
രാമനാഥൻ എന്റെ കൈവിട്ടു പോയതാണെന്ന് വിനീത് ! തന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭാഗ്യമായിരുന്നു രാമനാഥനെന്ന് ശ്രീധറും ! വാക്കുകൾ ശ്രദ്ധ നേടുന്നു !
മണിച്ചിത്രത്താഴ് എന്ന സൂപ്പർ ഹിറ്റ് ചിത്രം ഇന്നും മലയാളികളുടെ മനസിൽ നിന്നും മാഞ്ഞിട്ടില്ല. അതിലെ ഓരോ കഥാപാത്രങ്ങളും ഇന്നും നമ്മുടെ മനസ്സിൽ അതുപോലെ നിൽക്കുന്നു. അതിൽ രാമനാഥൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചത് മലയാളികൾക്ക് അത്ര പരിചിതനല്ലാതിരുന്ന കന്നഡയിലെ പ്രശസ്ത നടൻ ഡോ. ശ്രീധർ ശ്രീറാം ആയിരുന്നു. എന്നാൽ അത് തനിക്ക് നഷ്ടപ്പെട്ടുപോയ ഒന്നായിരുന്നു എന്നാണ് വിനീത് പറയുന്നത്. വിനീതിന്റെ വാക്കുകൾ ഇങ്ങനെ,
തന്റെ കരിയറിലെ ഏറ്റവും വലിയ ഒരു നഷ്ടമായിരുന്നു മണിച്ചിത്രതാഴിലെ രാമനാഥൻ എന്നാണ് വിനീത് പറയുന്നത്. അന്ന് ഫാസിൽ ആദ്യമായി സമീപിച്ചത് വിനീതിനെ ആയിരുന്നു, പക്ഷെ അന്ന് പരിണയം എന്ന ചിത്രത്തിന്റെ തിരക്കുകളിൽ ആയിരുന്ന വിനീതിന് ഈ ചിത്രം നഷ്ടമാകുകയാണ് ചെയ്തത്. പക്ഷെ പരിണയത്തിലും വളരെ മികച്ച വേഷമായിരുന്നു വിനീതിന്. മലയാളത്തിൽ രാമനാഥൻ കൈവിട്ടെങ്കിലും തമിഴിലും ഹിന്ദിയിലും മണിച്ചിത്രത്താഴിന്റെ റീമേക്കുകളിൽ അഭിനയിക്കുവാനുള്ള ഭാഗ്യം വിനീതിന് തന്നെയായിരുന്നു.
എന്നാൽ തന്റെ ജീവിതത്തിൽ ലഭിച്ച ഏറ്റവും വലിയ ഭാഗ്യമായിരുന്നു രാമനാഥൻ എന്നാണ് ശ്രീധർ ശ്രീറാം പറയുന്നത്. അദ്ദേഹം പറയുന്നത് ഇങ്ങനെ, മണിച്ചിത്രത്താഴ്’ ശരിക്കും ചരിത്രമാണ്. ഇന്നും എല്ലാ മാസവും ഏതെങ്കിലും ചാനലി ൽ ‘മണിച്ചിത്രത്താഴ്’ ഉണ്ടാകും. അന്ന് ഫോൺ വിളികൾ ഉറപ്പാണ്. ഇപ്പോഴും എന്നെ തിരിച്ചറിയുന്ന ഒരുപാട് പേരുണ്ട്, വിദേശ രാജങ്ങളിൽ പരിപാടികൾക്ക് പോകുമ്പോഴും അവിടെയും ഒരുപാട് പേര് രാമനാഥനെ കാണാനും പരിചയപ്പെടാനും ഓടി എത്താറുണ്ട്, അതൊരു ഭാഗ്യമാണ്…

രാമനാഥൻ ആകുന്നതിന് മുമ്പ് തന്നെ ഞാൻ കന്നടയിൽ 65 സിനിമകളിൽ നായകനായും അല്ലാതെയും അഭിനിയിച്ചു. എങ്കിലും രാമനാഥനാണ് ഇന്നും മറക്കാനാകാത്ത കഥാപാത്രം. മലയാള സിനിമ ഇതുവരെ കണ്ട ഏറ്റവും മനോഹരമായ നൃത്തരംഗമാണ് നാഗവല്ലിയും രാമനാഥനും കൂടിയുള്ളത്. മണിച്ചിത്രത്താഴിനു മുമ്പ് ഞാനും ശോഭനയും ഒരുമിച്ചും ഒരു തമിഴ് സിനിമ ചെയ്തിരുന്നു. അങ്ങനെ ശോഭനയാണ് എന്നെ എന്റെ പേര് നിർദേശിച്ചത്. വളരെ സങ്കീർണമായ അവതരണ രീതിയാണ് ‘മണിച്ചിത്രത്താഴി’ന്റേത്. ഫാന്റസിയും റിയാലിറ്റിയും ഒരുപോലെ.
ചിത്രത്തിന്റെ ക്ലൈമാക്സാണ് ഏറ്റവും കുഴപ്പം പിടിച്ചത്. ഞാനും ശോഭനയും പ്രൊഫഷനൽ നർത്തകരായതിനാൽ നൃത്തസംവിധായകൻ തന്നെയാണ് ഞങ്ങളോട് ‘ഒരു മുറൈ വന്ത്’ എന്ന ഗാനത്തിന് ചുവടുകൾ ചിട്ടപ്പെടുത്താൻ ആവശ്യപ്പെട്ടത്, ശോഭനയാണ് സ്റ്റെപ്പുകൾ ഏറെയും നിർദേശിച്ചത്. നാഗവല്ലിയെ മന്ത്രവാദ കളത്തിലേക്ക് എത്തിക്കുന്ന രംഗമുണ്ട്. അത് എങ്ങനെ ആകണം എന്ന് എല്ലാവരും ആലോചിച്ച് ഇരുന്നപ്പോൾ ഞാനാണ് അങ്ങനെ ഒരു അഭിപ്രായം പറഞ്ഞത്, നൃത്തത്തിലൂടെ ഇതിലേക്ക് വരാം എന്ന എന്റെ നിർദേശം അവർക്കിഷ്ടപ്പെട്ടു. അങ്ങനയാണ് ആ രംഗം ഉണ്ടായത് എന്നും അദ്ദേഹം ഓർക്കുന്നു….
Leave a Reply