
സത്യം പറയുന്ന പ്രേംകുമാറിനെ പോലുള്ളവർക്കെതിരെ ചന്ദ്രഹാസമിളക്കുകയല്ല വേണ്ടത് ! പ്രേംകുമാറിനെ പിന്തുണച്ച് ശ്രീകുമാരൻ തമ്പി
നടനും സംസ്ഥാന ചലച്ചിത്ര അക്കാദമി ചെയർമാനുമായ പ്രേംകുമാർ മലയാള ടെലിവിഷൻ സീരിയലുകളെ കുറിച്ച് പറഞ്ഞിരുന്നു വാക്കുകൾ വലിയ വിവാദമായി മാറിയിരുന്നു, ചില മലയാളം സീരിയലുകൾ എന്‍ഡോസള്‍ഫാന്‍ പോലെ സമൂഹത്തിന് മാരകമാണെന്നും സീരിയലുകള്‍ക്ക് സെന്‍സറിങ് ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു, എന്നാൽ ഈ വാക്കുകൾ അദ്ദേഹം പിൻവലിക്കണം എന്നും മാപ്പ് പറയണമെന്നും സീരിയൽ താരങ്ങളും അവരുടെ സംഘടനകളും ആവിശ്യപെട്ടിരുന്നു. എന്നാൽ താൻ പറഞ്ഞ വാക്കുകളിൽ തന്നെ ഉറച്ചു നിൽക്കുന്നു എന്നാണ് പ്രേംകുമാർ പറയുന്നത്.
എന്നാൽ ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രേംകുമാറിനെ പിന്തുണച്ച് സംവിധായകനും എഴുത്തുകാരനുമായ ശ്രീകുമാരൻ തമ്പി എത്തിയിരിക്കുകയാണ്. സീരിയലുകൾക്ക് സെൻസർഷിപ്പ് എന്ന ആവശ്യം ആദ്യം ഉന്നയിച്ചത് താനാണെന്ന് ശ്രീകുമാരൻ തമ്പി പറഞ്ഞു. പത്തിലധികം പരമ്പരകൾ സ്വന്തമായി നിർമിച്ച് സംവിധാനം ചെയ്തയാളാണ്. സ്വന്തമായി പരമ്പര നിർമിച്ചുകൊണ്ടിരുന്ന കാലത്തുതന്നെ സെൻസർഷിപ്പിന്റെ ആവശ്യകതയെക്കുറിച്ച് താൻ സംസാരിച്ചിരുന്നെന്നും ശ്രീകുമാരൻ തമ്പി പറഞ്ഞു.

അദ്ദേഹം പങ്കുവെച്ച കുറിപ്പിന്റെ പൂർണ്ണ രൂപമിങ്ങനെ, സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമാണെന്ന് ആദ്യം ആവശ്യപ്പെട്ടത് ഞാനാണ്. മോഹനദർശനം, മേളപ്പദം, (രണ്ടും –ദൂരദർശൻ) അക്ഷയപാത്രം, സപത്നി, അക്കരപ്പച്ച, ദാമ്പത്യഗീതങ്ങൾ, അമ്മത്തമ്പുരാട്ടി (അഞ്ചും- ഏഷ്യാനെറ്റ്), അളിയന്മാരും പെങ്ങന്മാരും, കോയമ്പത്തൂർ അമ്മായി (രണ്ടും-അമൃത ടിവി) പാട്ടുകളുടെ പാട്ട്, (സൂര്യ ടിവി) ബന്ധുവാര് ശത്രുവാര് (മഴവിൽ മനോരമ) എന്നീ പരമ്പരകൾ സ്വന്തമായി നിർമിച്ച് സംവിധാനം ചെയ്ത വ്യക്തിയാണ് ഞാൻ. ദേശാഭിമാനി വാരികയിൽ വർഷങ്ങൾക്കു മുമ്പ് പരസ്യപ്പെടുത്തിയ എന്റെ അഭിമുഖത്തിലാണ് ഈ ശക്തമായ അഭിപ്രായം ഞാൻ പ്രകടിപ്പിച്ചത്.
സ്വന്തമായി പരമ്പര നിർമിച്ചുകൊണ്ടിരുന്ന സമയത്തു തന്നെയാണ് ഞാൻ ഇങ്ങനെയൊരു അഭിപ്രായം തുറന്നു പറഞ്ഞത്. ഇതിനെ പിന്തുണച്ചു കൊണ്ട് മാതൃഭൂമി ടിവിയും മറ്റും അക്കാലത്തു ചർച്ചകൾ നടത്തുകയുണ്ടായി. ഇപ്പോൾ അതേ അഭിപ്രായം ചലച്ചിത്ര അക്കാദമി ചെയർമാൻ ശ്രീ പ്രേംകുമാർ പ്രകടിപ്പിച്ചിരിക്കുന്നു. ഞാൻ അദ്ദേഹത്തോടു പൂർണമായും യോജിക്കുന്നു. എന്നാൽ പ്രേംകുമാറിനെ എതിർത്തുകൊണ്ട് ആരൊക്കെയോ രംഗത്തു വന്നിരിക്കുന്നതായി കാണുന്നു. തീയേറ്ററുകളിൽ പ്രദർശിപ്പിക്കുന്ന സിനിമയ്ക്ക് സെൻസർഷിപ്പ് വേണം, വീടുകളിൽ പ്രദർശിപ്പിക്കുന്ന സീരിയലുകൾക്ക് സെൻസർഷിപ് ആവശ്യമില്ല എന്ന് പറയുന്നതിലെ അനൗചിത്യം ബന്ധപ്പെട്ടവർ മനസ്സിലാക്കണം എന്നും ശ്രീകുമാരൻ തമ്പി പറയുന്നു.
Leave a Reply