ജയസൂര്യയ്ക്ക് എതിരേ നടക്കുന്ന ആക്രമണത്തില്‍ വിഷമമുണ്ട്, അദ്ദേഹം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല ! കൃഷ്ണപ്രസാദ്‌ !

ഇപ്പോൾ കേരളമാകെ ചർച്ച കർഷകർക്ക് വേണ്ടി ജയസൂര്യ പറഞ്ഞ വാക്കുകളും അതിനു മറുപടിയായി സാമൂഹ്യ രാഷ്ട്രീയ രംഗത്തുള്ള പ്രമുഖരുടെ പ്രതികരണങ്ങളുമാണ്. കര്‍ഷകന്‍ കൂടിയായ നടന്‍ കൃഷ്ണപ്രസാദിന്റെ ദുരിതാവസ്ഥ എടുത്തുപറഞ്ഞുകൊണ്ട് കൃഷി മന്ത്രി പി. പ്രസാദിനേയും മന്ത്രി പി. രാജീവിനേയും വേദിയില്‍ ഇരുത്തികൊണ്ട് കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് ജയസൂര്യ പറഞ്ഞ വാക്കുകള്‍ക്ക് വലിയ ജനപിന്തുണയാണ് ലഭിക്കുന്നത്. കർഷകർ അവഗണന നേരിടുകയാണെന്നും പുതിയ തലമുറ കൃഷിയില്‍ താല്‍പ്പര്യം കാണിക്കുന്നില്ലെന്ന് പരാതി പറയുന്നവർ കൃഷിക്കാർക്ക് എന്താണ്  ലഭിക്കുന്നതെന്ന് ചിന്തിക്കണമെന്നും ജയസൂര്യ വിമർശിച്ചിരുന്നു.

കഴിഞ്ഞ ദിവസം  കളമശ്ശേരിയില്‍ നടന്ന കാര്‍ഷികോത്സവം പരിപാടിയിലായിരുന്നു കൃഷി മന്ത്രിയെയും വ്യവസായ മന്ത്രിയെയും സാക്ഷിയാക്കി നടന്‍ പ്രതികരിച്ചത്. തന്റെ സുഹൃത്തും നെല്‍ കര്‍ഷകനുമായ കൃഷ്ണപ്രസാദിന് ഉപവാസമിരിക്കേണ്ടി വന്ന അവസ്ഥ ചൂണ്ടിക്കാട്ടിയായിരുന്നു ജയസൂര്യയുടെ വാക്കുകൾ. വിവാദങ്ങൾക്ക് പിന്നാലെ കൃഷ്ണപ്രസാദിന് പണം കിട്ടിയെന്നും ജയസൂര്യയുടെ വാക്കുകളില്‍ രാഷ്ട്രീയ അജണ്ടയുണ്ടെന്നും ആരോപിച്ച് കൃഷി മന്ത്രി രംഗത്തെത്തിയിരുന്നു.

ഇപ്പോഴിതാ ഇതിനെ കുറിച്ച് കൃഷ്ണപ്രസാദ്‌ പറയുന്നത് ഇങ്ങനെ,  തനിക്ക് പൈസ തന്നതുമായി ബന്ധപ്പെട്ടുള്ള റസീപ്റ്റ് തപ്പിയെടുക്കാന്‍ അവര്‍ കാണിച്ച ആര്‍ജ്ജവം ഇനിയും പണം ലഭിക്കാത്ത ഇരുപത്തി അയ്യായിരത്തോളം കര്‍ഷകരുടെ കാര്യത്തില്‍ കാണിച്ചിരുന്നുവെങ്കില്‍ എത്ര നന്നായേനെ. ലക്ഷണക്കിന് കൃഷിക്കാര്‍ക്കിടയില്‍ പണം ലഭിച്ച പതിനായിരത്തോളം പേരില്‍ ഒരാളാണ് താന്‍.  പൈസ തന്നു എന്ന് പറയുന്ന സർക്കാർ അത് എങ്ങനെ തന്നു എന്നുകൂടി പറയണം.

എനിക്ക് ആ  പണം ലഭിച്ചത് ബാങ്കിന്റെ ലോണ്‍ ആയാണ്. നെല്ലിന്റെ പണമായിട്ടല്ല. കടബാധ്യതയേറി കര്‍ഷകര്‍ ആ,ത്മ,ഹ,ത്യ ചെയ്യുമ്പോള്‍ റീത്ത് വച്ചിട്ട് കാര്യമില്ല. തങ്ങള്‍ പ്രതിഷേധിക്കുന്നത് മറ്റു കര്‍ഷകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാനാണ്. വേദിയിൽ പ്രധാനപ്പെട്ട രണ്ടു മന്ത്രിമാര്‍ ഇരിക്കുമ്പോഴാണ് ജയസൂര്യ പ്രതികരിച്ചത്. അതേസമയം, എത്ര കര്‍ഷകരാണ് വര്‍ഷങ്ങളായി തങ്ങളുടെ ദുരവസ്ഥ അറിയിക്കാന്‍ മന്ത്രിമാര്‍ക്ക് നിവേദനം അയച്ചത്. ആരെങ്കിലും അറിഞ്ഞോ, ആരെങ്കിലും ശ്രദ്ധിച്ചോ. ജയസൂര്യ അവതരിപ്പിച്ചത് പതിനായിരക്കണക്കിന് വരുന്ന കര്‍ഷകര്‍ക്ക് വേണ്ടിയാണ്.

ജയസൂര്യക്ക് എന്റെ പേര് മാത്രമേ അറിയുകയുള്ളൂ അതുകൊണ്ടാണ് ആ പാവം എന്റെ പേര് എടുത്ത് ഈ വിഷയം പറഞ്ഞത്. ശെരിയാണ് എനിക്ക് വ്യക്തിപരമായി കൃത്യമായ രാഷ്ട്രീയമുണ്ട്. എന്നാല്‍ കര്‍ഷകരുടെ പ്രശ്നങ്ങളില്‍ രാഷ്ട്രീയം കളിക്കാറില്ല. ജയസൂര്യയ്ക്ക് എതിരേ നടക്കുന്ന ആക്രമണത്തില്‍ വിഷമമുണ്ട്. അദ്ദേഹം പറഞ്ഞതു കൊണ്ടാണ് കേരളം മുഴുവന്‍ ഈ വിഷയം ചര്‍ച്ചയായത് എന്നാണ് കൃഷ്ണപ്രസാദ് പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *