കടങ്ങള്‍ തീര്‍ത്തപ്പോള്‍ ഇനി നമ്മൾ രക്ഷപ്പെടാന്‍ പോവുകയാണെന്ന് എന്നോട് പറഞ്ഞിരുന്നു

കൊല്ലം സുധിയുടെ വേർപാട് ഇന്നും നൊമ്പരപ്പെടുത്തുന്ന ഒരു ഓർമയാണ്. അപ്രതീക്ഷിതമായി ജീവിതത്തിൽ ഇതുവരെ താൻ ആഗ്രഹിച്ചത് ഒന്നും നേടാൻ കാത്ത് നിൽക്കാതെ അകാലത്തിൽ ഏവരെയും വിട്ടുപോയ കൊല്ലം സുധി എന്ന അനുഗ്രഹീത കലാകാരന്റെ ഓർമ്മകൾ എന്നും മലയാളികളിൽ നിലകൊള്ളും. ഇപ്പോഴിതാ തന്റെ പ്രിയതമന്റെ ഓർമ്മകൾ മഴവില്‍ കേരളത്തിന് നല്‍കിയ അഭിമുഖത്തിൽ പങ്കുവെക്കുന്ന ഭാര്യ രേണു. അവരുടെ വാക്കുകൾ ഇങ്ങനെ.. ചാനല്‍ ഷോ കണ്ടാണ് അദ്ദേഹത്തോട് ഇഷ്ടം തോന്നിയത്. നമ്പര്‍ മേടിച്ച് അങ്ങോട്ട് കോണ്ടാക്റ്റ് ചെയ്യുകയായിരുന്നു. അങ്ങനെയാണ് കിച്ചുവിന്റെ അമ്മയായി ചേട്ടന്റെ ജീവിതത്തിലേക്ക് എത്തുന്നത്.

അന്ന് മോന് വയസ് 11 ആയിരുന്നു. ഞങ്ങളുടേത് രജിസ്റ്റര്‍ മാര്യേജായിരുന്നു. അന്ന് ഞാനും കിച്ചുവും ഒരേ ഹൈയ്റ്റായിരുന്നു. എനിക്കും മെച്യൂരിറ്റിയില്ലാത്ത സമയമായിരുന്നു അത്. എന്നെ മോളെപ്പോലെയാണ് സുധിച്ചേട്ടന്‍ കണ്ടിരുന്നത്. റിതുക്കുട്ടന് മുമ്പ്  എന്നെ അമ്മേ എന്ന് വിളിച്ചത് കിച്ചുവാണ്.  എന്നും അവൻ കഴിഞ്ഞേ എനിക്ക് മറ്റാരുമുള്ളൂ. ഇളയ മകൻ  റിതുല്‍ എപ്പോഴും അച്ഛന്‍ എപ്പോഴാണ് വരുന്നതെന്ന് ചോദിക്കും. അവര്‍ തമ്മില്‍ ഭയങ്കര കൂട്ടാണ്. വാവൂട്ടാ എനിക്കെന്റെ കുഞ്ഞിനെ കാണണമെന്നായിരുന്നു മരിക്കുന്ന അന്ന് വൈകിട്ട് വിളിച്ചപ്പോള്‍ പറഞ്ഞത്. വിളിക്കുമ്പോഴെല്ലാം എനിക്ക് കുഞ്ഞില്ലാതെ പറ്റില്ലെന്ന് പറഞ്ഞ് കരയാറുണ്ട്. കുഞ്ഞിനെ വഴക്ക് പറയല്ലേ, അടിക്കരുത് എന്നുമൊക്കെ പറഞ്ഞിരുന്നു. എന്ത് കുസൃതി കാണിച്ചാലും സുധിച്ചേട്ടന്‍ അവനെ വഴക്ക് പറയത്തില്ല.

കിച്ചുവിന് ആനിമേഷൻ പഠിക്കാനാണ് ഇഷ്ടം, അവനെ അത് പഠിപ്പിക്കും. റിതുലിനെ പൈലറ്റാക്കണമെന്നായിരുന്നു ആഗ്രഹം. ഞാനില്ലേലും അവനെ നീ പഠിപ്പിക്കണം എന്ന് പറയാറുണ്ട്. അച്ഛന്‍ പോയെന്ന കാര്യം കിച്ചു ഉള്‍ക്കൊണ്ടിട്ടുണ്ട്. അംഗീകരിക്കാതെ വേറൊന്നും ചെയ്യാനില്ലല്ലോ ഞങ്ങള്‍ക്ക്. മോനെ ആദ്യമായി സ്‌കൂളില്‍ വിടുമ്പോള്‍ സുധിച്ചേട്ടന് വരാന്‍ കഴിഞ്ഞിരുന്നില്ല, അതിൽ വലിയ സങ്കടം ആയിരുന്നു. അവൻ യൂണിഫോമൊക്കെ ഇട്ടു നില്ക്കുന്ന ഫോട്ടോ അയച്ചു കൊടുത്തപ്പോൾ ചേട്ടൻ കരയുകയായിരുന്നു. അവൻ ഇത്ര വലുതായോ എന്നാണ് ചോദിച്ചത്.

കാറിലൊക്കെ പോകുമ്പോൾ വളരെ സൂക്ഷിക്കുന്ന ആളാണ്, സ്പീഡ് ഒക്കെ പേടിയാണ്, പതുക്കെപോടാ എന്നൊക്കെ പറയുമായിരുന്നു. ഞങ്ങൾക്ക് നല്ല ഡ്രെസ്സും ആഹാരവുമൊക്കെ വാങ്ങി തരുമ്പോഴും അദ്ദേഹം അതൊന്നും ചെയ്യില്ല, ചോദിക്കുമ്പോൾ നിങ്ങൾ കഴിക്കുന്നതും നല്ല വേഷം ഇടുന്നതും കാണുന്നതാണ് എന്റെ സന്തോഷമെന്ന് പറയും. ഒരുപാട് കടങ്ങളൊക്കെയുണ്ടായിരുന്നു. അതൊക്കെ തീര്‍ത്ത് രക്ഷപ്പെട്ട് വരുന്നതേയുണ്ടായിരുന്നുള്ളൂ. കടങ്ങള്‍ തീര്‍ത്തപ്പോള്‍ ഇനി രക്ഷപ്പെടാന്‍ പോവുകയാണെന്ന് പറഞ്ഞിരുന്നു എന്നോട്. ഏട്ടനൊരു സന്തോഷം ഇല്ലാതെ ജീവിച്ചങ്ങ് പോയി. എന്ത് കിട്ടിയാലും ചേട്ടന് തുല്യമാവില്ല. ആരെന്ത് തന്നാലും അതിന് പകരമാവില്ല എന്നും രേണു പറയുന്നു..

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *