
ശ്രീനിയുടെ ആ വാക്കുകൾ എന്റെ കണ്ണ് നിറയിച്ചു ! മതി ഇത് മതി, ഇനി നീ ഒന്നും എഴുതേണ്ട എന്ന് ഞാൻ പറഞ്ഞു ! സത്യൻ അന്തിക്കാട് പറയുന്നു !
മലയാള സിനിമയിൽ ഒരുപിടി മികച്ച ചിത്രങ്ങൾ ഉണ്ടായിട്ടുള്ള ഒരു കൂട്ടുകെട്ടാണ് ശ്രീനിവാസനും സത്യൻ അന്തിക്കാടും. ഇന്നും പ്രേക്ഷകർ ഹൃദയത്തോട് ചേർത്ത് നിർത്തിയിട്ടുള്ള ചിത്രങ്ങൾ തന്നെയാണ് അതെല്ലാം. ഇപ്പോഴിതാ ശ്രീനിവാസനും ഒരുമിച്ചുള്ള തന്റെ മറക്കാനാകാത്ത അനുഭവങ്ങൾ പങ്കുവെക്കുകയാണ് സത്യൻ അന്തിക്കാട്. അദ്ദേഹത്തിന്റെ ആ വാക്കുകൾ ഇങ്ങനെ, ഞാനും ശ്രീനിയും കൂടി വര്‍ക്ക് ചെയ്യുന്ന സമയത്ത് പലപ്പോഴും തിരക്കഥ മാത്രമാണ് ഉണ്ടാകാറുള്ളത്. ഡയലോഗുകള്‍ എഴുതിയിട്ടുണ്ടാവില്ല. ഞങ്ങള്‍ രണ്ട് പേരും ചര്‍ച്ച ചെയ്ത് സ്ക്രിപ്റ്റ് എഴുതിയ പോലെ തന്നെ മനസില്‍ അതിന്റെ ബിംബങ്ങളും ഉണ്ടാകും. സന്ദേശം എന്ന സിനിമയില്‍ പോളണ്ടിനെ പറ്റി പറയുന്ന സീനൊക്കെ അവിടെ ഇരുന്ന് എഴുതിയതാണ്.
അതുപോലെ ഞങ്ങളുടെ ചിത്രമായ സന്മനസ് ഉള്ളവർക്ക് സമാധാനം എന്ന ചിത്രത്തിന്റെ സെറ്റിൽ ഒരിക്കലൂം മറക്കാൻ കഴിയാത്ത ഒരു സംഭവം ഉണ്ടായി. 1986ല്‍ പുറത്തിറങ്ങിയ ചിത്രം അന്നും ഇന്നും സൂപ്പർ ഹിറ്റാണ്. എന്നാൽ ആ ചിത്രത്തിലെ ശ്രീനി അവന്റെ ജീവിതത്തിൽ നിന്നും എഴുതിയ ഒരു ഡയലോഗ് ആ സിനിമയിൽ ഉണ്ടെന്നും അത് തന്റെ കണ്ണ് നിറഞ്ഞ അനുഭവം ആയിരുന്നു എന്നും അദ്ദേഹം പറയുന്നു. ആ സംഭവം ഇങ്ങനെ, ആ സിനിമയിൽ ലാലിൻറെ വീട് ജപ്തി ചെയ്യുന്ന ഒരു സീനുണ്ട്. അതായത് മോഹന്‍ലാല്‍ കടന്ന് വരുമ്പോള്‍ വീട് ജപ്തി ചെയ്യുന്നത് കാണുന്നു. അവിടെ ജപ്തി ചെയ്യുന്ന വ്യക്തിയായി ഇന്നസെന്റുണ്ട്, അമ്മയുമുണ്ട്. അത് വലിയ ഒരു രംഗമായിരുന്നു.
അങ്ങനെ ഈ രംഗം എടുക്കാൻ വേണ്ടി തലേന്ന് ശ്രീനിക്ക് ഷൂട്ട് ഇല്ലാത്തത് കൊണ്ട് താൻ മുറിയിൽ ഇരുന്ന് ഇതിന്റെ സ്ക്രിപ്റ്റ് എഴുത്, നാളെ രാവിലെ ഏഴ് മണിക്ക് ഷൂട്ടിംഗ് തുടങ്ങണം, ഞാൻ വൈകിട്ട് വന്ന് അത് വാങ്ങാമെന്ന് പറഞ്ഞ് ശ്രീനിയെ മുറിയിലേക്ക് അയച്ചു. അങ്ങനെ ഞാൻ എല്ലാം കഴിഞ്ഞ് രാത്രിയിൽ ശ്രീനിയുടെ മുറിയിൽ സീൻ വാങ്ങാൻ വേണ്ടി ചെന്നു. അഞ്ചെട്ട് പേജുള്ള ഒരു സീന്‍ വരാന്‍ പോകുന്നു എന്നായിരുന്നു എന്റെ വിചാരം. ചെന്നപ്പോള്‍ ശ്രീനി വളരെ കൂളായി സിഗരറ്റ് വലിച്ച് ഇരിക്കുകയാണ്.

