മോഹൻലാലും പ്രണവും തിളങ്ങിയപ്പോൾ മമ്മൂട്ടിയ്‌ക്കൊപ്പം കുഞ്ഞിക്കയില്ല, തെന്നിന്ത്യൻ സുന്ദരികളൊടൊപ്പം ആഘോഷിച്ച് ദുൽഖർ
മമ്മൂട്ടി, മോഹൻലാൽ എന്നീ താരരാജാക്കന്മാർ മലയാളികൾക്ക് വെറും പേര് മാത്രമല്ല മറിച്ച് ഒരു ഹരമാണ്. അത് പോലെ തന്നെ അവരുടെ മക്കളുടെ കാര്യവും വളരെ ആകാംക്ഷയോടെയാണ് ഏവരും ഉറ്റു നോക്കാറ്. കഴിഞ്ഞ ദിവസം ആന്റണി പെരുമ്പാവൂരിൻ്റെ മകളുടെ വിവാഹത്തിലും ആരാധകരുടെ കണ്ണുകൾ താര രാജാക്കന്മാരിൽ തന്നെയായിരുന്നു.
മോഹൻലാലും മകൻ പ്രണവും എല്ലാം ചടങ്ങിൻ്റെ ശ്രദ്ധാകേന്ദ്രമായപ്പോൾ തൻ്റെ പുത്തൻ ലുക്കിൽ മമ്മൂക്ക എല്ലാവരെയും അമ്പരപ്പിച്ചു. എന്നാൽ കൂട്ടത്തിൽ ഒരാളെ മാത്രം കാണാൻ കിട്ടിയില്ല. മറ്റാരുമല്ല നമ്മുടെ സ്വന്തം കുഞ്ഞിക്ക തന്നെ. മമ്മൂട്ടിയുടെ മകൻ എന്ന നിലയിൽ മാത്രമല്ലാതെ അഭിനയ മികവ് കൊണ്ട് മലയാളികളുടെ മനസ് കീഴടക്കിയ താരമാണ് ദുൽഖർ സൽമാൻ. മലയാള സിനിമയിലെ സ്റ്റൈലിഷ് യൂത്ത് ഐക്കൺ എന്ന ഇമേജ് കൂടി ദുൽഖറിനുണ്ട്. അതിനാൽ തന്നെ താര സമ്പന്നമായ വിവാഹ ചടങ്ങിൽ ദുൽഖറിൻ്റെ അസാന്നിദ്ധ്യം സമൂഹ മാധ്യമങ്ങളിൽ ചർച്ചയ്ക്ക് വിഷയമായി.
എന്നാൽ ഇവിടെ വിവാഹ ആഘോഷം നടക്കുന്ന വേളയിൽ ദുൽഖർ ചെന്നൈയിൽ മറ്റൊരു ചടങ്ങിൽ ആയിരുന്നു എന്നാണ് റിപ്പോർട്ടുകൾ. താരത്തിൻ്റെ പുതിയ ചിത്രമായ ‘ഹേയ് സിനാമിക’യുടെ പാക്കപ്പ് ആഘോഷിക്കുന്ന തിരക്കിലായിരുന്നു കുഞ്ഞിക്ക. തെന്നിന്ത്യൻ താരസുന്ദരികളായ കാജൽ അഗർവാളും, അദിതി റാവു ഹൈദരിയും ദുൽഖറിനൊപ്പം ഉണ്ടായിരുന്നു. ഇരുവരും താരത്തിന് കേക്ക് നൽകുന്ന ചിത്രങ്ങളും മറ്റും സമൂഹ മാധ്യമങ്ങളിൽ വൈറലായിരുന്നു.
കണ്ണും കണ്ണും കൊള്ളൈയടിത്താൽ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ദുൽഖർ വീണ്ടും തമിഴിൽ നായകനാകുന്ന ചിത്രമാണ് ‘ഹേയ് സിനാമിക’. പ്രമുഖ നൃത്ത സംവിധായിക ബൃന്ദ മാസ്റ്റര്‍ സംവിധായികയായി അരങ്ങേറ്റം കുറിയ്ക്കുന്ന ചിത്രം കൂടിയാണിത്. കൊവിഡ് നിയന്ത്രണങ്ങളിൽ ചിത്രീകരണം നിർത്തിവെച്ചിരുന്ന ചിത്രം ഒരിടവേളയ്ക്ക് ശേഷമായിരുന്നു വീണ്ടും ആരംഭിച്ചത്. അതേസമയം ദുൽഖറിൻ്റെ ‘കുറുപ്പ്’ തിയേറ്ററിൽ തന്നെ പ്രദർശനത്തിനെത്തും എന്ന സന്തോഷ വാർത്ത കൂടി പുറത്ത് വന്നിട്ടുണ്ട്.
ശ്രീനാഥ് രാജേന്ദ്രൻ സംവിധാനം നിർവഹിക്കുന്ന ‘കുറുപ്പ്’ പ്രേക്ഷകരിലേക്ക് എത്തുന്നത് അഞ്ച് ഭാഷകളിലാണ്. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ ഭാഷകളിലാണ് കുറുപ്പ് പ്രേക്ഷകരിലേക്കെത്തുക. റെക്കോർഡ് തുകയ്ക്ക് ചിത്രം ഒടിടി റിലീസിനെത്തുമെന്ന് റിപ്പോർട്ടുകൾ പുറത്തു വന്നിരുന്നു. എന്നാൽ ചിത്രം തിയറ്ററുകളിൽ തന്നെയാകും റിലീസ് ചെയ്യുകയെന്ന് പുതുവർഷാശംസകൾ നേർന്ന് ദുൽഖർ സമൂഹമാധ്യമങ്ങളിൽ കുറിച്ചിരുന്നു.
ദുൽഖറിൻ്റെ കരിയറിലെ തന്നെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുങ്ങുന്ന ചിത്രത്തിൻ്റെ മുടക്കുമുതൽ 35 കോടിയാണ്. കേരളം, അഹമ്മദാബാദ്, ബോംബെ, ദുബായ്, മാംഗ്ളൂർ, മൈസൂർ എന്നിവിടങ്ങളിലായി ആറു മാസം നീണ്ടുനിന്ന ചിത്രീകരണമാണ് കുറുപ്പിന് വേണ്ടി നടത്തിയത്. ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിനായി ആരാധകർ കാത്തിരിക്കുന്നത്. ജീവിതത്തിൽ പ്രതിനായകനായ കഥാപാത്രത്തെ ദുൽഖർ എങ്ങനെ അവതരിപ്പിക്കും എന്ന് കണ്ട് തന്നെ അറിയാം.
എന്തായാലും ചടങ്ങിൽ കുഞ്ഞിക്ക എത്തിയില്ലെങ്കിലും യൂത്തന്മാരെ പോലും തോൽപ്പിച്ചു കൊണ്ടായിരുന്നു വാപ്പച്ചി തിളങ്ങിയത്. സോഷ്യൽ മീഡിയയിൽ മുഴുവൻ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി നിറഞ്ഞ് നിൽക്കുന്നതും മമ്മൂട്ടി തന്നെയാണ്. പുതിയ ചിത്രമായ ബിഗ് ബി രണ്ടാം പതിപ്പിന് വേണ്ടിയാണ് ഈ പുതിയ ലുക്ക് എന്നാണ് ആരാധകർ അഭിപ്രായപ്പെടുന്നത്.
Leave a Reply