കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഞെട്ടിയിരിക്കുകയാണ് ! ജഗദീഷ് !
ഇപ്പോൾ എവിടെയും സംസാര വിഷയം ഹേമ കമ്മറ്റി റിപ്പോർട്ടാണ്, ഇപ്പോഴിതാ അമ്മ താര സംഘടനാ പ്രതിനിധിയായി നടൻ സിദ്ദിക്ക് മാധ്യമങ്ങളെ കണ്ട ശേഷം ജഗദീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ഏറെ ശ്രദ്ധ നേടുന്നത്. വാതിലിൽ മുട്ടി എന്നൊരു ആർട്ടിസ്റ്റ് പറഞ്ഞിട്ടുണ്ടെങ്കിൽ അന്വേഷിക്കണമെന്നും, ഒറ്റപ്പെട്ട സംഭവമെന്ന പേരിൽ ഒഴിഞ്ഞുമാറാൻ കഴിയില്ലെന്നും ജഗദീഷ് പറയുന്നു. കൂടാതെ കുറ്റക്കാരെ മാതൃകാപരമായി ശിക്ഷിക്കണമെന്നും, റിപ്പോർട്ടിന്മേൽ അന്വേഷണം വേണമെന്നും ജഗദീഷ് പറയുന്നു.
അദ്ദേഹത്തിന്റെ വാക്കുകൾ വിശദമായി, അമ്മയ്ക്കോ പ്രൊഡ്യൂസർസ് അസോസിയേഷനോ ഇതൊരു ഒറ്റപ്പെട്ട സംഭവമാണെന്ന് പറഞ്ഞുകൊണ്ട് അന്വേഷണത്തിൽ നിന്ന് ഒഴിഞ്ഞുമാറാൻ ആകില്ല, ഹേമ കമ്മിറ്റി റിപ്പോർട്ടിൽ നിന്നും നഷ്ടപ്പെട്ടു എന്ന് പറയുന്ന അഞ്ചു പേജുകൾ എങ്ങനെ ഒഴിവായി എന്നതിന് സർക്കാർ വിശദീകരണം നൽകേണ്ടി വരും എന്നും നടൻ വ്യക്തമാക്കി. റിപ്പോർട്ടിൽ വാതിൽ മുട്ടി എന്നുണ്ടെങ്കില്‍ എവിടെ വാതിൽ മുട്ടി എന്ന മറു ചോദ്യത്തിന്റെ ആവശ്യമില്ല.
ഒരു പെൺകുട്ടി അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ അതിനെക്കുറിച്ച് അന്വേഷണം നടത്തണം. മറ്റു തൊഴിലടങ്ങളിലും ഇങ്ങനെ നടന്നിട്ടില്ലെ എന്ന ചോദ്യവും അപ്രസക്തമാണ്. ഒരു പരിഷ്കൃത സമൂഹത്തിന് ചേർന്നതല്ല അങ്ങനെയൊരു ചോദ്യം. സിനിമക്കുള്ളിൽ പുഴുക്കുത്തുകൾ ഉണ്ടെങ്കിൽ അത് പുറത്തു കൊണ്ടുവരണമെന്നും, കുറ്റം ചെയ്തവർ ശിക്ഷിക്കപ്പെടണം, അതിന്റെ ഉത്തരവാദിത്വം അമ്മ ഏറ്റെടുക്കണം എന്നുമാണ് തന്റെ അഭിപ്രായമെന്നും ജഗദീഷ് വ്യക്തമാക്കി.
അതുപോലെ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിൽ അമ്മയ്ക്കകത്തുള്ളവർ പോലും ഷോക്ക്ഡ് ആണ്. റിപ്പോർട്ടിലെ സുപ്രധാന വിവരങ്ങളടങ്ങിയ പേജുകൾ എങ്ങനെ ഒഴിവായെന്ന് സർക്കാർ വിശദീകരണം നൽകേണ്ടിവരും, അഞ്ച് വര്‍ഷം മുന്‍പ് ഇത് പുറത്തിറങ്ങിയിരുന്നെങ്കില്‍ റിപ്പോര്‍ട്ട് തയ്യാറായതിന് ശേഷമുള്ള പരാതികള്‍ ഉണ്ടാകുമായിരുന്നില്ല. ഇപ്പോള്‍ ഒരു ഭയം ഉണ്ട്. ഇങ്ങനെയൊക്കെ വന്നാല്‍ ചോദിക്കാനും പറയാനുമൊക്കെ ഇവിടെ ഒരു സംവിധാനമുണ്ട്, സംഘടനകളുണ്ട്, കോടതിയുണ്ട്, കമ്മിറ്റികള്‍ ഉണ്ടാവും, സര്‍ക്കാര്‍ ഉണ്ടാവും എന്ന ഭയം എല്ലാവരിലും ഉണ്ട്. തെറ്റ് ചെയ്യുന്നവരുടെ മനസില്‍ അത് കൂടുതല്‍ ഉണ്ടാവും എന്നും ജഗദീഷ് പറയുന്നു.
Leave a Reply