മേശപ്പുറത്ത് ആകെ ഒരു പേപ്പർ അല്ലാതെ മറ്റൊന്നുമില്ല, ഒരു കട്ടന്‍ ചായയുമുണ്ട്. ഞാന്‍ എല്ലായിടത്തും നോക്കുമ്പോഴും സീന്‍സ് കാണാനില്ല. സാധാരണ ശ്രീനി എഴുതുന്ന പേപ്പറുകളൊക്കെ അവിടെ തന്നെ ഉണ്ടാകാറുണ്ട്. സീന്‍ എഴുതിയില്ലേ എന്ന് ചോദിച്ചപ്പോള്‍, സീനായിട്ട് എഴുതിയില്ല എന്ന് ശ്രീനി പറഞ്ഞു. എനിക്ക് ദേഷ്യം വന്നു. കാരണം, നാളെ കാലത്ത് ഷൂട്ടിംഗ് പ്ലാന്‍ ചെയ്ത് കഴിഞ്ഞു. എല്ലാവരും നാളെ രാവിലെ എത്തും. എന്ത് കൊണ്ട് എഴുതിയില്ല എന്ന് ചോദിച്ചപ്പോള്‍, എഴുതാന്‍ പറ്റിയില്ല എന്നായിരുന്നു ശ്രീനിയുടെ മറുപടി. എന്ത് പറ്റി എന്ന് ഞാന്‍ ചോദിച്ചു.
ആ പേപ്പറില്‍ ഞാന്‍ ഡയലോഗ് പോലെ കുറച്ച് വാക്കുകൾ എഴുതി വെച്ചിട്ടുണ്ട് അത് എടുത്ത് നോക്ക്. ആ രംഗം എഴുതാന്‍ പോയപ്പോള്‍ എന്റെ അമ്മയെയും വീടിനെയും ഓര്മ വന്നു. പണ്ട് അച്ഛന് ഒരു ബസ് വാങ്ങിച്ച് പൊളിഞ്ഞ് വീട് ജപ്തി ചെയ്യുന്ന സമയത്ത് എന്റെ അമ്മ എന്നോട് പറഞ്ഞ ഒരു വാക്കുകളാണ് ഞാന്‍ എഴുതി വെച്ചത്, എന്ന് ശ്രീനി എന്നോട് പറഞ്ഞു. അത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞ് പോയി.
‘മോനെ നമുക്ക് കടക്കാര് ആരും ഇല്ലാത്ത എങ്ങോട്ട് യെങ്കിലും പോകാടാ’.. പറമ്പ് കിളയ്ക്കാന്‍ വരുന്ന പണിക്കാരോട് പറയണം അവിടെ കിളയ്ക്കരുത് എന്ന്. എപ്പോഴെങ്കിലും തിരിച്ച് വരുമ്പോള്‍ അച്ഛനെയും അമ്മയെയും ദഹിപ്പിച്ച സ്ഥലത്ത് പോകാമല്ലോ എന്നായിരുന്നു അടുത്തത്. ഇത് പോലുള്ള രണ്ടുമൂന്ന് കുറിപ്പുകള്‍ മാത്രമാണ് എഴുതിയത്. ഇനി ഒന്നും എഴുതണ്ട, ഇത് മതി, ബാക്കി ഷൂട്ട് ചെയ്തോളാം എന്ന് ഞാന്‍ പറഞ്ഞു. ശ്രീനിയുടെ ജീവിതത്തില്‍ നടന്ന ഒരു സന്ദര്‍ഭം അവനെ സ്വാധീനിച്ചപ്പോള്‍ ഉണ്ടായതാണ്. പകല്‍ സമയം, ജപ്തി നടക്കുന്നു എന്നൊന്നും ശ്രീനി എഴുതിയില്ല. ആ വരികള്‍ മാത്രമാണ് എഴുതിയത്. പക്ഷെ ആ സീൻ ഞങ്ങൾ ഒരു ദിവസം മുഴുവൻ എടുത്ത് അത് ഷൂട്ട് ചെയ്തു. ഇന്നും ഞാൻ ഓർക്കുന്നു ഒരു വല്ലാത്ത ഫീലായിരുന്നു ആ രംഗത്തിന് അപ്പോഴും ഇപ്പോഴും…….
Leave a Reply