
ഞാൻ ആദ്യമായിട്ടാണ് ഇവരുമായി ഇത്രയും ചേർന്ന് നിൽക്കുന്നതും, ചേർത്ത് നിർത്തുന്നതും ! ട്രാന്സ്ജെന്ഡേഴ്സിനൊപ്പം ഓണം ആഘോഷിച്ച് സുരേഷ് ഗോപി !
നടനും പൊതുപ്രവർത്തകനുമായ സുരേഷ് ഗോപി എന്നും എപ്പോഴും വാർത്തകളിൽ നിറഞ്ഞു തന്നെ നിൽക്കും, കഴിഞ്ഞ ദിവസം ഗണേശോത്സത്തോട് അനുബന്ധിച്ച് അദ്ദേഹം നടത്തിയ പ്രസംഗം സമൂഹ മാധ്യമങ്ങളിൽ വൈറലായി മാറിക്കൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹം ഇപ്പോൾ ട്രാന്സ്ജെന്ഡഴ്സിനൊപ്പം ഓണം ആഘോഷിക്കാൻ എത്തിയിരിക്കുന്നത്. ഓണാഘോഷത്തിൽ പങ്കെടുത്ത മുഴുവൻ വ്യക്തികൾക്കും ഓണക്കോടി അദ്ദേഹം വിതരണം ചെയ്തു.
മുംബൈ ആസ്ഥാനമായ പ്രതീക്ഷ ഫൗണ്ടേഷന്റേയും നിലാ ചാരിറ്റബിൾ സൊസൈറ്റിയുടെയും ആഭിമുഖ്യത്തിലായിരുന്നു ഓണാഘോഷ പരിപാടി സംഘടിപ്പിച്ചത്. ട്രാൻസ്ജെൻഡറുകൾക്കുമുന്നിൽ തലകുനിച്ച് അനുഗ്രഹം തേടി. ഇവർക്ക് ഓണ സദ്യയും വിളമ്പി നൽകുകയുണ്ടായി. ശേഷം അദ്ദേഹം മാധ്യമങ്ങളോടായി പറഞ്ഞു.. ഞാൻ ഇതാദ്യമായാണ് ഇവരുമായി ഇത്രയും ചേർന്നു നിൽക്കുന്നതും, ചേർത്തുപിടിക്കുന്നതും. എന്റെ ഗുരു എനിക്കു പറഞ്ഞു തന്നതാണ് ഞാൻ ഇവിടെ ചെയ്തത്. ഇവരുടെ കൈകളിലേക്ക് സന്തോഷം പകർത്തുന്നതിനുവേണ്ടി എന്താണ് ഇവരുടെ ഹൃദയത്തിലേക്ക് പകർന്നു നൽകാൻ പറ്റുക. അവരുടെ പാദം തൊട്ട് നമസ്കരിച്ചതും അതുകൊണ്ടാണ്.

എന്റെ അമ്മയുടെ ഓര്മ എന്റെ ഹൃദയത്തിൽ പതിഞ്ഞുകിടക്കുന്നത് പോലെ പിന്നീടും എന്റെ ജീവിതത്തിൽ ഞാൻ കണ്ട നല്ല കാഴ്ച്ചകൾ എല്ലാം ഹൃദയം കൊണ്ട് പകർത്തിയെടുത്ത ആളാണ് ഞാൻ. ഒരു ഇമോഷണൽ ബീസ്റ്റ് എന്ന ക്ലാസിഫിക്കേഷനിൽ പെടുത്താവുന്ന ആളാണ് ഞാനും. ഇതിപ്പോൾ മറ്റേ ആളുകൾ ഇതുമാത്രം കട്ട് ചെയ്തെടുത്ത് ട്രോൾ ഉണ്ടാക്കും. അതിനുവേണ്ടി ഇട്ടുതന്നതാണ്. എന്നാലും നല്ലത് തിരിച്ചറിയുന്ന ജനങ്ങൾ എനിക്ക് ഒപ്പം ഉണ്ടാകും.
എല്ലാവർക്കും ഇവിടെ തുല്യത വേണം. അവിടെ ജാതി, മതം ഒന്നും ഇടകലർത്തരുത്. ആ തത്വം ഇവിടെ ആഘോഷിക്കപ്പെടുകയാണ്. ട്രാൻസ്‌ജെൻഡർ സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടിയുളള എല്ലാ സഹായവും നൽകുമെന്ന് തൃശൂർ കൗസ്തുഭം ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ചടങ്ങിൽ സുരേഷ് ഗോപി പറഞ്ഞു. സിവിൽ സർവീസ് സ്വപ്‌നം കാണുന്ന അഭിരാമി എന്ന വിദ്യാർഥിക്ക് അതിന്റെ പഠനത്തിനായുളള സഹായവും സുരേഷ്‌ഗോപി പ്രഖ്യാപിച്ചു. എംബിഎ. ബിരുദധാരിയായ അഭിരാമിയുടെ വലിയ സ്വപ്നമാണ് സിവിൽ സർവീസ് നേടുകയെന്നതും വീടുവിട്ടിറങ്ങിയതിനാൽ സാമ്പത്തികസഹായം ആവശ്യമുണ്ടെന്നും സംഘാടകർ പറഞ്ഞപ്പോഴാണ് തന്റെ പ്രസംഗത്തിനിടെ സുരേഷ്ഗോപി സഹായം പ്രഖ്യാപിച്ചത്.
നാളെ തന്നെ ഏതെങ്കിലും മികച്ചപ് കോച്ചിങ് സെന്ററിൽ അഭിരാമിക്ക് പഠിക്കാനുള്ള സഹായം ചെയ്യുമെന്നും, പഠിച്ച് കളക്ടർ ആയി കേരളത്തിൽ തന്നെ പോസ്റ്റിങ്ങ് ലഭിക്കട്ടെ എന്നും അദ്ദേഹം ആശംസിച്ചു. ട്രാൻസ് സമൂഹത്തിന് തന്റെ ഓണസമ്മാനമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. അഭിരാമിയെ ചേർത്തുനിർത്തി സുരേഷ്ഗോപി പറഞ്ഞത് അച്ഛനും മറ്റൊരു മകളും എന്നാണ്. അവതാരകയുടെ ആവശ്യപ്രകാരം കമ്മിഷണർ സിനിമയിലെ ഡയലോഗും വേദിയിൽ പറഞ്ഞ് സുരേഷ്ഗോപി വേദിയിൽ കൈയ്യടികൾ ഏറ്റുവാങ്ങി.
Leave a Reply