ശശി തരൂരിന് നല്ല മലയാളം മനസിലാകാത്തത് കൊണ്ടാണോ, അതോ തന്റെ ഉറ്റ സുഹൃത്ത് പിണറായി വിജയന് ആശ്വാസം നൽകാനാണോ ! വിമർശിച്ച് കൃഷ്ണകുമാർ !

മലയാള സിനിമ രംഗത്തെ പ്രശസ്ത നടൻ എന്നതിനപ്പുറം കൃഷ്ണകുമാർ ഇന്ന് ബിജെപി പാർട്ടിയുടെ ശക്തനായ ഒരു നേതാവ് കൂടിയാണ്. കഴിഞ്ഞ ദിവസം എം ടി വാസുദേവൻ നായർ മുഖ്യമന്ത്രി വേദിയിൽ ഇരിക്കെ തന്നെ കേരള സർക്കാരിനെ രൂക്ഷമായി വിമർശിച്ചിരുന്നു. അതിനെ കുറിച്ച് ശശി തരൂർ പ്രതികരിച്ചത് ഇങ്ങനെ ആയിരുന്നു, എംടി വാസുദേവൻ നായരുടെ വിമ‌ർശനം ആരെ ഉദ്ദേശിച്ചാണെന്നതിൽ യാതൊരു സംശയവുമില്ലെന്ന് ശശി തരൂർ പറഞ്ഞു. ഉദ്ദേശിച്ചവരിൽ ഒരാൾ തിരുവനന്തപുരത്തും മറ്റൊരാൾ ന്യൂഡൽഹിയിലും ഇരിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേ‌ർത്തു. രാഷ്ട്രീയത്തിൽ ഭക്തി അപകടകരമാണെന്ന് ബിആർ അംബേദ്ക്കർ ഒരു കാലത്ത് പറഞ്ഞിരുന്നുവെന്നും അതേകാര്യം തന്നെയാണ് എംടിയും പറഞ്ഞതെന്നും ശശി തരൂർ ചൂണ്ടിക്കാട്ടി.

എന്നാൽ ഇപ്പോഴിതാ ശശി തരൂരിന്റെ ഈ വാക്കുകളെ വിമർശിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടൻ കൃഷ്ണകുമാർ, അദ്ദേഹം സമൂഹ മാധ്യമത്തിൽ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കേരള സാഹിത്യോത്സവവേദിയിൽ പിണറായി വിജയനെ ഇരുത്തികൊണ്ടു വിമർശിക്കാൻ എംടി വാസുദേവൻ നായർ തിരഞ്ഞെടുത്തത് അദ്ദേഹം തന്നെ 2003 ൽ ഇഎംഎസിനെ കുറിച്ച് എഴുതിയ “ചരിത്രപരമായ ഒരു ആവശ്യം” എന്ന ലേഖനമായിരുന്നു. അരിയാഹാരം കഴിക്കുന്നവർക്കും നല്ല മലയാളം അറിയുന്നവർക്കും കേരളത്തിൽ ജീവിക്കുന്നവർക്കും ആരെ വിമർശിക്കാനാണ് വേദിയിൽ ആ ലേഖനം എംടി വായിച്ചെതെന്നു വ്യക്തമായി മനസിലാകും.

ഇത്തരം ഒരു വിമർശനം  സ്വാഭാവികമായും പിണറായിയെ കുറിച്ചല്ല എന്ന് വരുത്തിത്തീർക്കേണ്ടത് സിപിഎമ്മിന്റെ ആവശ്യമാണ്. റഷ്യയിലെ കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ തകർച്ചയും ഇഎംഎസ് വ്യക്തി പൂജകൾക്കൊന്നും നിന്നുകൊടുത്തിരുന്നില്ല എന്നും, നിലവിലുള്ള രാഷ്ട്രീയ നേതൃത്വം ആത്മപരിശോധന നടത്തണമെന്നും എംടി ഊന്നി പറഞ്ഞത്, ആരോടാണെന്നുള്ളത് മുകളിൽ പറഞ്ഞ വിഭാഗം ആളുകൾക്ക് വ്യക്തമായി മനസ്സിലായിട്ടുണ്ട് . നല്ല മലയാളം മനസിലാകാത്തത് കൊണ്ടാണോ അതോ തന്റെ ഉറ്റ സുഹൃത്ത് പിണറായി വിജയന് ആശ്വാസം നൽകാനാണോ ശശി തരൂർ പുതിയ വ്യാഖ്യാനവുമായി വന്നെതെന്നു മനസിലാകുന്നില്ല.

ബഹുമാനപെട്ട പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിക്കാൻ ഇഎംഎസിനെ കുറിച്ചും കമ്മ്യൂണിസത്തിന്റെ തകർച്ചയും ഉദാഹരണങ്ങളായി എടുത്തുവെന്നു പറയുന്നവർ വിഡ്ഢികളുടെ സ്വർഗത്താണ്. തരൂർ എംടിയുടെ പ്രസംഗം തെറ്റായി അപഗ്രഥിച്ചതു മലയാള ഭാഷ ദൗർബല്യം കൊണ്ടാണെങ്കിൽ 15 വർഷമായി കേരളത്തിൽ നിന്നുള്ള എംപിയായ അദ്ദേഹം, നല്ല മലയാളം പഠിക്കാൻ തയാറാകണം. അതല്ല സുഹൃത്തായ പിണറായിയെ വെള്ളപൂശാനാണ് തരൂർ ഈ സാഹസത്തിനു മുതിർന്നതെങ്കിൽ അതിനെ കുറിച്ച് വേറൊന്നും പറയാനില്ല എന്നും കൃഷ്ണകുമാർ കുറിച്ചു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *