
പണം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിപോലും പഠിക്കാതിരിക്കാൻ പാടില്ല ! പാവപ്പെട്ട വിദ്യാർത്ഥികൾക്ക് കൈത്താങ്ങായി സൂര്യ ! അഗരം ഫൗണ്ടേഷൻ
തമിഴ് സിനിമ ലോകത്തെ സൂപ്പർ സ്റ്റാർ എന്നതിനപ്പുറം യഥാർത്ഥ ജീവിതത്തിലും ഒരു സൂപ്പർ സ്റ്റാറാണ് എന്ന് തെളിയിച്ചിരിക്കുകയാണ് നടൻ സൂര്യ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസ ചിലവ് ഏറ്റെടുത്തുകൊണ്ട് അവർക്ക് പഠനത്തിനുള്ള സഹായം ചെയ്യുന്ന സൂര്യയുടെ ഉടമസ്ഥയിലുള്ള അഗരം എന്ന ഫൗണ്ടേഷൻ ഏതൊരു മനുഷ്യനും മാതൃകയാണ്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുട്ടികളുടെ വിദ്യാഭ്യാസം ലക്ഷ്യമാക്കി സൂര്യ നടത്തുന്ന എൻജിഒ ഫൗണ്ടേഷനായ അഗാരത്തിലൂടെ മൂവായിരത്തിലധികം കുട്ടികൾക്ക് ഉന്നത വിദ്യാഭ്യാസത്തിനുള്ള അവസരം ലഭിച്ചിട്ടുണ്ട്.
ഇതിനോടകം തന്നെ 5000 ത്തിലധികം വിദ്യാർത്ഥികളെ കുട്ടികൾക്ക് പുതു ജീവിതം നൽകാൻ അദ്ദേഹത്തിന് സാധിച്ചിട്ടുണ്ട്. അവരിൽ 70% ത്തിലധികവും പെൺകുട്ടികളാണ്, ഇവിടെ പഠിച്ച 54 കുട്ടികൾ ഡോക്ടർമാരായി സേവനമനുഷ്ഠിക്കുന്നുണ്ട്. 1169 എൻജിനീയർമാരും അവിടെ നിന്ന് പഠിച്ചിറങ്ങിയിട്ടുണ്ട്. അഗാരത്തിൽ പഠിച്ചിറങ്ങിയ ആദ്യതലമുറയിലെ കുട്ടികളിൽ 90 ശതമാനം പേരും ബിരുദധാരികളാണ്. മാതാപിതാക്കൾ നഷ്ടപ്പെട്ടതു മൂലം ഉപരിപഠനത്തിന് വഴിയടഞ്ഞ കുട്ടികൾക്കും ഉന്നത വിദ്യാഭ്യാസം നേടാൻ അഗാരം ഫൗണ്ടേഷൻ സഹായിക്കുന്നുണ്ട്.

ഇപ്പോഴിതാ ത്യാഗരായ നഗറിൽ അഗരം ഫൗണ്ടേഷന്റെ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തിരിക്കുകയാണ്, അതിലെ എടുത്തുപറയേണ്ട കാര്യം അതിൽ ഒരുരൂപ പോലും സംഭാവനകളില്ലാതെ, തന്റെ സ്വന്തം കഠിനാധ്വാനം കൊണ്ടാണ് നടൻ ഇതിൻ്റെ നിർമ്മാണം നിർവഹിച്ചത് എന്നതാണ്. മാതാപിതാക്കളില്ലാത്ത വിദ്യാർത്ഥികൾ, സ്കൂൾ പഠനം ഉപേക്ഷിച്ചവർ, പഠിക്കാൻ സാമ്പത്തിക ശേഷിയില്ലാത്തവർ, കോളേജ് പഠനം തുടരാൻ കഴിയാത്തവർ എന്നിവർക്ക് അഗരം ഫൗണ്ടേഷൻ വിദ്യാഭ്യാസം നൽകുന്നു. വിദ്യാഭ്യാസം നൽകുക മാത്രമല്ല, ഉത്തരവാദിത്തമുള്ള വ്യക്തികളാകാൻ വിദ്യാർത്ഥികളെ ശാക്തീകരിക്കുക കൂടിയാണ് ഫൗണ്ടേഷന്റെ ലക്ഷ്യമെന്ന് സൂര്യ ഉദ്ഘാടന ചടങ്ങിൽ പറഞ്ഞു.
Leave a Reply