‘എമ്പുരാനി’ല്‍ 24 വെട്ട്, നന്ദി കാര്‍ഡില്‍ നിന്നും സുരേഷ് ഗോപിയെ ഒഴിവാക്കി ! വില്ലന്റെ ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട് !

അങ്ങനെ എല്ലാ വിവാദങ്ങൾക്ക് ഒടുവിൽ ‘എമ്പുരാന്‍’ സിനിമയില്‍ 24 വെട്ട്. വിവാദങ്ങൾ കൂടിയ സാഹചര്യത്തിൽ റീ എഡിറ്റഡ് ചെയ്യുന്ന ഭാഗങ്ങളുടെ സെന്‍സര്‍ വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ചിത്രത്തിലെ 17 രംഗങ്ങള്‍ മാറ്റുമെന്നും മൂന്ന് മിനിറ്റ് കളയുമെന്നുള്ള വിവരങ്ങള്‍ ആയിരുന്നു നേരത്തെ പുറത്തുവന്നത്. എന്നാല്‍ 24 കട്ടുകള്‍ ഉണ്ടെന്നാണ് പുതിയ വിവരം. അതുപോലെ സിനിമയിലെ സ്ത്രീകള്‍ക്ക് എതിരായ അതിക്രമം സീനുകള്‍ മുഴുവന്‍ ഒഴിവാക്കിയിട്ടുണ്ട്. മതചിഹ്നങ്ങളുടെ പശ്ചാത്തലത്തില്‍ വാഹനങ്ങള്‍ കടന്നു പോകുന്ന സീന്‍ വെട്ടി നീക്കിയിട്ടുണ്ട്. ഒപ്പം തന്നെ എന്‍ഐഎ എന്ന് പരാമര്‍ശിക്കുന്ന സീന്‍ നീക്കം ചെയ്തിട്ടുണ്ട്. പ്രധാന വില്ലന് കഥാപാത്രത്തിന്റെ പേര് ബജ്രംഗി എന്നത് മാറ്റി ബല്‍ദേവ് എന്നാക്കിയിട്ടുണ്ട്.

എന്നാൽ അതേസമയം സിനിമയിൽ നന്ദി കാർഡിൽ നിന്നും കേന്ദ്ര മന്ത്രി കൂടിയായ സുരേഷ് ഗോപിയെ ഒഴിവാക്കിയിട്ടുണ്ട്. എമ്പുരാന്‍ വിവാദത്തില്‍ സുരേഷ് ഗോപിയുടെ പ്രതികരണം ശ്രദ്ധ നേടിയിരുന്നു. ‘എന്താണ് വിവാദം, ആരാണ് ഇതെല്ലാം ഉണ്ടാക്കുന്നത്? ഇതെല്ലാം ബിസിനസ് ആണ്. ആളുകളുടെ മനോനിലയെ ഇളക്കിവിട്ട് പണം വാരുകയാണ്. അതാണ് ചെയ്യുന്നത്’ എന്നാണ് സുരേഷ് ഗോപി പറഞ്ഞത്.

അതേസമയം മോഹൻലാൽ ഈ വിഷയത്തിൽ ഖേദം പ്രകടിപ്പിച്ച സാഹചര്യത്തിൽ അദ്ദേഹത്തെ എതിർത്തും അനുകൂലിച്ചും നിരവധി പേര് രംഗത്ത് വരുന്നുണ്ട്, മോഹൻലാലിൻറെ കുറിപ്പ് പ്രിത്വിയും പങ്കുവെച്ചിരുന്നു, എന്നാൽ ഇപ്പോഴും ഈ വിഷയത്തിൽ പ്രതികരിക്കാനോ മാപ്പ് പറയാനോ കൂട്ടാക്കാത്ത ആളാണ് ഇതിന്റെ തിരക്കഥാകൃത്ത് കൂടിയായ മുരളി ഗോപി. അതേസമയം എമ്പുരാന്‍’ സിനിമ റീ എഡിറ്റ് ചെയ്യാനുള്ള തീരുമാനം എടുത്തത് ആരുടെയും സമ്മര്‍ദ്ദത്തെ തുടര്‍ന്നല്ലെന്ന് നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂര്‍.

സിനിമയുടെ നിർമ്മാതാക്കൾ എന്ന നിലയിൽ  തെറ്റുകള്‍ തിരുത്തുക എന്നത് തങ്ങളുടെ ചുമതല ആണെന്നും പൃഥ്വിരാജിനെ ഒറ്റപ്പെടുത്തേണ്ട കാര്യമില്ലെന്നും ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. രണ്ട് മിനിറ്റ് ദൈര്‍ഘ്യമുള്ള സീനുകളാണ് ചിത്രത്തില്‍ നിന്നും കട്ട് ചെയ്തതെന്നും ഇന്ന് തന്നെ റീ എഡിറ്റ് വേര്‍ഷന്‍ തിയേറ്ററിലെത്തിക്കുമെന്നും ആന്റണി പെരുമ്പാവൂര്‍ വ്യക്തമാക്കി.

ഈ വിഷയത്തിൽ രാജുവിനെ മാത്രം കുറ്റക്കാരനാക്കി ഒറ്റപ്പെടുത്തേണ്ട കാര്യമില്ല, മോഹന്‍ലാല്‍ സാറിന് ഈ സിനിമയുടെ കഥയറിയാം, എനിക്കും അറിയാം, ഞങ്ങള്‍ക്ക് എല്ലാവര്‍ക്കും അറിയാം. അത് അറിയില്ല എന്ന് ഞാന്‍ പറഞ്ഞിട്ടില്ല, ഞങ്ങളാരും പറഞ്ഞിട്ടില്ല. മോഹന്‍ലാല്‍ സാറിന് അറിയില്ല എന്ന് പറയുന്നതിനോട് എനിക്ക് യോജിപ്പില്ല. ഞങ്ങള്‍ എല്ലാവരും ഈ സിനിമയെ മനസിലാക്കിയിരിക്കുന്നതാണ്. തെറ്റുകള്‍ എന്തെങ്കിലും ഉണ്ടെങ്കില്‍ അത് കറക്ട് ചെയ്യുക എന്നുള്ളത് ഞങ്ങളുടെ കടമയാണ് എന്നും ആന്റണി വ്യക്തമാക്കി.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *