ജയസൂര്യ എന്റെ ഏറ്റവും അടുത്ത സുഹൃത്താണ്, പക്ഷെ ഈ സംഭവത്തിന് ശേഷം ഞാൻ അദ്ദേഹത്തോട് സംസാരിച്ചിട്ടില്ല ! ഞാന്‍ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്ന് അര്‍ത്ഥമില്ല ! നൈല ഉഷ

മലയാള സിനിമയിൽ ഹേമ കമ്മറ്റി റിപ്പോർട്ട് വന്നതിന് ശേഷം ഒരു സിനിമയെ വെല്ലുന്ന സംഭവ വികാസങ്ങളാണ് മലയാള സിനിമയിൽ നടക്കുന്നത്, അതിൽ നടൻ ജയസൂര്യക്കെതിരെ വന്ന ആരോപണങ്ങളാണ് മലയാളികളെ ഏറ്റവുമധികം ഞെട്ടിച്ചത്. ഇപ്പോഴിതാ ഈ വിഷയത്തെ കുറിച്ച് നടി നൈല ഉഷ പ്രതികരിച്ചതാണ് ഏറെ ശ്രദ്ധ നേടുന്നത്.  ജയസൂര്യ തന്റെ അടുത്ത സുഹൃത്താണെന്നും എന്നാല്‍ കേസ് വന്നതിന് ശേഷം സംസാരിച്ചിട്ടില്ലെന്നും നൈല ഉഷ വ്യക്തമാക്കി.

നൈലയുടെ വാക്കുകൾ ഇങ്ങനെ, പരാതിക്കാരെ ബഹുമാനിച്ചുകൊണ്ട് തന്നെ പറയട്ടെ  എനിക്ക് ദുരനുഭവങ്ങള്‍ ഒന്നും ഉണ്ടായിട്ടില്ല, ജയസൂര്യയ്‌ക്കൊപ്പം സിനിമയില്‍ അഭിനയിച്ചത് വളരെ നല്ല അനുഭവമായിരുന്നു. എന്റെ അടുത്ത സുഹൃത്തുക്കളില്‍ ഒരാള്‍ കൂടിയാണ് അദ്ദേഹം. പെട്ടെന്ന് വിളിച്ച്, എന്റെ സുഹൃത്തിന്റെ പിറന്നാളാണ്, ഒരു ആശംസാ വീഡിയോ തരാമോ എന്നൊക്കെ പറയാന്‍ പറ്റുന്ന അത്ര അടുപ്പമുള്ള കക്ഷി. അദ്ദേഹത്തിനെതിരായി വന്ന ആരോപണം ശരിക്കും ഞെട്ടിച്ചു.

ഇങ്ങനെയൊരു വാർത്ത വന്നതിന് ശേഷം ഞാന്‍ അദ്ദേഹവുമായി സംസാരിച്ചിട്ടില്ല. എനിക്ക് ആ ആരോപണം സര്‍പ്രൈസ് ആയെന്ന് പറയുമ്പോള്‍, ഞാന്‍ ആ സ്ത്രീയെ അവിശ്വസിക്കുന്നു എന്നോ ജയസൂര്യക്കൊപ്പം നില്‍ക്കുന്നുവെന്നോ അര്‍ഥമില്ല. സിനിമയിലേക്ക് ക്ഷണിക്കപ്പെടുന്നതും ഓഡിഷന്‍ വഴി അവസരം ചോദിച്ചു വരുന്നതും തമ്മില്‍ നല്ല വ്യത്യാസമുണ്ട്.

ഇങ്ങനെ വരുന്നവരില്‍ ചിലര്‍ക്കാണ് ‘അഡ്ജസ്റ്റ്‌മെന്റ്’ ചോദ്യങ്ങള്‍ നേരിടേണ്ടി വരുന്നത്. എനിക്കൊപ്പം ജോലി ചെയ്തിട്ടുള്ള ആരും ഇത്തരം അനുഭവങ്ങള്‍ നേരിട്ടതായി പറഞ്ഞിട്ടില്ല. ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ കേട്ട് ആരെങ്കിലും ഞെട്ടിയെന്ന് കേള്‍ക്കുന്നതിലാണ് എന്റെ ഞെട്ടല്‍. സിനിമയില്‍ നിന്ന് ദുരനുഭവങ്ങള്‍ നേരിട്ടവരുടെ ഒപ്പം നിന്നുകൊണ്ട് തന്നെ പറയട്ടെ, എനിക്ക് മോശമായ അനുഭവങ്ങളൊന്നും മലയാളം സിനിമയില്‍ നിന്നും ഉണ്ടായിട്ടില്ല. ഞാന്‍ ഇതുവരെ അഭിനയിച്ച സിനിമകളിലേക്കെല്ലാം ഞാന്‍ ക്ഷണിക്കപ്പെട്ടതാണ്. എനിക്കു വേണ്ട എല്ലാ സൗകര്യങ്ങളും അവര്‍ ചെയ്തു തന്നിട്ടുണ്ട്.

എല്ലാ സൗകര്യങ്ങളും അവർ എനിക്ക് ഒരുക്കി തന്നിരുന്നു, ഫ്‌ലൈറ്റ് ടിക്കറ്റ്, മികച്ച ഹോട്ടലില്‍ താമസം, ആവശ്യപ്പെടുന്ന സഹായികള്‍, അങ്ങനെ എല്ലാം ചെയ്തു തന്നിട്ടുണ്ട്. അങ്ങനെയൊരു പ്രിവിലേജ് എനിക്ക് ഉണ്ടായിരുന്നു. അതു ഞാന്‍ സമ്മതിക്കുന്നു. പക്ഷേ, അത്തരം പ്രിവിലേജ് ഇല്ലാത്തവര്‍ക്കൊപ്പമാണ് ഞാന്‍ നില്‍ക്കുക എന്നാണ് നൈല ഉഷ ഒരു വിദേശ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *