ഇത്രയും സീനിയര്‍ ആയ നടിമാരുള്ളപ്പോള്‍ അത് മോഹിക്കരുത് എന്ന തോന്നല്‍ ആയിരുന്നു ! പുരസ്‌കാരം നേട്ടത്തില്‍ ബീന ടീച്ചർ പറയുന്നു !

ഇത്തവണത്തെ സംസ്ഥാന ചലച്ചിത്ര അവാർഡ് പ്രഖ്യാപനത്തിൽ എല്ലാവരും സംതൃപ്തരാണ് എന്നതാണ് എടുത്ത് പറയേണ്ട ഒന്ന്, മികച്ച നടനായി പൃഥ്വിരാജ് മാറിയപ്പോൾ മികച്ച നടിയായി ഉർവശിയും മലയാളികൾക്ക് അത്ര പരിചയമില്ലാത്ത ബീന ആര്‍ ചന്ദ്രനും അർഹയായി. ഉർവശി ഉള്ളൊഴുക്കിലൂടെ പുരസ്‌കാരം നേടിയപ്പോൾ, ഫാസില്‍ റസാഖ് സംവിധാനം ചെയ്ത ‘തടവ്’ എന്ന ചിത്രത്തിലെ ഗീത എന്ന അംഗനവാടി ടീച്ചറുടെ കഥാപാത്രത്തെ അവതരിപ്പിച്ചതിനാണ് ബീന ആര്‍ ചന്ദ്രന് മികച്ച നടിക്കുള്ള സംസ്ഥാന പുരസ്‌കാരം ലഭിച്ചത്.

ഇപ്പോഴിതാ അദ്ധ്യാപിക കൂടിയായ ബീന അവാർഡിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളാണ് ഏറെ ശ്രദ്ധ നേടുന്നത്. പട്ടാമ്പി പരുതൂര്‍ സിഇയുപി സ്‌കൂളിലെ അധ്യാപികയും നാടക പ്രവര്‍ത്തകയുമാണ് ബീന. ഈ അവാര്‍ഡ് സര്‍പ്രൈസ് ആയിരുന്നുവെന്നാണ് മികച്ച നടിക്കുള്ള സംസ്ഥാന അവാര്‍ഡ് ലഭിച്ച ശേഷം മാതൃഭൂമി ന്യൂസിനോട് സംസാരിക്കവെയാണ് ബീന പ്രതികരിച്ചത്.

ടീച്ചറുടെ വാക്കുകൾ, ”ഉര്‍വശി ചേച്ചിക്കൊപ്പം അവാര്‍ഡ് എന്നത് ഇരട്ടി മധുരമാണ്. ഞാന്‍ ഏറെ ആരാധിക്കുന്ന വ്യക്തിയാണ്. ഉള്ളൊഴുക്ക് കണ്ടതിന് ശേഷം പലരും പറഞ്ഞിരുന്നു നിങ്ങള്‍ തമ്മില്‍ കടുത്ത മത്സരമാണെന്ന്. ഞാന്‍ അവാര്‍ഡ് പ്രതീക്ഷിച്ചിരുന്നില്ല എന്നതാണ് സത്യം. ഐഎഫ്എഫ്‌കെയില്‍ തടവ് പ്രദര്‍ശിച്ചപ്പോള്‍ സംസ്ഥാന അവാര്‍ഡ് കിട്ടുമെന്ന് പലരും പറഞ്ഞിരുന്നു.

സിനിമയിൽ ഞാൻ തുടക്കകാരിയാണ്, ഇത്രയും സീനിയര്‍ ആയ നടിമാരുള്ളപ്പോള്‍ അത് മോഹിക്കരുത് എന്ന തോന്നല്‍ ആയിരുന്നു. അവാര്‍ഡ് കിട്ടിയപ്പോള്‍ സര്‍പ്രൈസ് ആയി” എന്നാണ് ബീന പറയുന്നത്. അടുത്ത സുഹൃത്തുക്കളായ ബീന, അനിത, സുബ്രമണ്യന്‍ എന്നിവരുടെ സൗഹൃദത്തില്‍ നിന്നാണ് തടവ് എന്ന ചിത്രം വന്നത്. സിനിമയിലും ഇവര്‍ മൂവരും സുഹൃത്തുക്കളായാണ് വേഷമിട്ടത്.

Leave a Reply

Your email address will not be published. Required fields are marked *