പ്രതിഫലം കുറക്കില്ല ! അഭിനേതാക്കള്‍ സിനിമ നിർമ്മിക്കുന്നതിൽ നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ല ! നിര്‍മ്മാതാക്കളുടെ സംഘടനയ്‌ക്കെതിരെ ‘അമ്മ

മലയാള സിനിമ മേഖല കടന്നു പോകുന്നത് കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ കൂടി ആണെന്നും ഇത് പരിഹരിക്കാൻ താരങ്ങൾ അവരുടെ പ്രതിഫലം കുറയ്ക്കണമെന്നും നിർമ്മാതാക്കളുടെ സംഘടനാ അറിയിച്ചിരുന്നു. ഇപ്പോഴിതാ ഈ വിഷയത്തിൽ തങ്ങളുടെ നിലപാട് വ്യക്തമാക്കിയിരിക്കുകയാണ് അമ്മ താര സംഘടന. അഭിനേതാക്കള്‍ പ്രതിഫലം കുറയ്ക്കണമെന്ന പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ആവശ്യം തള്ളിയിരിക്കുകയാണ് അമ്മ ഇപ്പോൾ. ജൂണ്‍ ഒന്ന് മുതല്‍ നിര്‍മ്മാതാക്കള്‍ നടത്താനിരിക്കുന്ന സിനിമാ സമരം എന്ന തീരുമാനം അംഗീകരിക്കാനാവില്ല എന്നും അമ്മ ഇന്ന് ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി.

അതുപോലെ താരങ്ങൾ തന്നെ അവരവരുടെ സിനിമകൾ നിർമ്മിക്കുന്നതിലും താരങ്ങൾ നിർമ്മാണ രംഗത്തേക്ക് വരുന്നതിലും സുരേഷ് കുമാർ എതിർപ്പ് അറിയിച്ചിരുന്നു. ഈ സാഹചര്യത്തിൽ അഭിനേതാക്കള്‍ സിനിമയില്‍ അഭിനയിക്കുന്നതും നിര്‍മ്മിക്കുന്നതിലും നിര്‍മ്മാതാക്കളുടെ സംഘടന ഇടപെടുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്നും സംഘടന വ്യക്തമാക്കി. ചലച്ചിത്ര താരങ്ങളായ മോഹന്‍ലാല്‍, സുരേഷ് ഗോപി, മഞ്ജുപിള്ള, ബേസില്‍ ജോസഫ്, അന്‍സിബ, ടൊവിനോ തോമസ്, സായ്കുമാര്‍, വിജയരാഘവന്‍ തുടങ്ങിയ താരങ്ങള്‍ യോഗത്തില്‍ പങ്കെടുക്കുന്നതിനായി കൊച്ചിയിലെ അമ്മ ഓഫീസില്‍ എത്തിയിരുന്നു.

താരങ്ങൾ പ്രതിഫലം കുറയ്ക്കണമെന്ന ആവിശ്യം അമ്മ സംഘടനക്ക് കത്ത് അയച്ച് നിർമ്മാതാക്കളുടെ സംഘടനാ നിലപാട് അറിയിക്കാൻ പറഞ്ഞ സാഹചര്യത്തിലാണ് ഇപ്പോൾ അമ്മ നിര്‍ണായക യോഗം വിളിച്ച് ചേര്‍ത്തത്. കൊച്ചിയിലുള്ള താരങ്ങളോടെല്ലാം യോഗത്തില്‍ പങ്കെടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അടിയന്തരയോഗം വിളിച്ച് ചേര്‍ത്തത്. അതേസമയം, ഇന്ന് ഉച്ചയ്ക്ക് നിര്‍മ്മാതാക്കളുടെ സംഘടന എക്സിക്യൂട്ടീവ് യോഗം ചേരും, സുരേഷ് കുമാറും യോഗത്തിൽ ഉണ്ടായിരിക്കും, എന്നാൽ ഇത്തവണയും ആന്റണി പെരുമ്പാവൂർ എത്തില്ല എന്നാണ് റിപ്പോർട്ട്. ഇത് വീണ്ടും സംഘടനകളെ പ്രതിസന്ധിയിലാക്കിയേക്കും.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *