
ഈ വെടി നിർത്തൽ കൊണ്ട് ഇന്ത്യയ്ക്ക് എന്ത് നേട്ടമുണ്ടായി ! അമേരിക്കൻ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയിൽ വെടി നിർത്തലിന് താങ്കൾ തയ്യാറായപ്പോൾ ഈ നാടിൻ്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കൾ മുറിവേൽപ്പിച്ചത്..!
പ്രധാന മന്ത്രി നരേന്ദ്രമോദി അമേരിക്കയുടെ സമ്മർദ്ദത്തിന് വഴങ്ങി പാകിസ്ഥാനോടുള്ള യുദ്ധം അവസാനിപ്പിച്ചതിൽ അമർഷം രേഖപ്പെടുത്തി മുൻ ബിജെപി അംഗവും നിലവിൽ കോൺഗ്രസ് നേതാവുമായ സന്ദീപ് ജി വാര്യർ രംഗത്ത് വന്നിരിക്കുകയാണ്. അദ്ദേഹം കുറിച്ചത് ഇങ്ങനെ., എന്നെ നിരന്തരമായി വിമർശിച്ചിരുന്ന പഴയ മിത്രങ്ങൾ പലരും അമേരിക്കൻ സമ്മർദ്ദത്തിന് വഴങ്ങി നടത്തിയ നാണംകെട്ട വെടിനിർത്തൽ പ്രഖ്യാപനത്തെ എതിർക്കുന്നതായി കണ്ടു. അത്രയും സന്തോഷം. ചില ചോദ്യങ്ങൾ ജനങ്ങളുടെ മനസ്സിലുണ്ട്. നരേന്ദ്രമോദി അന്ധഭക്തജന സംഘത്തിലെ ആർക്കെങ്കിലും തെറിവിളിക്കപ്പുറം കൃത്യമായ മറുപടി ഉണ്ടെങ്കിൽ പറയാം.
‘ഇന്ത്യ പാകിസ്ഥാൻ സംഘർഷം ഇത്തവണ തുടങ്ങിയപ്പോൾ മിത്രങ്ങൾ അതിനെ ഹിന്ദു മുസ്ലിം സംഘർഷം ആക്കാനുള്ള തിരക്കിലായിരുന്നു. അതിനുശേഷം പാക്കിസ്ഥാനെ ഇതാ ഞങ്ങൾ തകർക്കാൻ പോകുന്നു, കറാച്ചി പോർട്ട് തകർത്തു, ബലൂചിസ്ഥാൻ സ്വതന്ത്ര രാഷ്ട്രമാകും, പാക് അധീന കാശ്മീരിനെ തിരിച്ചുപിടിക്കും.. മോദി ഡാ.. ഓരോ ദിവസവും തള്ളി മറിക്കുകയായിരുന്നു മിത്രങ്ങൾ. ഇപ്പോ സായിപ്പിനെ കണ്ടപ്പോൾ കവാത്ത് മറന്നത് പോലെ മോദി വെടി നിർത്തൽ പ്രഖ്യാപിച്ചപ്പോൾ മിത്രങ്ങളെല്ലാവരും സമാധാനപ്രിയരും നയതന്ത്ര വിദഗ്ധരും ആയിരിക്കുകയാണ്. ഇപ്പോൾ പാക്കധീന കാശ്മീർ തിരിച്ചുപിടിക്കുന്ന കാര്യമില്ല, ബലൂചിസ്ഥാന്റെ സ്വാതന്ത്ര്യമില്ല..
മിത്രങ്ങളോട്, ഇന്ന് ഒരു ചോദ്യമേ ചോദിക്കാനുള്ളൂ.. ഇതുവരെ ചോദിച്ച ഒരു ചോദ്യത്തിനും നിങ്ങൾ മറുപടി പറഞ്ഞിട്ടില്ല. അസഭ്യവർഷം മാത്രമാണ് കിട്ടുന്നത്. എന്നാലും ചോദിക്കട്ടെ.. നരേന്ദ്രമോദി അവകാശപ്പെടുന്നതുപോലെ ഇന്ത്യയ്ക്ക് അനുകൂലമായ സാഹചര്യത്തിലാണ്, പാക്കിസ്ഥാന്റെ അഭ്യർത്ഥനയിലാണ് വെടിനിർത്തൽ ഉണ്ടായതെങ്കിൽ എന്തുകൊണ്ടാണ് കുൽഭൂഷൻ യാദവിനെ മോചിപ്പിക്കണം എന്ന മിനിമം ഡിമാൻഡ് പോലും മോദി വയ്ക്കാതിരുന്നത്, എത്രകാലമായി ആ പാവം നരകയാതന അനുഭവിക്കുന്നു..

ഇന്ത്യ, മഹാരാജ്യത്തെ, പ്രധാനമന്ത്രി ജനാധിപത്യ മാർഗ്ഗത്തിൽ തെരഞ്ഞെടുക്കപ്പെട്ട ആളാണ്. അതല്ലാതെ രാജഭരണം പോലെ അവകാശം കിട്ടിയതല്ല എന്ന് ഭക്തജന സംഘം മനസ്സിലാക്കണം. തെറ്റായ നടപടികളെ വിമർശിക്കാൻ ഈ രാജ്യത്തെ പൗരന്മാർക്ക് അവകാശമുണ്ട്. അസഭ്യവർഷം കൊണ്ട് നരേന്ദ്രമോദിയുടെ ഭരണ പരാജയം മറച്ചുവെക്കാൻ കഴിയില്ല. എം എൻ വിജയൻ മാസ്റ്റർ പറഞ്ഞതുപോലെ ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസ് റൂമിൽ നിന്ന് പുറത്താക്കിയാലും കുട്ടി ഉന്നയിച്ച ചോദ്യം അവിടെ അവശേഷിക്കും.
ആരും യുദ്ധം, ആഗ്രഹിക്കുന്നില്ല. പക്ഷേ നമ്മുടെ രാജ്യത്തിൻ്റെ സ്വാഭിമാനം, നമ്മുടെ പൗരന്മാരുടെ, നഷ്ടപ്പെട്ട ജീവനും സ്വത്തിനും ഉത്തരവാദികളായ ശത്രുവിനെ പാഠം പഠിപ്പിക്കൽ… ഇത് അത്യാവശ്യമായിരുന്നു. അമേരിക്കൻ പ്രസിഡണ്ട് കണ്ണുരുട്ടിയപ്പോഴേക്കും പാതിവഴിയിൽ വെടി നിർത്തലിന് താങ്കൾ തയ്യാറായപ്പോൾ ഈ നാടിൻ്റെ ആത്മാഭിമാനത്തെയാണ് നരേന്ദ്രമോദി താങ്കൾ മുറിവേൽപ്പിച്ചത്. ഏഴാം കപ്പൽ പടയെ അയച്ച് പാക്കിസ്ഥാനെതിരായ യുദ്ധത്തിൽ നിന്ന് പിന്മാറണമെന്ന് ഭീഷണിപ്പെടുത്തിയ അമേരിക്കൻ പ്രസിഡണ്ടിനോട് സൗകര്യമില്ല എന്ന് പറയണമെങ്കിൽ ആ പ്രധാനമന്ത്രിയുടെ പേര് ഇന്ദിരാഗാന്ധി എന്നായിരിക്കണം എന്നും സന്ദീപ് കുറിച്ചു….
Leave a Reply