‘മമ്മൂട്ടി അല്ലേയെന്ന് വഴിയാത്രക്കാർ, അതെ എന്ന് ലാലേട്ടൻ’, മോഹൻലാലിനൊപ്പമുള്ള യാത്രയെ കുറിച്ച് ശ്രീകാന്ത് കോട്ടക്കല്‍
ടോവിനോ തോമസിനെ എയർപോർട്ടിൽ വച്ച് ഒരു സ്ത്രീ ഓടി വന്ന് കെട്ടിപ്പിടിച്ച് എന്റെ ഉണ്ണി മുകുന്ദ എന്ന് വിളിച്ച കാര്യം നമ്മളെല്ലാം കേട്ടതാണ്. അതും ദുൽഖർ സൽമാന്റെ മുന്നിൽ വച്ച്. ഇക്കാര്യം നമ്മുടെ ലാലേട്ടനോട് ആരെങ്കിലും ചോദിച്ചാൽ എന്തായിരിക്കും അവസ്ഥ എന്ന് നമ്മൾ ചിന്തിച്ച് നോക്കിയിട്ടുണ്ടോ? എങ്കിൽ ചിന്തിക്കേണ്ട അങ്ങനൊരു സംഭവം നടന്നിട്ടുണ്ട്. ബൂട്ടാനിലേക്കുള്ള ഒരു യാത്രയ്ക്കിടയിലായിരുന്നു ഇങ്ങനെ ഒരു അനുഭവം ലാലേട്ടന് ഉണ്ടായത്.
മോഹൻലാലിന്റെ സുഹൃത്തും മാധ്യമപ്രവര്‍ത്തകനുമായ ശ്രീകാന്ത് കോട്ടക്കല്‍ ആണ് അദ്ദേഹത്തിനൊപ്പം ഭൂട്ടാനിലേക്കുപോയ യാത്രയ്ക്കിടെയുണ്ടായ രസകരമായ അനുഭവങ്ങള്‍ പങ്കുവെച്ചത്. സ്റ്റാര്‍ ആന്‍ഡ് സ്റ്റൈല്‍ മാഗസിനില്‍ എഴുതിയ കുറപ്പിലാണ് യാത്രാനുഭവങ്ങള്‍ ഇദ്ദേഹം പങ്കുവെച്ചത്. മോഹൻലാലും ശ്രീകാന്തും ഭൂട്ടാനിലെ പുരാതന നഗരമായ പാരോയിലെ ഏറ്റവും പ്രധാനമായ കാഴ്ച കാണാനുള്ള യാത്രയിലായിരുന്നു. ബുദ്ധമതാചാര്യനായ ഗുരുപത്മസംഭവന്‍ വജ്രായന ബുദ്ധമതം പരിശീലിച്ച തക്‌സാതാങ് വിഹാരം( ടൈഗേഴ്‌സ് നെസ്റ്റ് ) അതായിരുന്നു അവരുടെ ലക്ഷ്യം..
സമുദ്രനിരപ്പില്‍ നിന്ന് 10,240 അടി ഉയരത്തില്‍ പാറക്കെട്ടുകള്‍ക്കിടയിലാണ് ഈ വിഹാരം ഇരിക്കുന്നത്. ഇരുവരും അതിരാവിലെ തന്നെ യാത്ര തുടര്‍ന്നു. കുറെ ദൂരം നടക്കുന്നതിനിടെയാണ് മധ്യവയസ്കരായ ദമ്പതിമാര്‍ അവരെ കടന്നു പോയത്. പെട്ടെന്ന് എന്തോ ഓർത്തെടുത്തമട്ടിൽ അവർ തിരിഞ്ഞുനിന്ന് ലാലിനോട് ഒരു ചോദ്യം.നിങ്ങൾ മമ്മൂട്ടി ആണോ? മുഖത്ത് ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹം പറഞ്ഞു ‘അതെ’. അവരും ചിരിച്ചുകൊണ്ട് യാത്രതുടർന്നതായി ശ്രീകാന്ത് പറയുന്നു.
എന്നാൽ കുറച്ച് മുന്നിലേക്ക് പോയതും അവർ തിരിച്ച് വന്ന് ലാലേട്ടനോട് വീണ്ടും ചോദിച്ചു. ക്ഷമിക്കണം നിങ്ങൾ മോഹൻലാൽ അല്ലെ? അതിനും അദ്ദേഹത്തിന്റെ മറുപടി അതെ എന്ന് തന്നെയായിരുന്നു. തങ്ങൾ ബെംഗളൂരുവിൽ നിന്നാണെന്നും ചെറിയ ഓർമ്മപ്പിശക് വന്നതാണെന്നും അവർ അറിയിച്ചു. ഒരു ചെറുപുഞ്ചിരിയോടെ സാരമില്ല എന്ന് പറഞ്ഞ് യാത്ര തിരിച്ചു. എന്ത് കൊണ്ടാണ് മമ്മൂട്ടിയാണോ എന്ന് ചോദിച്ചപ്പോള്‍ അതെ എന്ന് പറഞ്ഞത് എന്ന ശ്രീകാന്തിന്റെ ചോദ്യത്തിന് മോഹൻലാൽ നൽകിയ മറുപടി വളരെ കൗതുകം നിറഞ്ഞതായിരുന്നു.
“ഈ ആളറിയാത്ത ദേശത്ത് നമ്മള്‍ ആരായാല്‍ എന്താണ് സര്‍..?” വളരെ ലളിതമായിരുന്നു ആ മറുപടി. അഹം അലിഞ്ഞ ഒരു നടനെയാണ് താൻ അവിടെ കണ്ടതെന്ന് ശ്രീകാന്ത് അദ്ദേഹത്തിന്റെ ലേഖനത്തിൽ കുറിച്ചു. ഒടുവിൽ മുറിയിലേക്ക് പോകുമ്പോള്‍ ലാല്‍ തനി ഭര്‍ത്താവായതായും, കണ്ട സ്ഥലത്തെ കുറിച്ച് സുചിത്രയെ വിളിച്ച് വിവരിക്കുന്ന കാതരനായ ഭര്‍ത്താവിനെ കാണാൻ കഴിഞ്ഞതായും ശ്രീകാന്ത് കുറിച്ചു.
സത്യത്തിൽ കേരളത്തിൽ ഏറ്റവുമധികം ഫാൻ ഫൈറ്റ് നടക്കുന്നത് മോഹൻലാൽ മമ്മൂട്ടി എന്ന രണ്ട് മഹാനടന്മാരുടെ പേരിലാണ്. ഇരുവരുടെയും പുതിയൊരു ചിത്രമിറങ്ങിയാലോ, എന്തിന് ഒരു ഫോട്ടോ ഇട്ടാൽ പോലും ആരാധകർ ഇരുചേരിയിരുന്നു വഴക്കടിക്കുന്നത് സ്ഥിരം കാഴ്ചയാണ്. എന്നാൽ ഇരു നടന്മാരും തമ്മിൽ നല്ല സൗഹൃദം കാത്തു സൂക്ഷിക്കാറുണ്ട്.
Leave a Reply