
കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി !
മലയാള സിനിമയിൽ വേറിട്ട കഥാപാത്രങ്ങൾ ചെയ്ത ഏറെ ശ്രദ്ധ നേടിയ അഭിനേത്രിയാണ് കനി കുസൃതി. കനി തന്റെ കരിയറിലെ തന്നെ ഏറ്റവും വലിയ നേട്ടം സ്വന്തമാക്കിയ ഒരു സമയം കൂടിയാണ്, കാൻ ഫിലിം ഫെസ്റ്റിവലിലെ ലെ ഗ്രാൻഡ് പിക്സ് പുരസ്‌കാരം കരസ്ഥമാക്കി പായൽ കപാഡിയ സംവിധാനം ചെയ്ത ഇന്ത്യൻ ചിത്രം “ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്”. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിക്കുന്നത്. ഈ ചരിത്ര നേട്ടത്തിൽ ഓരോ മലയാളിക്കും അഭിമാനിക്കാവുന്ന നിമിഷം കൂടിയായിരുന്നു.
എന്നാൽ ഇപ്പോഴിതാ അഭിമുഖങ്ങളിൽ കനി നടത്തിയ ചില പ്രസ്താവനകളുടെ പേരിൽ അവരെ വിമർശിച്ച് നിരവധി പേരാണ് രംഗത്ത് വരുന്നത്. ബിരിയാണിയിൽ അഭിനയിക്കേണ്ടി വന്നതിന്റെ കാരണങ്ങൾ കനി വ്യക്തമാക്കിയിരുന്നു. ബിരിയാണി എന്ന സിനിമ പറയുന്ന രാഷ്ട്രീയത്തോട് ഒരു തരത്തിലും യോജിപ്പില്ലെന്നും സാമ്പത്തിക ബുദ്ധിമുട്ട് മൂലമാണ് അത്തരത്തിലൊരു സിനിമയിൽ അഭിനയിച്ചതെന്നും കനി വ്യക്തമാക്കിയിരുന്നു.
കനിയുടെ വാക്കുകളെ വിമർശിച്ച് ഹരീഷ് പേരടി പങ്കുവെച്ച കുറിപ്പ് ഇങ്ങനെ, കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് സംസ്ഥാന അവാർഡിനെ കുപ്പതൊട്ടിയില്‍ തള്ളിയ അവസ്ഥയാണ് കനി കുസൃതിക്കെന്ന് നടൻ ഹരീഷ് പേരടി. നടിയുടെ രാഷ്‌ട്രീയ ബോധത്തെ ചോദ്യം ചെയ്തായിരുന്നു ഹരീഷ് പേരടിയുടെ കുറിപ്പ്. ബിരിയാണി എന്ന സിനിമയോട് രാഷ്ട്രീയമായി എതിർപ്പുണ്ടായിരുന്നെങ്കില്‍ എന്തിനായിരുന്നു അതിലെ അഭിനയത്തിന് ലഭിച്ച സംസ്ഥാനപുരസ്കാരം ഏറ്റുവാങ്ങിയതെന്നും സംസ്ഥാന അവാർഡിന്‍റെ തുകയാണ് ആകർഷിച്ചതെങ്കില്‍ അത് തുറന്നുപറയണമായിരുന്നുവെന്നും ഹരീഷ് സമൂഹമാധ്യമത്തില്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു.

രാഷ്ട്രീയമായ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും ജീവിക്കാൻ വേണ്ടി “ബിരിയാണി” എന്ന സിനിമ ചെയ്തു എന്ന കനിയുടെ പ്രസ്താവനയുടെ സത്യസന്ധതയെ നൂറല്ല നുറ്റിയൊന്നു ശതമാനവും ഉള്‍ക്കൊള്ളുന്നു.. പക്ഷേ രാഷ്ട്രീയ അഭിപ്രായ വ്യത്യാസമുള്ള ബിരിയാണി എന്ന സിനിമയുടെ പേരില്‍ നല്ല നടിക്കുള്ള സംസ്ഥാന അവാർഡ് ഏറ്റുവാങ്ങിയത് ഏത് രാഷ്ട്രീയത്തിന്‍റെ പേരിലായിരുന്നു?.. കടുത്ത രാഷ്ട്രിയമായ അഭിപ്രായ വ്യത്യാസമുള്ള ആ സിനിമയുടെ അവാർഡ് വേണ്ടന്ന് വെക്കലായിരുന്നു യഥാർത്ഥ രാഷ്ട്രീയം.. അഥവാ രാഷ്ട്രീയ ബോധം..
അതല്ല നല്ല നടിക്കുള്ള സംസ്ഥാന അവാർഡിന്‍റെ തുകയാണ് കനിയെ ആകർഷിച്ചതെങ്കില്‍ അത് തുറന്ന് പറയണമായിരുന്നു… ഇതിപ്പോള്‍ കാനിലെ വെള്ളി വെളിച്ചത്തില്‍ ഭ്രമിച്ച് സ്ഥിരബുദ്ധി നഷ്ടപ്പെട്ട് ബിരിയാണി എന്ന നല്ല സിനിമയേയും സംസ്ഥാന അവാർഡിനേയും കുപ്പതൊട്ടിയില്‍ തള്ളിയതുപോലെയായി.. നീതി ബോധമുള്ള മനുഷ്യരും ഇൻഡ്യൻ ഭരണഘടനയും അന്തസോടെ അഭിമാനത്തോടെ ഉപയോഗിക്കുന്ന വാക്കാണ് രാഷ്ട്രീയം..അല്ലാതെ രാഷ്ട്രിയം പണവും പ്രശ്സതിയും നിറക്കാനുള്ള ഒരു തണ്ണീർമത്തൻ സഞ്ചിയല്ല..ആശംസകള്‍. ഹരീഷ് പങ്കുവച്ച കുറിപ്പില്‍ പറയുന്നു.
Leave a Reply