അങ്കമാലി പയ്യനും അഡാർ പെണ്ണിനും കല്യാണം- കിച്ചു ടെല്ലസിന്റെയും റോഷ്‌നയുടെയും വിവാഹ നിശ്ചയ വിശേഷങ്ങൾ
ഒട്ടേറെ താര വിവാഹങ്ങൾക്ക് മലയാള സിനിമ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഏറെക്കാലത്തെ സൗഹൃദത്തിനും പ്രണയത്തിനുമൊടുവിൽ മറ്റൊരു താരജോഡി കൂടി വിവാഹിതരാകുകയാണ്. അങ്കമാലി ഡയറീസിലൂടെ വെള്ളിത്തിരയിലേക്കെത്തിയ നടൻ കിച്ചു ടെല്ലസും ഒരു അഡാർ ലൗ എന്ന ചിത്രത്തിലൂടെ ശ്രദ്ധനേടിയ നടി റോഷ്‌ന ആൻ റോയിയും.
പെരിന്തൽമണ്ണ ഫാത്തിമ മാതാ ഫെറോന പള്ളിയിൽ വച്ചുനടന്ന വിവാഹ നിശ്ചയ ചടങ്ങുകളുടെ ചിത്രങ്ങളും വീഡിയോയും സമൂഹ മാധ്യങ്ങളിൽ ശ്രദ്ധ നേടുകയാണ്. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ച് അടുത്ത ബന്ധുക്കൾ മാത്രമാണ് വിവാഹ നിശ്ചയ ചടങ്ങിൽ പങ്കെടുത്തത്. പച്ച നിറത്തിലുള്ള വസ്ത്രങ്ങളാണ് കിച്ചുവും റോഷ്‌നയും വിവാഹ നിശ്ചയത്തിനായി തിരഞ്ഞെടുത്തത്.
ബ്രൈഡൽ ലഹങ്കയിൽ റോഷ്‌നയും സ്യൂട്ടിൽ കിച്ചുവും തിളങ്ങി. വിവാഹ നിശ്ചയത്തിന്റെ ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട് റോഷ്‌ന കുറിച്ചത് ഞാൻ ഏറ്റവും എളുപ്പത്തിൽ യെസ് പറഞ്ഞത് ഇക്കാര്യത്തിൽ മാത്രമാണ് എന്നാണ്. സിനിമാലോകത്തുനിന്നും ഒട്ടേറെപ്പേർ കിച്ചുവിനും റോഷ്‌നയ്‌ക്കും ആശംസകൾ അറിയിച്ചു.
‘അങ്കമാലി ഡയറീസ്’ എന്ന ലിജോ ജോസ് പെല്ലിശ്ശേരി ചിത്രത്തിലൂടെയാണ് കിച്ചു ടെല്ലസ് പ്രേക്ഷകർക്ക് സുപരിചിതനായത്. പോർക്ക് വർക്കി എന്ന വേഷത്തിലാണ് കിച്ചു ടെല്ലസ് ചിത്രത്തിൽ അഭിനയിച്ചത്. നടനും തിരക്കഥാകൃത്തുമാണ് കിച്ചു ടെല്ലസ്. അങ്കമാലി ഡയറീസിന് ശേഷം ‘സ്വാതന്ത്ര്യം അര്‍ധരാത്രിയില്‍’, ‘ജല്ലിക്കട്ട്’ തുടങ്ങിയ ചിത്രങ്ങളിലും കിച്ചു ടെല്ലസ് അഭിനയിച്ചിരുന്നു. തണ്ണീർമത്തൻ ദിനങ്ങളിലൂടെയും ശ്രദ്ധേയനാണ് കിച്ചു ടെല്ലസ്. അജഗജാന്തരം, ആൾക്കൂട്ടത്തിൽ ഒരുവൻ തുടങ്ങി നിരവധി ചിത്രങ്ങളിൽ കിച്ചു വേഷമിടുന്നുണ്ട്. ടിനു പാപ്പച്ചൻ സംവിധാനം നിർവഹിക്കുന്ന അജഗജാന്തരം എന്ന ചിത്രത്തിന്റെ തിരക്കഥാകൃത്ത് കൂടിയാണ് കിച്ചു.
അതേസമയം, ഒമർ ലുലു സംവിധാനം ചെയ്ത അഡാർ ലവ് എന്ന ചിത്രത്തിലൂടെ ശ്രദ്ധേയയായായ താരമാണ് റോഷ്‌ന ആൻ റോയ്. ചിത്രത്തിലെ ബയോളജി അധ്യാപികയായ സ്നേഹ എന്ന കഥാപാത്രത്തിലൂടെയാണ് റോഷ്‌ന ശ്രദ്ധ നേടിയത്. റോഷ്‌നയുടെ ടീച്ചർ കഥാപാത്രത്തോട് പ്രണയം തോന്നാത്തവർ ചുരുക്കമാണ്. കാരണം, ആദ്യ സിനിമയിലൂടെ തന്നെ റോഷ്‌ന വളരെയധികം ശ്രദ്ധിക്കപ്പെട്ടു. പിന്നീട്, പാപം ചെയ്തവർ കല്ലെറിയട്ടെ, സുല്ല്, ധമാക്ക എന്നീ ചിത്രങ്ങളിലും റോഷ്‌ന അഭിനയിച്ചിട്ടുണ്ട്.
നവമാധ്യമങ്ങളിൽ സജീവമായ താരം തൻ്റെ ജീവിതത്തിലെ സുന്ദരമുഹൂർത്തങ്ങൾ ഓരോന്നും സോഷ്യൽ മീഡിയയിലൂടെ പങ്കുവെയ്ക്കാറുണ്ട്. വിവാദങ്ങൾക്കോ ഗോസ്സിപ്പുകൾക്കോ ഇടനൽകാതെ ഉള്ളിലെ ഇഷ്ടം തുറന്നു പറയുകയും അത് സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെ അറിയിക്കാനും റോഷ്‌നയും കിച്ചുവും ധൈര്യം കാണിച്ചു. ഒന്നിച്ചുള്ള ചിത്രത്തിനൊപ്പമാണ് വിവാഹിതരാകുന്ന സന്തോഷം റോഷ്‌ന സമൂഹമാധ്യമങ്ങളിൽ പങ്കുവെച്ചത്. “1100 ദിവസത്തെ പ്രണയവും സൗഹൃദവും, അതെ ഞങ്ങൾ വിവാഹിതരാകുകയാണ്.
സന്തോഷമുള്ളൊരു ജീവിതത്തിനായി കാത്തിരിക്കുകയാണ്. ട്രൂ ലവ് ഇപ്പോഴുമുണ്ടെന്നു തെളിയിച്ചതിനും എന്നെ ഇങ്ങനെ സ്നേഹിച്ചതിനും ഒരുപാട് നന്ദി, എല്ലാവരുടെയും പ്രാർത്ഥനയും അനുഗ്രഹവും ഞങ്ങൾക്കൊപ്പം വേണം”. വിവാഹ വാർത്ത പങ്കുവെച്ചുകൊണ്ട് റോഷ്‌ന കുറിച്ചു. വിവാഹം എന്നാണെന്ന് താരജോഡികൾ പങ്കുവയ്ക്കുന്നതിനായി കാത്തിരിക്കുകയാണ് ആരാധകർ.
Leave a Reply