മലയാള സിനിമയുടെ ഗതി മാറ്റിയ സംവിധായകന്‍, വണ്‍മാന്‍ ഷോയ്ക്ക് ശേഷം എത്തിയ ‘കല്യാണരാമന്‍’ ബ്ലോക്ക് ബസ്റ്ററായി… അനുഗ്രഹീത കലാകാരന് വിടനൽകി മലയാള നാട്

മലയാള സിനിമയുടെ ചരിത്രത്തിൽ സ്വർണ്ണ ലിപികളിൽ ആലേഖനം ചെയ്യേണ്ട പേരുകളിൽ ഒന്നാണ് സംവിധായകൻ ഷാഫി. കടുത്ത തലവേദനയെ തുടര്‍ന്ന് കഴിഞ്ഞ 16ന് ആയിരുന്നു ഷാഫി ആശുപത്രിയില്‍ ചികിത്സ തേടിയത്, പരിശോധനയില്‍ ആന്തരിക രക്തസ്രാവം കണ്ടെത്തുകയും അടിയന്തര ശസ്ത്രക്രിയ നടത്തുകയും ചെയ്യുകയുമായിരുന്നു, ശേഷം വെന്റിലേറ്റര്‍ സഹായത്തോടെ തീവ്ര പരിചരണ വിഭാഗത്തി കഴിഞ്ഞ അദ്ദേഹം ഇന്ന് പുലർച്ചെ ഈ ലോകത്തോട് വിടപറഞ്ഞു.

1995ല്‍, രാജസേനന്റെ ‘ആദ്യത്തെ കണ്‍മണി’ എന്ന ചിത്രത്തിൽ അസോസിയേറ്റ് ഡയറക്ടര്‍ ആയാണ് അദ്ദേഹത്തിന്റെ സിനിമ ജീവിതത്തിന്റെ തുടക്കം. സിദ്ദിഖ് റാഫി മെക്കാര്‍ട്ടിന്‍ സിനിമകളിലെ അസോസിയേറ്റ് ആയും ആദ്യ കാലത്ത് ഷാഫി ജോലി ചെയ്തു. 2001ല്‍ റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വ്വഹിച്ച ‘വണ്‍മാന്‍ ഷോ’ എന്ന സിനിമയിലൂടെയാണ് സംവിധാനത്തിലേക്ക് ഷാഫി കടക്കുന്നത്. ഷാഫി സിനിമകള്‍ക്ക് കൂടുതലും രചന നിര്‍വ്വഹിച്ചിട്ടുള്ളത് ബെന്നി പി നായരമ്പലം ആണ്.

ഈ അനുഗ്രഹീതൻറെ വിടവാങ്ങലിൽ സിനിമ ലോകം ഒന്നാകെ ആദരാഞ്ജലികൾ അർപ്പിക്കുകയാണ്. മലയാള സിനിമയുടെ ഗതി തന്നെ തിരിച്ച സംവിധായകന്‍, അദ്ദേഹത്തിന്റെ ഓരോ സിനിമകളും മലയാളികൾ ഹൃദയത്തിലേറ്റിയവയാണ്. മലയാളികള്‍ നിത്യ ജീവിതത്തില്‍ ഉപയോഗിക്കുന്ന മിക്ക ഡയലോഗുകളും ഷാഫി സിനിമയിലേതാണ്. കരിയറില്‍ ചെയ്ത 18 സിനിമകളിലും നര്‍മ്മത്തിന്റെ വഴിയേ സഞ്ചരിച്ച സംവിധായകനായിരുന്നു ഷാഫി. പോഞ്ഞിക്കര, പ്യാരി, മണവാളന്‍, സ്രാങ്ക്, ദശമൂലം ദാമു, അങ്ങനെ ഒട്ടേറെ സൂപ്പര്‍ ഹിറ്റ് കോമഡി കഥാപാത്രങ്ങള്‍… ഹാസ്യ സിനിമകളിലൂടെ മലയാള സിനിമയില്‍ പുതുവഴി വെട്ടിയ സംവിധായകനാണ് ഷാഫി.

അതുപോലെ അദ്ദേഹത്തിന്റെ സിനിമകളിലെ സ്ഥിര സാന്നിധ്യമായിരുന്നു നടൻ സലിം കുമാർ. ചെറിയ കഥാപാത്രങ്ങൾ ആണെങ്കിൽ പോലും അതിൽ സലിം കുമാറിന്റെ ഓരോ കഥാപാത്രങ്ങളും മലയാളികളിൽ ആഴത്തിൽ  പതിഞ്ഞവയായിരുന്നു. അതിന് ഏറ്റവും വലിയ ഉദാഹരണമാണ് മായാവിയിലെ സ്രാങ്ക്.. അതുപോലെ പരാജയങ്ങളുടെ നടുവിൽ നിന്ന ജയറാമിനെ മേക്കപ്പ്മാൻ എന്ന സിനിമയിലൂടെ മലയാള സിനിമയിൽ നിലനിർത്തിയ ആളുകൂടിയാണ് ഷാഫി. കോമഡി വേഷങ്ങള്‍ ചെയ്യാന്‍ പിറകിലാണെന്ന് നിരൂപകര്‍ വിമര്‍ശിച്ച മമ്മൂട്ടിയെ നായകനാക്കി തുടരെ തുടരെ കോമഡി സിനിമകള്‍ ഒരുക്കി. കാലം ചെന്നപ്പോള്‍ അതാത് സിനിമകളിലെ നായകന്മാരേക്കാള്‍ പ്രേക്ഷകര്‍ ആഘോഷിച്ചത് ഷാഫിയുടെ കോമഡി കഥാപാത്രങ്ങളെയാണ്.

അതുപോലെ എടുത്തു പറയേണ്ട ഒന്നാണ് അദ്ദേഹത്തിന്റെ സിനിമകളിലെ ഹാപ്പി എൻഡിങ്. ഓരോ സിനിമയും പ്രേക്ഷക മനസുകളെ സന്തോഷിപ്പിക്കുന്ന ക്ളൈമാക്സുകളാണ് അദ്ദേഹം ഒരുക്കിയിട്ടുള്ളത്. വളരെ ഗൗരവമായ വേഷങ്ങളിൽ മാത്രം കണ്ടുശീലിച്ച ബിജു മേനോനെ പോലെയുള്ളവരെകൊണ്ട് മേരിക്കുണ്ടൊരു കുഞ്ഞാട് എന്ന സിനിമയിലെ ജോസേട്ടൻ എന്ന കഥാപാത്രം ചെയ്യിപ്പിച്ച് വിജയിപ്പിച്ച ആളാണ് ഷാഫി. സുരാജിന് ഒരു പക്ഷെ അയാളെക്കാള്‍ പ്രശസ്തനായ ദശമൂലം ദാമുവിനെ നല്‍കി. പ്രതിഭകള്‍ നിറഞ്ഞു നിന്നൊരു ഫ്രെയ്മിലും ഇന്നസെന്റിന് ഒരുപാട് പെര്‍ഫോം ചെയ്യുവാന്‍ പോഞ്ഞിക്കരയെ സൃഷ്ടിച്ചു… അങ്ങനെ എത്ര പറഞ്ഞാലും തീരാത്ത ഒരുപാട് സന്തോഷങ്ങൾ നമുക്ക് സമ്മാനിച്ച ആ അനുഗ്രഹീത കലാകാരന് ആദരാഞ്ജലികൾ അർപ്പിക്കുകയാണ് മലയാളികൾ.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *