
മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രം മമ്മൂട്ടിയുടെ പേരിൽ ശബരിമലയിൽ വഴിപാട് നടത്തി മോഹൻലാൽ..! കൈയ്യടിച്ച് മലയാളികൾ
മലയാള സിനിമയിലെ താര രാജാക്കന്മാരാണ് മോഹൻലാലും മമ്മൂട്ടിയും. അതിലുപരി അവർ ഇരുവരും വളരെയധികം ആത്മബന്ധമുള്ള സുഹൃത്തുക്കൾ കൂടിയാണ്, മമ്മൂക്കയെ അദ്ദേഹത്തിന്റെ സഹോദരങ്ങൾ വിളിക്കുന്നത് പോലെ ഇച്ചാക്ക എന്ന് തന്നെയാണ് താനും വിളിക്കാറ് എന്നും തനിക്കും അദ്ദേഹം സ്വന്തം സഹോദരൻ തന്നെയാണെന്നും പലപ്പോഴും മോഹൻലാൽ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ആ ആത്മബന്ധത്തിന്റെ ആഴം എത്രത്തോളമാണെന്ന് വ്യക്തമാകുന്ന ഒരു വാർത്തയാണ് ഏറെ ശ്രദ്ധ നേടുന്നത്. ശബരിമല ദർശനം നടത്തിയ മോഹൻലാൽ നടൻ മമ്മൂട്ടിയുടെ പേരിൽ ഉഷപൂജ നടത്തി. ഭാര്യ സുചിത്രയുടെ പേരിലും നടൻ വഴിപാട് അർപ്പിച്ചു. മുഹമ്മദ് കുട്ടി, വിശാഖം നക്ഷത്രത്തിലാണ് മമ്മൂട്ടിക്കായി മോഹൻലാൽ വഴിപാട് നടത്തിയത്. ഇന്ന് വൈകുന്നേരത്തോടെയാണ് മോഹൻലാൽ അയ്യപ്പ സന്നിധിയിൽ എത്തിയത്. മമ്മൂക്ക ചെറിയ രീതിയിൽ ആരോഗ്യ പ്രശ്നങ്ങൾ നേരിടുന്നുണ്ട് എന്ന വാർത്ത സമൂഹ മാധ്യമങ്ങളിൽ വലിയ ചർച്ചയാകുന്ന സാഹചര്യത്തിലാണ് ഇപ്പോൾ ഇങ്ങനെ ഒരു വാർത്ത കൂടി ശ്രദ്ധ നേടുന്നത്.
ലോക മലയാളികൾ ഏറ്റവും വലിയ പ്രതീക്ഷയോടെ കാണാൻ കാത്തിരിക്കുന്ന, മോഹൻലാലിൻറെ എമ്പുരാൻ എന്ന സിനിമ റിലീസിന് ഒരുങ്ങുകയാണ്. ഈ അവസരത്തിലാണ് മോഹൻലാൽ ശബരിമല ദർശനം നടത്തിയത് എന്നതും ശ്രദ്ധേയമാണ്. പമ്പയില്‍ നിന്നും ഇരുമുടി കെട്ടിയാണ് മോഹന്‍ലാല്‍ സന്നിധാനത്ത് എത്തിയത്. തന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയ അദ്ദേഹം നാളെ രാവിലെ നിര്‍മാല്യം തൊഴുത ശേഷമാകും മലയിറങ്ങുക.

ഈ മാസം 27ന് ആണ് എമ്പുരാന് റിലീസ് ചെയ്യുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫര്‍ ഫ്രാഞ്ചൈസിയിലെ രണ്ടാം ഭാഗമായ എമ്പുരാന് തിരക്കഥ ഒരുക്കിയിരിക്കുന്നത് മുരളി ഗോപിയാണ്. മലയാളത്തിന് പുറമെ മറ്റ് ഭാഷകളില്‍ ഹോംബാലേ പോലുള്ള വമ്പന്‍ കമ്പനികളാണ് വിതരണത്തിന് എത്തിക്കുന്നത്. ഐമാക്സില്‍ റിലീസ് ചെയ്യുന്ന ആദ്യ മലയാള ചിത്രമെന്ന ഖ്യാതിയും എമ്പുരാന് സ്വന്തമാണ്. ലൈക്ക പ്രൊഡക്ഷൻസ്, ആശീർവാദ് സിനിമാസ്, ശ്രീ ഗോകുലം മൂവീസ് എന്നിവരാണ് നിര്‍മാതാക്കള്‍. ചിത്രത്തിന്റെ ട്രെയ്ലർ ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കഴിഞ്ഞു.
Leave a Reply