കഴിയട്ടേയെന്ന് പ്രാര്‍ത്ഥിക്കുന്നു. രണ്ട് കയ്യും എന്റെ ശിരസില്‍ വെച്ച് ആശ്ലേഷിച്ചതും നന്നായി വരുമെന്ന് അനുഗ്രഹിച്ചതും പ്രാര്‍ത്ഥനയായി മനസിലുണ്ട്. അതാണ് ജീവിതത്തിലെ വലിയ അനുഗ്രഹമെന്ന് ഞാന്‍ വിശ്വസിക്കുന്നു. എന്റെ കരുത്തിന് അങ്ങു നല്‍കിയ ഈ ശക്തി കൂടിയുണ്ട്. വിട, ഏറ്റവും ബഹുമാന്യനായ എന്റെ എഴുത്തുകാരാ… എന്നാണ് അദ്ദേഹം കുറിച്ചത്…

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *