നിവിന്‍ പോളിയുടെ കരിയറില്‍ എന്താണ് സംഭവിച്ചത്, തിരിഞ്ഞെടുപ്പുകള്‍ മോശമായിരുന്നില്ല, പക്ഷേ സിനിമകള്‍ പരാജയമായിരുന്നു.. നിവിന്റെ സിനിമ ജീവിതം !!

മലയാളികൾക്ക് ഏറെ ഇഷ്ടമുള്ള നടനാണ് നിവിൻ പോളി, ‘ഒറ്റയ്ക്ക് വഴിവെട്ടി വന്നവനാടാ, ഒറ്റയ്ക്ക് വഴിവെട്ടി വന്നവന്‍!’ എന്ന ഈ ഡയലോഗ് പറയാന്‍ ഇന്ന് മലയാള സിനിമയില്‍ എന്തുകൊണ്ടും യോഗ്യന്‍ ആണ് നിവിന്‍ പോളി, സിനിമയുടെ ഒരു പാരമ്പര്യവുമില്ലാതെ അഭിനയ മോഹവുമായി സിനിമയിലേക്കെത്തിയപ്പോള്‍ സൗഹൃദങ്ങളുടെ ബലം മാത്രമാണ് നിവിന്‍ പോളിയ്ക്ക് ഉണ്ടായിരുന്നത്. ഫഹദും ദുൽഖറും പൃഥ്വിരാജൂം അരങ്ങുവാഴുന്ന സമയത്തുതന്നെയാണ് നിവിന്റെ തേരോട്ടവും.

നിവിന്റെ കരിയറിൽ വിനീത് ശ്രീനിവാസൻ എന്ന സംവിധായകന് വലിയ സ്വാധീനമുണ്ട്, മലര്‍വാടി ആട്‌സ് ക്ലബ്ബ് എന്ന വിനീതിന്റെ ആദ്യ സിനിമയിൽ ഒരുകൂട്ടം പുതുമുഖങ്ങൾക്ക് അവസരം കൊടുക്കാൻ അദ്ദേഹം കാണിച്ച ആ മനസാണ് പിന്നീട് മലയാള സിനിമയ്ക്ക് ഒരുപിടി മികച്ച നടന്മാരെ സമ്മാനിച്ചത്. അതിന് ശേഷം നിവിന്‍ പോളിക്ക് കിട്ടിയത് കുഞ്ഞു കുഞ്ഞ് സഹതാര വേഷങ്ങളായിരുന്നു.

എന്നാൽ വർഷങ്ങൾക്ക് ശേഷം വീണ്ടും വിനീത് നിവിന്റെ കരിയറിൽ വഴിത്തിരിവായി, 2012 ല്‍ പുറത്തിറങ്ങിയ തട്ടത്തിന്‍ മറയത്ത്. നിവിന്‍ പോളിയുടെ പേര് രജിസ്റ്റര്‍ ചെയ്ത സിനിമ, അന്ന് ആ സിനിമയും അതിലെ ഡയലോഗുകളും മലയാളികളിൽ ഉണ്ടാക്കിയ ഓളം വളരെ വലുതായിരുന്നു,  പക്ഷേ അതിന് ശേഷം നിവിന്റെ കരിയറിൽ അങ്ങനെ പറയത്തക്ക മികച്ച സിനിമകൾ ഒന്നും സംഭവിച്ചില്ല.

ശേഷം ഒരു കമേര്‍ഷ്യല്‍ ഹിറ്റ് നടന്‍ എന്ന നിലയിലേക്ക് നിവിന്‍ നടന്നു കയറിയത് 2014 ല്‍ ആണ്. ആ സമയത്ത് അടുപ്പിച്ച് എത്തിയ 1983, ഓം ശാന്തി ഓശാന, ബാംഗ്ലൂര്‍ ഡെയ്‌സ്, ഒരു വടക്കന്‍ സെല്‍ഫി തുടങ്ങിയ സിനിമകളിലൂടെ നിവിന്‍ അന്നത്തെ യുവാക്കള്‍ക്കിടയില്‍ അവരിലൊരാളായി നില്‍ക്കുമ്പോഴായിരുന്നു അല്‍ഫോണ്‍സ് പുത്രന്റെ പ്രേമം പോലൊരു സിനിമ സംഭവിച്ചത്. അതൊരു വന്‍ ഹൈപ്പ് ആയിരുന്നു. ഒറ്റയടിക്ക് നിവിന്‍ പോളിയുടെ കരിയര്‍ മാറി മറിഞ്ഞ സിനിമ. മലയാളത്തിന് പുറമെ അന്യ ഭാഷയിലും നിവിന്‍ പോളി എന്ന താരത്തിന് ഫാന്‍സ് ക്ലബ് തുടങ്ങാന്‍ കാരണമായ ചിത്രം.

അതിനു ശേഷം ആക്ഷന്‍ ഹീറോ ബിജു, ജേക്കന്റെ സ്വര്‍ഗരാജ്യം പോലുള്ള സിനിമകള്‍ വിജയം ആവര്‍ത്തിച്ചുവെങ്കിലും, പ്രേമം സെറ്റ് ചെയ്ത ഹൈപ്പിലേക്ക് അത് എത്തിയിരുന്നില്ല. വിജയത്തെക്കാള്‍ പെട്ടന്നായിരുന്നു പിന്നീട് നിവിന്റെ തകര്‍ച്ച, ശേഷം അടുപ്പിച്ച് ഇറങ്ങിയ മിക്ക സിനിമകളും പരാജയമായിരുന്നു, സഖാവ്, ഹേ ജൂഡ്, കായം കുളം കൊച്ചുണ്ണി, മിഖായേല്‍, ലവ് ആക്ഷന്‍ ഡ്രാമ, മൂത്തോന്‍, മഹാവീര്യര്‍, പടവെട്ട്, തുറമുഖം ഇതെല്ലം പ്രതീക്ഷിച്ചത്ര ശ്രദ്ധ നേടിയ സിനിമകളായിരുന്നില്ല.

തിരിഞ്ഞെടുപ്പുകള്‍ ഒരിക്കലും , മോശമായിരുന്നില്ല, പക്ഷേ സിനിമകള്‍ പരാജയമായിരുന്നു എന്ന രീതിയിലായിരുന്നു നിവിന്റെ കരിയര്‍. അതേസമയം നടന്റെ കരിയർ  തകര്‍ക്കാന്‍ ചിലര്‍ ശ്രമിച്ചതായും പറയപ്പെടുന്നു. അതിനുദാഹരണമാണ് അടുത്തിടെ  മീ ടൂ ആരോപണത്തിന്റെ പേരില്‍ നിവിന്‍ പോളിയ്ക്ക് എതിരെ ഉണ്ടായ കള്ളക്കേസ് പോലും, ഇനിയൊരിക്കലും നിവിന്‍ പോളിയ്ക്ക് പഴയ നിലയിലേക്ക് തിരിച്ചെത്താന്‍ കഴിയില്ല എന്ന് വിധിയെഴുതിയവരും ഉണ്ട്, അവർക്കിടയിലേക്കാണ് തന്റെ പുതിയ ലുക്കിൽ നടന്റെ മാസ്സ് എൻട്രി, രൂപം കൊണ്ടും ലുക്ക് കൊണ്ടും നിവിന്‍ തന്റെ പഴയ നിലയിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. കരിയറിലും ഈ തിളക്കം ആവര്‍ത്തിക്കും എന്നാണ് ആരാധകരുടെ പ്രതീക്ഷ..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *