‘അമ്പലത്തില്‍ എന്തിന് സറക്ക് വെച്ച്റ്ക്ക്’: അടുത്ത ക്ഷേത്രത്തില്‍ നിന്നുള്ള കാതടപ്പിക്കുന്ന പാട്ടിനെതിരെ അഹാന, പിന്തുണച്ച് മലയാളികൾ

ഇന്ന് മലയാളത്തിൽ ഏറെ ശ്രദ്ധ നേടിയ നടിയും സോഷ്യൽ മീഡിയയിൽ വലിയ താരവുമായ ആളാണ് അഹാന കൃഷ്ണ. ഇപ്പോഴിതാ അഹാനയുടെ ഒരു പോസ്റ്റ് വലിയ ചർച്ചയായി മാറുകയാണ്. വീട്ടിന് അടുത്ത ക്ഷേത്രത്തില്‍ നിന്നും കൂടിയ ശബ്ദത്തില്‍ പാട്ടുകള്‍ വയ്ക്കുന്നതിനെതിരെയാണ് അഹാന പ്രതികരിച്ചിരിക്കുന്നത്. തിരുവനന്തപുരം മരുതംകുഴിയിലെ അഹാനയുടെ വീട്ടിന് സമീപത്തെ ക്ഷേത്രത്തിലെ ഉത്സവത്തിനോട് അനുബന്ധിച്ച് പാട്ട് വച്ചതിനെയാണ് അഹാന വിമര്‍ശിക്കുന്നത്. ഉത്സവകാലത്ത് ക്ഷേത്രത്തിനുള്ളില്‍ നടക്കുന്നത് കാണാന്‍ താല്‍പ്പര്യമുള്ളവര്‍ അവിടെ വന്ന് കാണുമെന്നും എല്ലാവരെയും കോളമ്പി വച്ച് അറിയിക്കേണ്ടതില്ലെന്നും അഹാന സോഷ്യല്‍ മീഡിയയില്‍ എഴുതി. ക്ഷേത്രത്തില്‍ ഭക്തിഗാനത്തിന് പകരം തമിഴ് അടിച്ച് പൊളി ഗാനങ്ങളാണ് ഇടുന്നത് എന്നും അഹാനയ്ക്ക് വിമര്‍ശനമുണ്ട്.

അഹാനയുടെ പോസ്റ്റിലെ വാക്കുകൾ ഇങ്ങനെ, ‘ഇതാണോ കാവിലെ പാട്ടുമത്സരം’ എന്ന് ചോദിച്ച് അഹാന ഒരു ആഴ്ചയിലേറെയായി ഇത് തുടരുന്നുവെന്നും ഒരു മാറ്റവും ഇല്ലെന്നും അഹാന സ്റ്റോറിയില്‍ കുറിക്കുന്നു. രാവിലെ 9 മുതല്‍ രാത്രി 11വരെ ഇതാണ് അവസ്ഥ എന്നും നടി കൂട്ടിച്ചേര്‍ക്കുന്നു. വയ്യ എനിക്കീ പാട്ടുകാരെക്കൊണ്ട് എന്നും മറ്റൊരു സ്റ്റോറിയില്‍ അഹാന കുറിച്ചിട്ടുണ്ട്. മാത്രമല്ല അമ്പലത്തിൽ തമിഴ് ഡപ്പാം കൂത്ത് സോങ് ലൗണ്ട് സ്പീക്കറിൽ പ്ലെ ചെയ്തതിന്റെ വീഡിയോയും അഹാന പങ്കുവെച്ചിട്ടുണ്ട്. അമ്പലത്തിൽ ഇടാൻ‌ പറ്റിയ സൂപ്പർ പാട്ട്… ഇതൊക്കെ കേട്ടാൽ താനും പാട്ടിനൊപ്പം വൈബ് ചെയ്ത് പോകുമെന്നും അഹാന കുറിച്ചു. ദേവൂഡാ ദേവൂഡാ, സറക്ക് വെച്ച്റ്ക്കേൻ എന്നീ പാട്ടുകളാണ് ക്ഷേത്രത്തിൽ നിന്നും ലൗണ്ട് സ്പീക്കറിൽ പ്ലെ ചെയ്തത്.

സാധാരണ രീതിയിൽ അഹാനയുടെ വാക്കുകളെ അച്ഛന്റെ രാഷ്ട്രീയവുമായി ബന്ധപ്പെടുത്തി ഏറെ വിമർശനങ്ങൾ നടി നേരിടാറുണ്ട്, എന്നാൽ അഹാനയുടെ ഈ പോസ്റ്റിന് ഏവരും പോസിറ്റീവ് ആയിട്ടാണ് പ്രതികരിച്ചിരിക്കുന്നത്. ഇത്തരം പ്രശ്നങ്ങള്‍ പലയിടത്തും ഉണ്ടെന്നും, ഇതിൽ നിയമപരമായി മാറ്റം കൊണ്ടുവരേണ്ടതാണെന്നും പലരും അഭിപ്രായപ്പെടുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *