എന്നെ സഹിച്ചിങ്ങനെ നിൽക്കുന്നതിന് നന്ദി മച്ചാ’- ഷാനി ഷാകിക്ക് പിറന്നാൾ ആശംസിച്ച് ദുൽഖർ
സൗഹൃദങ്ങൾ കാത്തു സൂക്ഷിക്കുന്നതിൽ മുൻപന്തിയിലാണ് നടൻ ദുൽഖർ സൽമാൻ. സിനിമയ്ക്ക് അകത്തും പുറത്തും നിരവധി സുഹൃത്തുക്കളുണ്ട് താരത്തിന്. ജീവിതത്തിൽ വളരെയധികം അടുപ്പമുള്ള ഒരു സുഹൃത്തിന് ദുൽഖർ പിറന്നാൾ ആശംസിച്ചതാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. നടനും ഫോട്ടോഗ്രാഫറുമായ ഷാനി ഷാകിക്കാണ് താരം ആശംസ അറിയിച്ചത്. സുഹൃത്തും കുടുംബത്തിന് വളരെയധികം അടുപ്പമുള്ള ആളുമാണ് ഷാനി എന്ന് ദുൽഖർ പറയുന്നു. കുടുംബത്തിലെ അംഗം തന്നെയാണ് എന്നും ആർക്കുമറിയാത്ത തന്റെ പിടിവാശികളൊക്കെ സഹിക്കുന്ന ആളാണെന്നുമാണ് ഷാനിയെ കുറിച്ച് ദുൽഖർ സൽമാൻ കുറിക്കുന്നത്.
‘ഇവൻ ഞങ്ങളുടെ കുടുംബത്തിലെ അംഗം തന്നെയാണ്. നിങ്ങൾക്ക് ആവശ്യമുള്ളപ്പോഴും ചിലപ്പോൾ ആവശ്യമില്ലാത്തപ്പോഴും കൂടെ ഇവനുണ്ടാകും. തമാശ അവിടെ നിൽക്കട്ടെ.. നിന്റെ അടുത്തുമാത്രം ഞാൻ പുറത്തെടുക്കുന്ന പിടിവാശികളൊക്കെ സഹിച്ചിങ്ങനെ നിൽക്കുന്നതിന് ഒരുപാട് നന്ദി. ഞങ്ങളെല്ലാവരും ഒരുപോലെ വിശ്വസിക്കുന്ന ആളാണ് നീ. ഹാപ്പി ബർത്തഡേ മച്ചാ’- ദുൽഖർ സൽമാന്റെ വാക്കുകൾ.
ഷാനിക്കൊപ്പമുള്ള ചിത്രവും ദുൽഖർ പങ്കു വെച്ചിട്ടുണ്ട്. ഇവർക്കിടയിൽ ഇങ്ങനെയൊരു സൗഹൃദം ഉണ്ടെന്ന് അറിഞ്ഞില്ലെന്നാണ് ആരാധകരുടെ പ്രതികരണം. ദുൽഖർ സൽമാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലായതോടെ നിരവധിപ്പേരാണ് ഷാനിക്ക് പിറന്നാൾ ആശംസിച്ച് രംഗത്തെത്തിയത്. ഫാഷൻ ഫോട്ടോഗ്രാഫറും നടനും ചിത്രകാരനുമാണ് ഷാനി ഷാകി. ഇനി സംവിധാനത്തിലേക്കും ചുവടുവയ്ക്കുകയാണ് ഇദ്ദേഹം. ഓ മദർ ഇന്ത്യ എന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഷാനി ഷാകി ആണ്.
ബിടെക്’ സംവിധാനം ചെയ്ത മൃദുൽ നായര്‍ ഒരുക്കുന്ന ‘ഇൻസ്റ്റഗ്രാമം’ എന്ന വെബ് സീരിസിൽ വേഷമിട്ട ഷാനിയെ നീ കൊ ഞാ ചാ, ബി ടെക് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് പ്രേക്ഷകർക്ക് പരിചയം. അഭിനയത്തിലും സജീവമാണെങ്കിലും ഫോട്ടോഗ്രഫിയാണ് ഷാനി ഷാകിയുടെ മേഖല. ദുൽഖർ സൽമാൻ അടക്കമുള്ള നിരവധി താരങ്ങളുടെ ഫോട്ടോഷൂട്ടുകൾ ഷാനി ചുക്കാൻ പിടിച്ചിട്ടുണ്ട്.
മെക്കാനിക്കൽ എഞ്ചിനിയറിങ് ബിരുദധാരിയായ ഷാനി കണ്ണൂർ സ്വദേശിയാണ്. സുഹൃത്തായ സംവിധായകൻ മാർട്ടിൻ പ്രക്കാട്ട് വഴിയാണ് ഷാനി മമ്മൂട്ടിയെ പരിചയപ്പെടുന്നത്. ഷാനിയുടെ ഫോട്ടോഷൂട്ടുകൾ മമ്മൂട്ടിക്ക് പ്രിയങ്കരമായിരുന്നു. അങ്ങനെയാണ് ഫാഷൻ ഫോട്ടോഗ്രഫിയിൽ ചുവടുറപ്പിച്ചത്. പിന്നീട് നിരവധി താരങ്ങളുടെ ഫോട്ടോഷൂട്ടുകളുടെ ഭാഗമായി ഷാനി ഷാകി.
നീ കൊ ഞാ ചാ എന്ന സിനിമയുടെ പ്രൊമോ ഷൂട്ട് നടത്തിയതിലൂടെയാണ് ഷാനി സിനിമാലോകത്തേക്ക് എത്തിയത്. സീനിയേഴ്‌സ്, കളക്ടർ തുടങ്ങിയ ചിത്രങ്ങളിൽ വേഷമിട്ടിട്ടുണ്ടെങ്കിലും ശ്രദ്ധേയമായത് നീ കൊ ഞാ ചായിലെ വേഷമാണ്. വേഗം എന്ന സിനിമയിലെ സെബാട്ടി എന്ന വില്ലൻ വേഷവും ഹിറ്റായിരുന്നു. ഫോട്ടോഗ്രഫി ഉപേക്ഷിക്കാത്ത ഷാനി ഷാകി കഴിഞ്ഞ വർഷം കൊച്ചിയിൽ വെച്ച് നടത്തിയ ഫോട്ടോ എക്‌സ്‌പോ വൈറലായി മാറിയിരുന്നു. എ ഫോറസ്റ്റ് ഫയറി എന്ന എക്‌സിബിഷനിൽ ഫോണിലെടുത്ത ചിത്രങ്ങളാണ് ഷാനി ഷാകി പ്രദർശിപ്പിച്ചത്.
Leave a Reply