പൂജ്യത്തിൽ നിന്ന് ഞാൻ എന്റെ ജീവിതം തിരികെ പിടിച്ചു തുടങ്ങുമ്പോഴും, ജോഗി പോയപ്പോഴും നിങ്ങളൊക്കെ എവിടെയായിരുന്നു ! വിമർശനത്തെ കുറിച്ച് ജിജി പറയുന്നു !

സന്തോഷ് ജോഗി എന്ന നടനെ ഏവർക്കും പരിചിതമാണ്, വളരെ കുറച്ച് സിനിമകൾ മാത്രമേ അദ്ദേഹം ചെയ്തിരുന്നുള്ളു എങ്കിലും നമ്മുടെ മനസ്സിൽ ആ മുഖം അങ്ങനെ തന്നെ നിൽപ്പുണ്ട്, ഒരു സുപ്രഭാതത്തിൽ സുഹൃത്തിന്റെ ഫ്ലാറ്റിൽ ഒരു മുഴം കയറിൽ തന്റെ ജീവിതം അവസാനിപ്പിക്കുമ്പോൾ അദ്ദേഹം ആ പിഞ്ചു മക്കളെ കുറിച്ചോ 25 വയസുള്ള തന്റെ ഭാര്യയെ കുറിച്ചോ ചിന്തിച്ചുകാണില്ല. സന്തോഷിന്റെ വിയോഗ ശേഷം കടബാധ്യതകൾക്ക് നടുവിൽ രണ്ടു കുഞ്ഞ് മക്കളെയും കൊണ്ട് ജിജി നടത്തിയ അതിജീവനത്തിന്റെ കഥ നമ്മൾ പലപ്പോഴും കേട്ടിട്ടുണ്ട്.

ഇപ്പോഴിതാ ജോഗിയുടെ വിയോഗ ശേഷമുള്ള ജീവിതത്തെ കുറിച്ച് ജിജിയുടെ വാക്കുകൾ ഇങ്ങനെ, ജോഗി പോകുമ്പോൾ തന്നെ വീടിന് മുന്നിൽ ജപ്തി നോട്ടീസ് ഉണ്ടായിരുന്നു. കടങ്ങൾ  വേറെയും ഉണ്ടായിരുന്നു. എനിക്ക് ജോലി ഉണ്ടായിരുന്നു എങ്കിലും ശമ്പളം കുറവായിരുന്നു. അദ്ദേഹം പോയതിനു ശേഷം കടക്കാരും ബാങ്കുകാരും വീട്ടിൽ കയറി ഇറങ്ങാൻ തുടങ്ങി, അത് എന്റെ വീടായിരുന്നു. ഒരു ഷോർട്ട് ഫിലിം ചെയ്യുന്നതിന് വേണ്ടിയാണ് ജോഗി വീടിന്റെ ആധാരം പണയം വെച്ചത്.

പിന്നീട് വളരെ ചെറിയ തുകക്ക് വീട് പണയം വെച്ച് കടം വീടുകയായിരുന്നു. അദ്ദേഹം ഞങ്ങളെ വിട്ടുപോയതിന് ഒരു വർഷം തികയുന്നതിന് മുമ്പ് തന്നെ ആ വീട്ടിൽ നിന്നും ഞങ്ങൾക്ക് ഇറങ്ങേണ്ടി വന്നു, പിന്നീട് ഞങ്ങൾ ഒരു വാടക വീട്ടിലേയ്ക്ക് മാറി.ആ സമയത്ത് ജോഗിയുടെ കുടുബവും വാടക വീട്ടിലായിരുന്നു. എനിക്ക് മുന്നോട്ട് എങ്ങനെ എന്ന ചിന്ത ഉണ്ടെകിലും ധൈര്യം കളഞ്ഞില്ല, പൂജ്യത്തിൽ നിന്നും ജീവിതം തിരികെ പിടിക്കാൻ തുടങ്ങുകയായിരുന്നു.

അന്നെനിക്ക് ഒരു ആയുർവേദ ഫാർമസിയിൽ ഒരു ചെറിയ ജോലി ആയിരുന്നു, എന്നാൽ അത് മാത്രം കൊണ്ട് ജീവിതം മുന്നോട്ട് പോകില്ലായിരുന്നു. ജോലി കഴിഞ്ഞുള്ള സമയം ഞാൻ  ചെറിയ ഹോം ട്യൂഷൻ എടുക്കാൻ തുടങ്ങി. 5 മണിക്ക് ജോലി കഴിഞ്ഞാൽ രാത്രി 10 വരെ പല വീടുകളിലായി കുട്ടികൾക്ക് ട്യൂഷനെടുക്കും. കൂടാതെ ഓൺലൈനിൽ ചെറിയ ജോലികളും ചെയ്തിരുന്നു. അങ്ങനെ പതിയെ ജീവിതം തിരികെ പിടിക്കുകയായിരുന്നു. കടങ്ങൾ കുറച്ചായി വീട്ടി തുടങ്ങി, പിന്നെ കുറച്ച് സ്ഥലം വാങ്ങി അവിടെ കൊച്ചൊരു വീട് വെക്കാനും തുടങ്ങി.

പതിനൊന്ന് വർഷം കൊണ്ടാണ് ഞാൻ ആ വീടിന്റെ പണി പൂർത്തിയാക്കിയത്, പുതിയ വീട്ടിൽ ചുവരും വാതിലും വച്ചപ്പോൾ തന്നെ ഞങ്ങൾ അവിടേയ്ക്ക് താമസം മാറുകയായിരുന്നു. ഇപ്പോൾ തൃശൂർ ഞങ്ങൾ ഞങ്ങളുടെ പനമുക്കിലെ സ്വന്തം വീട്ടിലാണ് താമസം. ഇപ്പോൾ തിരിഞ്ഞ് നോക്കുമ്പോൾ എല്ലാം ഒരു അത്ഭുതം പോലെ തോന്നുകയാണ്, ആദ്യ കാലങ്ങളിൽ ഞാൻ എന്റെ മക്കളെ നേരെ കണ്ടിട്ടുപോലുമില്ല, അവർ ഉണരുന്നതിന് മുമ്പ് ജോലിക്ക് പോകും, ഉറങ്ങി കഴിഞ്ഞാണ് തിരികെ വരുന്നത്,

ഇതിനിടക്ക് ഞാൻ ജോഗിയുടെ വീട്ടിലും പോകുമായിരുന്നു. എന്റെ അച്ഛനും അമ്മയുമാണ് എന്റെ മക്കളെ വളർത്തിയത്. എന്റെ  പ്രശ്നങ്ങൾ കുറച്ച് തീർന്ന് തുടങ്ങിയപ്പോൾ തന്നെ ഞാൻ ഹോം ട്യൂഷൻ നിർത്തുകയായിരുന്നു. ഒപ്പം മറ്റൊരു ജോലിക്കു ചേർന്നു. ഈ കാലത്ത് തന്നെയാണ് സൈക്കോളജി പഠിക്കാനും പബ്ലിക്കേഷൻ തുടങ്ങാനുമൊക്കെ തീരുമ‍ാനിക്കുന്നത്. എന്നാൽ സോഷ്യൽ മീഡിയയിൽ കൂടി ഇപ്പോഴും ഞാൻ വിമർശനങ്ങൾ കേൾക്കാറുണ്ട്.

ജോഗി പോകുമ്പോൾ  എനിക്ക് പ്രായം  25 വയസ്സായിരുന്നു. ഇന്ന് ജീവിതത്തെ കുറിച്ചുള്ള  ധാരണകൾ ഒന്നും  അന്നില്ലായിരുന്നു. നമ്മൾ ഒരാളെ സ്നേഹിച്ചു. അയാളെ കേന്ദ്രബിന്ദുവാക്കി, ചുറ്റിപ്പറ്റി ജീവിച്ചു. ജോഗിക്ക് ഡിപ്രഷൻ ആയിരുന്നു എന്ന് എനിക്ക്  ഇപ്പോഴും ഉറപ്പില്ല. എന്നെ പരിചയപ്പെടുന്നതിന് മുമ്പ്  തന്നെ അദ്ദേഹം പലതവണ ജീവൻ വെടിയാൻ ശ്രമം നടത്തിയിട്ടുണ്ട്. പക്ഷെ വിവാഹ ശേഷം ജീവിതത്തിന്റെ ഒരു ബുദ്ധിമുട്ടുകളും  ഞാൻ അദ്ദേഹത്തെ അറിയിക്കാറില്ലായിരുന്നു. ഞങ്ങൾ ഒന്നിച്ച ശേഷം ഇതാദ്യമായിട്ടായിരുന്നു എന്നും ജിജി പറയുന്നു. ജോഗി പോയിട്ട് പതിനൊന്ന് വർഷം പൂർത്തിയാവുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *