
നമ്മളെ ഒരുപാട് ചിരിപ്പിച്ച ഒരു തടിയൻ മാത്രമായിരുന്നില്ല ‘ബാലണ്ണൻ’ ! ആരും അറിയാതെപോയ എൻ എൽ ബാലകൃഷ്ണന്റെ ജീവിത കഥ !
ഒരു പക്ഷെ പുതുതലമുറയിൽ പെട്ട പലർക്കും അദ്ദേഹത്തിന്റെ പേര് പോലും ശെരിക്കും അറിയില്ലായിരിക്കാം. ബാലണ്ണൻ എന്ന് സ്നേഹത്തോടെ ഏവരും വിളിക്കുന്ന എൻ എൽ ബാലകൃഷ്ണൻ. ഏവരും സ്നേഹത്തോടെ ബാലണ്ണ എന്ന് വിളിക്കും. ഈ നടനെ കാണുമ്പോൾ തന്നെ നമ്മുടെ മനസ്സിൽ ആദ്യം ഓർമ വരുന്നത് മാനത്തെ കൊട്ടാര’മെന്ന സിനിമയിലെ ഇന്ദ്രന്‍സുമായിട്ടുള്ള ആ തമാശരംഗമാണ്. ഒരു വലിയ ശരീരവുമായി കുലുങ്ങി ഓടി ഉരുണ്ട വീണ് നമ്മളെ ചിരിപ്പിക്കുന്ന ആ തടിയൻ വില്ലൻ.
അല്ലെങ്കിൽ ഒറ്റ ഇരിപ്പിന് പത്തും ഇരുപതും കോഴിമുട്ട, ഇരുപത് ചപ്പാത്തി ഇതൊക്കെ ഇരുന്ന് തിന്നുന്ന ഒരു തമാശക്കാരൻ തടിയൻ. നമ്മുടെ ഓർമയിൽ ഇതൊക്കെ ആണെങ്കിലും എന്നാല്‍ ഇതൊന്നുമല്ലാത്തൊരു എന്‍എല്‍ ബാലകൃഷ്ണനുണ്ട്. ‘ബാലണ്ണനെന്നും’ ‘ബാലേട്ടനെന്നും’ മോഹന്‍ലാലടക്കമുള്ള മുൻ നിര നടന്മാര്‍ സ്നേഹത്തോടെ ബഹുമാനത്തോടെ വിളിക്കുന്ന, അരവിന്ദനും ഭരതനും പത്മരാജനുമെല്ലാം സ്നേഹിക്കുകയും ബഹുമാനിക്കയും ചെയ്ത ഒരു ബഹുമുഖ പ്രതിഭ.. കലാകാരന്‍, ഫോട്ടോഗ്രാഫര്‍, എഴുത്തുകാരന്‍ എന്നിങ്ങനെ കഴിവ് തെളിയിച്ച മേഖലകൾ അനേകം.
സിനിമയിൽ നടൻ ആകുന്നതിന് മുമ്പ് അദ്ദേഹം നിശ്ചല ഫോട്ടോഗ്രഫർ ആയിരുന്നു, 1967ല്‍ കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്രയില്‍ അരവിന്ദനും ഭരതനും ജോണ്‍ എബ്രഹാമും പത്മരാജനും അടൂര്‍ ഗോപാലകൃഷ്ണനുമെല്ലാം അങ്ങനെ അന്നത്തെ പ്രമുഖരുമായെല്ലാം വളരെ അടുത്തുള്ളവരായിരുന്നു. ചിരിപ്പിക്കുന്ന തടിയന്‍ എന്നതിലപ്പുറം സിനിമയില്‍ അയാള്‍ മറ്റു പലതുമായിരുന്നു. തിരുവനന്തപുരം ഫൈന്‍ ആര്‍ട്സ് കോളജില്‍ നിന്ന് ചിത്രരചനയില്‍ ഡിപ്ലോമ നേടിയ എന്‍എല്‍ ബാലകൃഷ്ണന്‍ പത്രഫോട്ടോഗ്രഫറായി ജോലിയെടുക്കുന്നതിനിടെയാണ് സിനിമയിലെത്തുന്നത്. നിശ്ചലഛായഗ്രാഹകന്‍ എന്ന നിലയിലായിരുന്നു തുടക്കം.

കള്ളിച്ചെല്ലമ്മയില്‍ തുടങ്ങിയ ആ യാത്ര ഒരു സിനിമയില്‍ നിന്ന് അടുത്തതിലേക്ക്, ഒരു സൗഹൃദത്തില്‍ നിന്ന് മറ്റൊരു സൗഹൃദങ്ങളില്ലേക്ക് പടര്‍ന്നു. അലസമട്ടില്‍ അദ്ദേഹം ദൃശ്യങ്ങള്‍ പകര്‍ത്തുന്നത് കാണുമ്പോള്‍ സംശയം തോന്നും. പക്ഷേ ക്യാമറയില്‍ പകര്‍ത്തേണ്ട ചിത്രം ബാലന്റെ മനസ്സിന്റെ കണ്ണില്‍ നേരത്തേ പതിഞ്ഞിട്ടുണ്ടാവും. നടി നടന്മാരെ വിളിച്ച് നേരെ നിർത്തിയുള്ള ഫോട്ടോകളിൽ നിന്നും ചിത്രീകരണത്തിനിടെ പകർത്തുന്ന പുതുമയുള്ള ചിത്രങ്ങൾക്ക് തുടക്കം കുറിച്ചത് ബാലണ്ണനാണ്. ഇപ്പോഴും ജീവൻ തുടിക്കുന്ന മുന്നൂറോളം സിനിമകളുടെ നിശ്ചലഛായഗ്രഹണം അദ്ദേഹം നിര്‍വഹിച്ചിട്ടുണ്ട്.
അങ്ങനെ ഒടുവിൽ സൗഹൃദങ്ങളുടെ നിര്‍ബന്ധത്തിനു വഴങ്ങിയാണ് അദ്ദേഹം ക്യാമറയ്ക്കു മുന്‍പിലെത്തിയത്. ‘സ്വപ്നാടനം’ എന്ന ചിത്രത്തില്‍ മുഖം കാണിച്ചെങ്കിലും 1986ല്‍ പുറത്തിറങ്ങിയ രാജീവ് അഞ്ചലിന്റെ അമ്മാനം കിളിയായിരുന്നു ആദ്യത്ത പ്രധാന ചിത്രം. തുടര്‍ന്ന് നൂറ്റമ്പതിലേറെ സിനിമകള്‍. പട്ടണപ്രവേശം, ജോക്കര്‍, ഓര്‍ക്കാപ്പുറത്ത്, ഡാ തടിയാ, കാക്കോത്തിക്കാവിലെ അപ്പൂപ്പന്‍ താടികള്‍, മാനത്തെ കൊട്ടാരം.. അങ്ങനെ ആ തടിയൻ രൂപത്തിന് പറ്റിയ വേഷങ്ങൾ നൽകി നമ്മെ രസിപ്പിച്ചു.
ഇപ്പോഴും സിനിമ പ്രവത്തകർക്ക് പറയാനും ഓർക്കാനും ഒരുപാട് ഓർമ്മകൾ അദ്ദേഹം സമ്മാനിച്ചിരുന്നു, മോഹന്‍ലാലിനോടൊപ്പം പാതിരാത്രി കല്‍ക്കത്തയിലെ ഹൗറ ബ്രിഡ്ജില്‍ നിന്ന് താഴെ ഗംഗയിലേക്ക് മൂ ത്ര മൊഴിച്ചത്, ഗുരു നിത്യചൈതന്യയതിയുടെ അടുത്ത് നിന്ന് മ ദ്യ പിക്കാന്‍ പണം വാങ്ങാന്‍ ചെന്നത്, എംടിയോടൊപ്പം മ ദ്യ പിക്കാന്‍ കഴിയാത്തതില്‍ ദുഖിച്ചത്… അങ്ങനെ ഒരുപാട് … വലിയൊരു ശരീരത്തിന്റെയെന്ന പോലെ വലിയൊരു കലാപാരമ്പര്യത്തിന്റെ, കലാനുഭവങ്ങളുടെ കൂടി ഉടമയായിരുന്നു എന്‍എല്‍ ബാലകൃഷ്ണന്‍.
പക്ഷെ മ ദ്യം കൊണ്ടും, കല കൊണ്ടും സൗഹൃദം കൊണ്ടും ജീവിതം ആഘോഷമാക്കിയ അദ്ദേഹത്തിന്റെ അവസാന കാലം ഒരുപാട് ദുരിതപൂർണമായിരുന്നു, പ്രമേഹവും അതിനൊപ്പം കാൻസറും ബാധിച്ച അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഏവരെയും ഒരുപാട് വേദനിപ്പിച്ചിരുന്നു. അതിലും കൂടുതൽ വിഷമിപ്പിച്ചത് അവസാന കാലഘട്ടത്തിൽ ഒരു നേരത്തെ ഭക്ഷണത്തിനും മരുന്നിനും പോലും അദ്ദേഹം സഹായം തേടുകയാണെന്ന വാര്‍ത്ത ആയിരുന്നു. 2014 ഡിസംബർ 25 ന്, തന്റെ എഴുപത്തിരണ്ടാം വയസ്സില്‍ അദ്ദേഹം മരണമടഞ്ഞു.
Leave a Reply