എപ്പോഴും മറ്റുള്ളവർക്കുവേണ്ടി ജീവിക്കാതെ സ്ത്രീകൾ അവരവർക്കുവേണ്ടി കൂടി ജീവിക്കണം ! ആദ്യം നമ്മൾ നമ്മളെ തന്നെ സ്നേഹിക്കണം ! മഞ്ജുപിള്ള

മലയാളികൾ ഏറെ ഇഷ്ടപെടുന്ന നടിമാരിൽ ഒരാളാണ് മഞ്ജുപിള്ള, ഇപ്പോഴിതാ ‘സിനിമാ ദി ക്യുവിന്’ നൽകിയ അഭിമുഖത്തിൽ മഞ്ജു പറഞ്ഞ ചില കാര്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. മഞ്ജു പറയുന്നതിങ്ങനെ, എന്നെ സിനിമയിലേക്ക് രണ്ടാമത് വരുത്തിച്ചത് എന്റെ മകളാണ്. അമ്മ എന്തിനാ വീട്ടിൽ കുത്തിയിരിക്കുന്നേ ഡു യുവർ ജോ​ബ് എന്ന് പറഞ്ഞത് മോളാണ്. എനിക്ക് മോട്ടിവേഷൻ അവളാണ്. ഇത്രയും നാൾ അമ്മ കുറേ സാക്രിഫൈസ് ചെയ്തു. വന്ന വർക്കുകൾ ഫാമിലിക്ക് വേണ്ടി വേണ്ടെന്ന് വെച്ചു.

എനിക്ക് ഒരേ ഒരു മോളാണ്, അവൾ ആ സമയത്ത് വിദേശത്ത് പഠിക്കുകയാണ്, അവൾ കുഞ്ഞായിരുന്നപ്പോൾ അവൾക്ക് വേണ്ടി ഞാൻ കുറേ സിനിമകൾ വേണ്ടെന്ന് വെച്ചിരുന്നു. യാത്രകൾ പലതും വേണ്ടെന്ന് വെച്ചു. എന്റെ ലെഷർ ടൈം കുറേ ഞാൻ വേണ്ടെന്ന് വെച്ചു. നന്നായി വായിക്കുന്നയാളായിരുന്നു ഞാൻ പണ്ട്. കുറച്ച് കഴിഞ്ഞപ്പോൾ വായനാശീലം നിന്ന്, പിന്നെ വായിക്കുന്നത് മടിയായി തുടങ്ങി. പുസ്തകം മേടിക്കും പക്ഷെ അത് ആ മൂലയിൽ ഇരിക്കും. സത്യം പറഞ്ഞാൽ മടി പിടിച്ചു.

പിന്നീട് അവൾ വളർന്ന് ഒരു പന്ത്രണ്ടാം ക്ലാസിലൊക്കെയായപ്പോൾ ഇത് അമ്മയുടെ ജോലിയാണ്. അമ്മ ഇത്രയും നാൾ എനിക്ക് വേണ്ടി നിന്നു. ഇനി ജോലി ചെയ്യാൻ പൊയ്ക്കോളു. ഞാൻ എന്റെ കാര്യം നോക്കാമെന്ന് അവൾ പറഞ്ഞു. അതോടെയാണ് ഞാൻ സിനിമയിലേക്ക് തിരിച്ച് വന്നതെന്ന് മഞ്ജു പിള്ള പറയുന്നു. നാൽപ്പതുകൾ പിന്നിട്ടശേഷമുള്ള തന്റെ ജീവിതത്തെ കുറിച്ചും നടി മനസ് തുറന്നു.

സ്ത്രീകൾ പൊതുവെ, നാൽപ്പത് കഴിഞ്ഞാണ് നമ്മൾ ജീവിച്ച് തുടങ്ങുന്നതെന്ന് പറയുന്നത് എന്തുകൊണ്ടാണെന്ന് വെച്ചാൽ അതുവരെയുള്ള തൊണ്ണൂറ്റി അഞ്ച് ശതമാനം ജീവിതവും സ്ത്രീകൾ അവരവരുടെ കുടുംബത്തിനുവേണ്ടി മാറ്റിവെച്ചിട്ടുണ്ടാകും. കുടുംബാം​ഗങ്ങൾക്ക് പ്രയോ​റിറ്റി കൊടുത്തശേഷമാണ് നമ്മൾ നമ്മളെ സ്നേഹിക്കുന്നത്. അത് വേണ്ടെന്ന് തോന്നുന്നു. നാൽപത് വയസ് പിന്നിട്ടശേഷമാണ് ഞാൻ യാത്രകൾ ചെയ്ത് തുടങ്ങിയത്.

നമ്മൾ നമുക്കുവേണ്ടി കുറച്ച് സമായം കണ്ടെത്തണം, ഒറ്റയ്ക്ക് യാത്ര ചെയ്യാനും സിനിമയ്ക്ക് പോകാനും എനിക്ക് ഇഷ്ടമാണ്. ഞാൻ അത് എ‍ഞ്ചോയ് ചെയ്യും. ഇഷ്ടമുള്ള ഭക്ഷണവും കഴിക്കും. അമ്മമാർ പൊതുവെ ചെയ്യാറുള്ളത് ഭക്ഷണം കഴിക്കാതെ ആ​ദ്യം ഭർത്താവിനും മക്കൾക്കും മറ്റ് കുടുംബാം​ഗങ്ങൾക്കും കൊടുക്കും. അവസാനമെ അമ്മമാർ കഴിക്കൂ. എത്ര വിശന്നാലും കഴിക്കാതെ വീട്ടിലെ മറ്റ് അം​ഗങ്ങൾ എല്ലാം കഴിക്കാൻ വേണ്ടി കാത്തിരിക്കും.

പണ്ടത്തെ അമ്മമാർ എല്ലാം ഈ രീതിയിൽ ജീവിച്ചിരുന്നവരായിരുന്നു. ഇപ്പോഴത്തെ അമ്മമാരിൽ ചിലരും ഇങ്ങനെയാണ്‌. അങ്ങനെ സ്ത്രീകൾ‌ സാക്രിഫൈസ് ചെയ്ത് ഇരിക്കേണ്ട എന്നതാണ് എന്റെ ഒരു കാഴ്ചപ്പാട്. വിശന്നാൽ കഴിക്കുക. കാരണം വിശപ്പ് എല്ലാവർക്കും ഒരുപോലെയാണ്. മറ്റുള്ള കുടുംബാം​ഗങ്ങൾ വരുമ്പോൾ അവർക്ക് വിളമ്പി കൊടുത്താൻ മതിയല്ലോ. നമ്മൾ നമുക്ക് കുറച്ച് പ്രാധാന്യം കൊടുക്കണം. വിശന്നിരിക്കാതിരിക്കുക, നമ്മുടെ ആരോ​ഗ്യം നമ്മൾ നോക്കുക. രാവിലെ നടക്കാൻ പോകണമെന്ന് തോന്നിയാൽ നടക്കാൻ പോവുക. ഡയറ്റ് ചെയ്യണമെങ്കിൽ അത് ചെയ്യുക. നന്നായി വസ്ത്രം ധരിക്കണമെന്ന് തോന്നിയാൽ അത് ചെയ്യുക. നമ്മൾ നമ്മളെ കൂടി ഒന്ന് ശ്രദ്ധിക്കുക. ആദ്യം നമ്മൾ നമ്മളെ സ്നേഹിക്കണം എന്നും നടി പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *