
മകന്റെ വിശപ്പടക്കാൻ ആ അമ്മ ചോദിച്ചത് 500 രൂപ, കിട്ടിയത് 51 ലക്ഷം രൂപ ! നന്ദി പറഞ്ഞ് അമ്മയും ടീച്ചറും !
കേരളം അങ്ങനെയാണ്, എന്തിന് ഏതിനും ഏവരും മലയാളികളെ ഒന്നടങ്കം ആക്ഷേപിക്കാറുണ്ട് എങ്കിലും നന്മയുള്ള ഒരുപാട് പേരുടെ നാടാണ് കേരളം. അത് പലപ്പോഴും നമ്മൾ തെളിയിച്ചിട്ടുള്ളതാണ്. ഇന്ന് നവ മാധ്യമങ്ങൾ വാഴുന്ന കാലത്ത് അതുകൊണ്ട് ഇപ്പോൾ ജീവിതം തന്നെ മാറി മറിയുന്ന കാഴ്ചകൾ നമ്മൾ ഒരുപാട് കണ്ടു. അത്തരത്തിൽ മനസിന് ഒരുപാട് സന്തോഷം തരുന്ന ഒരു വാർത്തയാണ് കഴിഞ്ഞ രണ്ടു ദിവസമായി സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ വിദ്യാർത്ഥിയായ ഒരു കുട്ടിയുടെ അമ്മ കുഞ്ഞിന്റെ വിശപ്പ് അടക്കാൻ ടീച്ചറെ വിളിച്ച് 500 രൂപ കടം ചോദിക്കുകയും, ശേഷം ടീച്ചർ ആ വിവരം വിശദമായി വിവരിച്ച് സമൂഹ മാധ്യമങ്ങളിൽ പങ്കുവെച്ച ഒരു കുറിപ്പും ആ കുടുംബത്തിന്റെ തന്നെ ഗതി മാറ്റി മറിച്ചിരിക്കുകയാണ്.
അതെ.. മനസിന് സന്തോഷം തരുന്ന ഇത്തരം കാര്യങ്ങളെയും നമ്മുടെ നാട്ടിൽ നടക്കുന്നുണ്ട്. സെറിബ്രൽ പാൾസി ബാധിച്ച മകന്റെ വിശപ്പടക്കാൻ അധ്യാപികയോട് 500 രൂപ ചോദിച്ച അമ്മയ്ക്ക് ദിവസങ്ങൾക്കുള്ളിൽ അക്കൗണ്ടിൽ ലഭിച്ചത് 51 ലക്ഷം രൂപ. പാലക്കാട് കൂറ്റനാട് സ്വദേശി സുഭദ്രയ്ക്കാണ് സുമനസുകളുടെ സഹായം ലഭിച്ചത്. ഇവരുടെ ദുരിതത്തെ കുറിച്ച് വട്ടേനാട് സ്കൂളിലെ ഗിരിജ ടീച്ചറിട്ട ഫെയ്സ്ബുക്ക് പോസ്റ്റ് കണ്ടാണ് നല്ല മനസുള്ള ഒരുപാട് പേര് ചെറിയ ചെറിയ തുകകൾ നൽകി അവർക്ക് 51 ലക്ഷം രൂപ നൽകിയത്.

അർഹതപ്പെട്ട കൈകളിലാണ് ഈ സഹായം എത്തിയത് എന്നത് സന്തോഷം ഇരട്ടിയാക്കുന്നു. തന്റെ രണ്ട് മക്കളെയും മകന്റെ കാവൽ ഏൽപ്പിച്ചിട്ടാണ് സുഭദ്ര കൂലിപ്പണിക്ക് പോകുന്നത്. പൊളിഞ്ഞുവീഴാറായ കൂരയിലാണ് ഇവർ താമസിക്കുന്നത്. ജീവിതം മുന്നോട്ട് തള്ളിനീക്കാൻ യാതൊരു വഴിയും കാണാതെ വന്നപ്പോഴാണ് ഗിരിജ ടീച്ചറോട് സഹായം ചോദിച്ചത്. സഹായമായി ചോദിച്ച തുക നൽകിയ ശേഷം ടീച്ചർ ഇവരുടെ ദുരിതജീവിതം സമൂഹമാധ്യമത്തിലൂടെ ലോകത്തെ അറിയിച്ചു. സുഭദ്രയുടെ നിസഹായാവസ്ഥ കണ്ട സുമനസുകൾ അകമഴിഞ്ഞ് സഹായിച്ചതോടെയാണ് കഷ്ടപ്പാടിന് അറുതിവരുന്നത്. പാതിവഴിയിലായ വീട് പണിയും മകന്റെ തുടർ ചികിത്സയും ഈ പണം കൊണ്ട് പൂർത്തിയാക്കാനുള്ള തയാറെടുപ്പിലാണ് സുഭദ്ര. ഈ സഹായത്തിന് നിറ കണ്ണുകളിടെ നന്ദി പറയുകയാണ് ഇപ്പോൾ ആ അമ്മ.
Leave a Reply