അമ്മച്ചീടെ കയ്യിൽ നിന്നും പത്ത് രൂപ മേടിച്ച്‌ പണിക്ക് പോകും, കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങളും ഗസ്റ്റ് ആയി പോയിട്ടുള്ളതുമായ കൂലിപ്പണിക്കാരനാണ് ഞാൻ, ജീവിതം പറഞ്ഞ് ബിനീഷ് ബാസ്റ്റിൻ !

മലയാളി പ്രേക്ഷകർക്ക് വളരെ സുപരിചിതനായ ആളാണ് നടൻ  ബിനീഷ് ബാസ്റ്റിൻ. വില്ലൻ വേഷങ്ങളിലും സഹ താരമായും ഏറെ കാലമായി സിനിമ ലോകത്ത് സജീവമായിട്ടുള്ള ആളാണ് ബിനീഷ്. സ്റ്റാർ മാജിക്ക് പരിപാടിയിൽ സജീവമാണ് താരം. വീട്ടിലെ വിശേഷങ്ങളും നാട്ടുവർത്താമനങ്ങളുമൊക്കെ താരം സോഷ്യൽ മീഡിയ വഴി പങ്കുവെക്കാറുണ്ട്. പഴയകാല അനുഭവത്തെ കുറിച്ച്‌ ബിനീഷ് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്. തന്റെ ആരാധകരോട് വളരെ സാധാരണക്കാരനായി പെരുമാറാറുള്ള ബിനീഷിന് ആരാധകർ ഏറെയാണ്.

അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ, ഏഴ് വർഷം മുമ്പ് വരെ എനിക്ക് കൺസ്ട്രക്ഷൻ മേഖലയിൽ ടൈൽസിന്റെ പണിയായിരുന്നു. സ്റ്റേജ് പരിപാടികളൊക്കെ പുറകിൽ നിന്നും കണ്ടിരുന്ന ആളാണ് ഞാൻ. അന്ന് നാല് ദിവസമെ പണിക്ക് പോകൂ. തിങ്കളും ചൊവ്വയും ലീവ് എടുക്കും. ശനിയാഴ്ച കിട്ടുന്ന തുകയിൽ നിന്നും കുറച്ച്‌ അമ്മച്ചിക്ക് കൊടുക്കും. പിറ്റേദിവസം മാർക്കറ്റിൽ പോയി മീനോ ചിക്കനോ ബീഫോ വാങ്ങി ഉച്ചയ്ക്ക് അടിപൊളി ഭക്ഷണം കഴിക്കും. ആ സമയത്തൊക്കെ ഇച്ചിരി നല്ല ആഹാരം കഴിക്കുന്നത് ഞായറാഴ്ച മാത്രമാണ്.

ശേഷം വൈകുന്നേരം സുഹൃത്തുക്കളുമായി ചേർന്ന് ഒരു ചെറുതടിക്കും. പിന്നെ ആ അടിച്ചതിന്റെ ക്ഷീണം ആകും തിങ്കളാഴ്ച. ചൊവ്വാഴ്ച പണി സ്ഥലത്ത് പോയിട്ട് തിരിച്ചു വരും. ശേഷം എവിടെയെങ്കിലും സിനിമയുടെ പൂജ നടക്കുന്നിടത്ത് പോയി ചാൻസ് ചോദിക്കും. ബുധനാഴ്ച ആകുമ്പോൾ അഞ്ചിന്റെ പൈസ കാണില്ല. അങ്ങനെ വീണ്ടും അമ്മച്ചീടെ കയ്യിൽ നിന്നും പത്ത് രൂപ മേടിച്ച്‌ പണിക്ക് പോകും. അന്ന് പത്ത് രൂപയ്ക്ക് വലിയ വിലയാണ്. എത്ര വലിയ സെലിബ്രിറ്റിയായാലും നല്ല കാലം എന്നത് പണിക്ക് പോകുന്നതും പഠിക്കുന്നതുമായ കാലഘട്ടമാണ്.

പണ്ടൊക്കെ ഈ നോൺവെജ് ആഹാരമൊക്കെ കഴിക്കാൻ വലിയ കൊതിയായിരുന്നു, പക്ഷെ അതിനുള്ള നിവൃത്തി ഇല്ലാത്തത് കൊണ്ട് അതൊന്നും നടന്നില്ല. ഇന്ന് ചിക്കൻ സ്റ്റാൾ മൊത്തം വാങ്ങിക്കാനുള്ള പൈസ കിട്ടിയപ്പോൾ, ജീവിതത്തിൽ പത്യമായി. ആദ്യകാലങ്ങളിൽ കഴിക്കാൻ ആഗ്രഹിച്ച കാര്യങ്ങൾ കഴിക്കാൻ പറ്റാതായി. എനിക്കിപ്പോൾ ആഹാരമൊന്നും അധികം കഴിക്കാൻ പറ്റില്ല. കൊളസ്ട്രോളും കാര്യങ്ങളുമാണ്. കേരളത്തിൽ ഏറ്റവും കൂടുതൽ ഉദ്ഘാടനങ്ങളും ഗസ്റ്റ് ആയി പോയിട്ടുള്ളതുമായ കൂലിപ്പണിക്കാരനാണ് ഞാൻ എന്നും അദ്ദേഹം പറയുന്നുണ്ട്.

ടൈൽസിന്റെ പണിക്ക് പോകുന്ന സമയത്ത് എനിക്ക് കിട്ടുന്ന തുക 900 രൂപയാണ്. ഇന്ന് ഒരു ദിവസം ഒരു ലക്ഷം രൂപവരെ സമ്പാദിച്ച ദിവസങ്ങളുണ്ട്. ഇതെന്റെ പ്രയത്നമാണ്. എന്നെ തന്നെ ബ്രാൻഡ് ആയിട്ട് കാണുന്ന ആളാണ് ഞാൻ. എന്നെ പ്രമോട്ട് ചെയ്യാനൊന്നും ആരും ഇതുവരെ ഉണ്ടായിട്ടില്ല. ചെറിയ കൂലിയാണെങ്കിലും പണിക്ക് പോകണം. അലസന്മാരായി നടക്കരുത്. ഞാൻ പണ്ട് ഫൈവ് സ്റ്റാർ ഹോട്ടലിലും കോളേജിലുകളിലും ടൈൽസിന്റെ പണിക്ക് പോയിട്ടുണ്ട്. ആറ് ഏഴ് വർഷം കഴിഞ്ഞ് ആ ഹോട്ടലില്‌‍ തന്നെ ഞാൻ താമസിക്കുന്നു. ടൈൽസ് ഇട്ട കോളേജുകളിൽ ഗസ്റ്റ് ആയിട്ട് പോയി.

എനിക്ക് പറയാനുള്ളത്, ടീമേ നമ്മൾ നമ്മളെ തന്നെ സ്റ്റാറായിട്ട് കാണണം. നൂറിലേറെ സിനിമകളിൽ ഞാൻ അഭിനയിച്ചിട്ടുണ്ട്. പക്ഷേ ആർക്കും എന്നെ അറിയില്ലായിരുന്നു. കളിയാക്കലുകൾ മാത്രമെ ഉണ്ടായിരുന്നുള്ളൂ. ഒരു പരിപാടിയിൽ ഒഴിഞ്ഞ് കിടന്ന കസേരയിൽ ഞാൻ ഇരുന്നു. പരിപാടി തുടങ്ങാറായപ്പോൾ ഗസ്റ്റിന്റെ സുഹൃത്തുക്കളെ ഇരുത്താൻ എന്നെ പിടിച്ച്‌ മാറ്റി. അന്ന് ഞാൻ നാണം കെട്ടു, ഇന്നും ഒഴിഞ്ഞ കസേര കാണുമ്പോൾ ഭയമാണ്, പക്ഷെ ഇപ്പോൾ ആരും അങ്ങനെ ചെയ്യില്ല എന്നും ബിനീഷ് പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *