
ബിജെപിയുടെ ദേശീയ കൗൺസിൽ അംഗം കൂടിയായ ഞാൻ എന്തുകൊണ്ടാണ് ഞാൻ ബി ജെ പിയിൽ അംഗമായത് എന്നതിനുള്ള ഉത്തരം ഇതാണ് ! കൃഷ്ണകുമാറിന്റെ കുറിപ്പ് ശ്രദ്ധ നേടുന്നു !
കൃഷ്ണകുമാർ മലയാള സിനിമയിലെ പ്രശസ്ത നടൻ എന്നതിനപ്പുറം ഭാരതീയ ജനതാ പാർട്ടിയുടെ ദേശിയ കൗൺസിൽ അംഗവുമായ അദ്ദേഹം ഇപ്പോൾ പാർട്ടിയുടെ സജീവ പ്രവർത്തകൻ കൂടിയാണ്, ഇപ്പോഴിതാ താൻ എന്തുകൊണ്ട് ബിജെപി പാർട്ടിയിൽ ചേർന്ന് എന്നതിന്റെ കാരണം പറഞ്ഞുകൊണ്ട് ഇതിനുമുമ്പ് അദ്ദേഹം പങ്കുവെച്ച കുറിപ്പാണ് ഏറെ ശ്രദ്ധ നേടുന്നത്. വാക്കുകൾ ഇങ്ങനെ, ഒരു കലാകാരനും രാഷ്ട്രീയക്കാരനുമെന്ന നിലയിൽ എന്റെ ഏറ്റവും പ്രാഥമികമായ കടമ, എന്നെ സ്നേഹിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുന്ന നിങ്ങളോരോരോരുത്തരോടും എന്റെ നിലപാടുകൾ അർത്ഥശങ്കയില്ലാത്തവണ്ണം ചുരുങ്ങിയ വാക്കുകളിൽ വിശദീകരിക്കുകയെന്നത് തന്നെയാണ്. കാരണം നിങ്ങളാണ് എന്റെ ശബ്ദം. തിരുവനന്തപുരവും, പിന്നെ നിങ്ങളെല്ലാവരും തന്നെയാണ് എനിക്കെന്നും മുഖ്യം.
ഞാൻ എന്തുകൊണ്ടാണ് ബിജെപിയിൽ അംഗമായത് എന്ന് ചോദിച്ചാൽ, രണ്ടായിരത്തി ഇരുപത്തിയൊന്നിലാണ് ഞാൻ പാർട്ടിയിൽ വന്നതെങ്കിലും ചെറുപ്പം മുതൽ തന്നെ, ശാഖകളിൽ നിന്ന് പകർന്നുകിട്ടിയ ദേശീയബോധവും അച്ചടക്കവും സേവനമനോഭാവവും ഞാനെന്ന വ്യക്തിയെ രൂപപ്പെടുത്തുന്നതിൽ നിർണ്ണായകമായ പങ്കു വഹിച്ചിട്ടുണ്ട്. അതിന്റെ സ്വാഭാവികമായ ഒരു തുടർച്ചയായിട്ടാണ് ബി ജെ പി യുടെ പ്രത്യയശാസ്ത്രവുമായി മാനസികമായി എനിക്ക് ഐക്യപ്പെടാനായത്. പക്ഷെ നരേന്ദ്ര മോദി എന്ന ഐതിഹാസിക വ്യക്തിത്വവും അദ്ദേഹത്തിന്റെ നേതൃത്വപാടവവുമാണ് എന്നെ ഏറ്റവുമധികം അതിശയിപ്പിച്ചതും സ്വാധീനിച്ചതും.

അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെയും പാർട്ടിയുടെയും വിജയത്തിനുവേണ്ടി പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിച്ചു. എനിക്കേറ്റവും പ്രിയപ്പെട്ട തിരുവനന്തപുരത്തിന് വേണ്ടി പ്രവർത്തിക്കാൻ വലിയൊരവസരം വന്നപ്പോൾ ഞാനാ വലിയ തീരുമാനമെടുത്തു. അന്നുമുതൽ ഇന്നീ നിമിഷം വരെ ആ തീരുമാനത്തിൽ ഞാൻ അഭിമാനിക്കുന്നു, അടിയുറച്ചു വിശ്വസിച്ചു പ്രവർത്തിക്കുന്നു. അടുത്തിടെ നടന്ന ഒരു പൊതുയോഗത്തിൽ എന്റെ ഇരിപ്പിട ക്രമീകരണം സംബന്ധിച്ച് ചില പ്രതികരണങ്ങളും ചർച്ചകളും നടന്നിരുന്നു.
ഇത്തരത്തിലുള്ള പൊതുപരിപാടികൾ പ്രാഥമികമായി സംഘടിപ്പിക്കുന്നത് പ്രാദേശിക നേതൃത്വമാണ്. ഇരിപ്പിട ക്രമീകരണം നിർണ്ണയിക്കുന്നതും അവർതന്നെ. സ്റ്റേജിൽ ഇരിപ്പിടം അനുവദിച്ചതുകൊണ്ടോ അതിന്റെ കുറവുകൊണ്ടോ, തിരുവനന്തപുരത്തിന്റെ ഉന്നമനത്തിനായി ഞാൻ നടത്തിവരുന്ന പ്രവർത്തനങ്ങളെ അത് യാതൊരു തരത്തിലും ബാധിക്കാൻപോകുന്നില്ലായെന്ന് എന്നെ അറിയുന്ന നിങ്ങൾക്കെല്ലാമറിയാം. എല്ലാ ജനവിഭാഗങ്ങളുടെയും വികസനത്തിലും ക്ഷേമത്തിലുമാണ് എന്റെ ശ്രദ്ധ എന്നും കേന്ദ്രീകരിച്ചിട്ടുള്ളത്. ഇരിപ്പിടങ്ങളല്ല, നമ്മളുടെ പ്രവൃത്തികളും, നയങ്ങളും, മൂല്യങ്ങളുമാണ് നമ്മെ അടയാളപ്പെടുത്തുന്നത് എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു.
ഏവർക്കും നന്മകൾ നേരുന്നു എന്നും അദ്ദേഹം കുറിച്ചു..
Leave a Reply