ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു ! ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും ! ഓർമ്മകളുമായി സത്യൻ അന്തിക്കാട്

മലയാള സിനിമക്ക് ഒരിക്കലും മറക്കാൻ കഴിയാത്ത അതുല്യ കലാകാരനാണ് ഇന്നസെന്റ്, അദ്ദേഹം നമ്മെ വിട്ടു വിടപറഞ്ഞിട്ട് ഇന്നേക്ക് രണ്ടു വർഷം തികയുകയാണ്, ഇപ്പോഴിതാ അദ്ദേഹത്തിന്റെ ഓർമകളിൽ ഏറ്റവും അടുത്ത സുഹൃത്ത് കൂടിയായിരുന്ന സത്യൻ അന്തിക്കാട് പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്, ആ വാക്കുകൾ ഇങ്ങനെ, ഇന്നസെന്റ് വിട പറഞ്ഞിട്ട് ഇന്ന് രണ്ട് വർഷം തികയുന്നു. ഇന്നലെ രാത്രി ശ്രീനിവാസനുമായി കുറേ നേരം സംസാരിച്ചിരുന്നു. കൂടുതലും ഇന്നസെന്റിനെപ്പറ്റി തന്നെ. പറഞ്ഞ് പറഞ്ഞ് ശ്രീനിയുടെ ശബ്ദം ഇടറിത്തുടങ്ങിയപ്പോൾ ഞാൻ വിഷയം മാറ്റി. ഇപ്പോഴും വിശ്വസിക്കാനാവുന്നില്ല ഞങ്ങൾക്കിടയിൽ നിന്ന് ഇന്നസെന്റ് വിട്ടുപോയി എന്ന്.

സിനിമയുടെ എഴുത്തിനിടയിൽ തിരക്കഥ വഴി മുട്ടി നിന്നാൽ ഞാനും ശ്രീനിയും ഇരിങ്ങാലക്കുടയിലേക്ക് കാറുമെടുത്ത് പോകും. ഏതു പ്രതിസന്ധികളും തരണം ചെയ്യാനുള്ള മരുന്ന് ഇന്നസെന്റിന്റെ കയ്യിലുണ്ടാകും. അനുഭവങ്ങളുടെ കലവറയാണ് ആ മനുഷ്യൻ. സ്വന്തം ജീവിതമാണ് ഇന്നസെന്റിന്റെ പാഠപുസ്തകം. അതിൽ നിന്നൊരു പേജ് മതി കഥാപ്രതിസന്ധികൾ തരണം ചെയ്യാൻ. പുതിയ സിനിമയുടെ ഷൂട്ടിങ്ങിനിടയിൽ മോഹൻലാൽ ചോദിച്ചു “ഇന്നസെന്റും ഒടുവിലും മാമുക്കോയയും ലളിതച്ചേച്ചിയും നെടുമുടിയുമൊന്നുമില്ലാതെ സത്യേട്ടന്റെ സെറ്റ് എങ്ങനെ പൂർണ്ണമാകും” “അവരുടെ ആത്മാവും അനുഗ്രഹവും നമ്മളോടൊപ്പമുണ്ടല്ലോ. അതു മതി.” എന്ന് ഞാൻ മറുപടി പറഞ്ഞു. അങ്ങനെ ആശ്വസിക്കാനേ ഇനി പറ്റൂ. ഇപ്പോഴും അതി രാവിലെ ഫോൺ റിംഗ് ചെയ്യുമ്പോൾ ഇന്നസെന്റ് ആകുമോ എന്ന് തോന്നിപ്പോകും. ആ തോന്നലുകൾക്കും ഇന്ന് രണ്ട് വയസ്സ്. എന്നാണ് അദ്ദേഹം കുറിച്ചത്.

നിരവധി പേരാണ് ഈ ദിവസം ആ അനുഗ്രഹീത കലാകാരനെ ഒരുമിച്ച് എത്തിയത്, എത്ര മനോഹരമായ സൗഹൃദങ്ങളിലാണ് നിങ്ങളൊക്കെ ജീവിച്ചിരുന്നത്. ഒരു കുടുംബത്തിലെ അംഗങ്ങൾ കൂടിച്ചേരുന്നത് പോലെയായിരുന്നു നിങ്ങളുടെ ഒരോ സിനിമയും. പുതിയത് പലതും ചേരാത്തത് പോലെ തോന്നുന്ന ഈ കാലത്ത് വിട പറഞ്ഞു പോയവരൊക്കെ നിങ്ങൾക്കിടയിൽ ഇങ്ങനെ ജീവിച്ചു കൊണ്ടിരിക്കട്ടെ എന്നാണ് ഒരു ആരാധകർ ഈ പോസ്റ്റിന് കമന്റായി കുറിച്ചത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *