വെറും മൂന്ന് ദിവസത്തെ ആയുസ്സാണ് ഡോക്ടർമാർ എന്റെ മകന് വിധിച്ചത് ! വിധിയോട് പോരാടി ഞാനത് 12 വർഷമാക്കി ! മകനെ കുറിച്ച് സബിറ്റ പറയുന്നു !

ചക്കപ്പഴം എന്ന ഒരൊറ്റ പരിപാടിയിൽ കൂടി മലയാളികളുടെ പ്രിയങ്കരിയായി മാറിയ അഭിനേത്രിയാണ് സബിറ്റ ജോർജ്. ലളിത എന്ന കഥാപാത്രത്തെയാണ് ചക്കപ്പഴത്തിൽ നടി ചെയുന്നത്. സമൂഹ മാധ്യമങ്ങളിൽ വളരെ സജീവമായ താരം തന്റെഎല്ലാ വിശേഷങ്ങളും ആരാധകർക്ക് വേണ്ടി പങ്കുവെക്കാറുണ്ട്, അത്തരത്തിൽ ഇപ്പോൾ അകാലത്തിൽ പൊലിഞ്ഞു പോയ തന്റെ പൊന്നുമകനെ കുറിച്ച് തുറന്ന് പറയുകയാണ് സബിറ്റ  ഇപ്പോൾ.

താരത്തിന്റെ വാക്കുകൾ ഇങ്ങനെ, ഞങ്ങളുടെ ആദ്യത്തെ കുഞ്ഞിന് വേണ്ടിയുള്ള കാത്തിരിപ്പിന്റെ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് ആ സംഭവം നടക്കുന്നത്. അന്ന് ഞങ്ങൾ യുഎസിലാണ്. ആ ഡേറ്റിന് തലേന്ന് എന്റെ അമ്നിയോട്ടിക് ഫ്ലൂയിഡ് ലീക്ക് ആകുന്നതായി എനിക്കു മനസ്സിലായി. ഉടൻ ആശുപത്രിയിലേക്ക് പുറപ്പെട്ടു. അവർ എന്നോട്  അഡ്മിറ്റ് ആകാൻ നിർദേശിച്ചു. പ്രസവത്തിനു വേണ്ടിയുള്ള മുന്നൊരുക്കങ്ങൾ തുടങ്ങി. പെയിൻ വരാനുള്ള കാര്യങ്ങളൊക്കെ ചെയ്തു.

പക്ഷേ എന്റെ അപ്പോഴത്തെ  ആരോഗ്യസ്ഥിതിയും കുഞ്ഞിന്റെ തൂക്കവും കണക്കിലെടുത്താൻ ഒരു  നോർമൽ ഡെലിവറിക്കുള്ള സാധ്യത വളരെ  കുറവായിരുന്നു. പക്ഷേ വിദേശരാജ്യങ്ങളിൽ ആദ്യത്തെ പ്രസവമൊക്കെയാകുമ്പോൾ അവർ കൂടുതലും പ്രാധാന്യം നൽകുന്നത് നോർമൽ ഡെലിവറിക്കാണ്.  അത് സാധ്യമല്ല എന്ന് അവർക്ക് പൂർണ ബോധ്യം വന്നാൽ മാത്രമേ  സി സെക്‌ഷൻ എന്ന തീരുമാനത്തിലേക്ക് എത്തുമായിരുന്നുള്ളൂ.

പക്ഷെ സമയം ഏകദേശം  16 മണിക്കൂർ കഴിഞ്ഞിട്ടും എനിക്ക്  പ്രസവം നടക്കാനുള്ള യാതൊരു ലക്ഷണങ്ങളും ഉണ്ടായില്ല. കൂടാതെ എനിക്ക് മറ്റുപല  അസ്വസ്ഥതകൾ ഉണ്ടാകുകയും ചെയ്തു. കുഞ്ഞിന്റെ അനക്കം കുറയുന്നെന്നും ഹാർട്ട്ബീറ്റിൽ വ്യത്യാസം വരുന്നെന്നും എനിക്കു തോന്നി. വയറ്റിൽ കിടക്കുന്ന കുഞ്ഞിനെക്കുറിച്ചുള്ള അമ്മമാരുടെ ഒരു തോന്നൽ ഒരിക്കലും തെറ്റാറില്ലല്ലോ. ആ തോന്നൽ ശരിയായിരുന്നു,   മോണിറ്ററിൽ എന്റെ കുഞ്ഞിന്റെ ഹൃദയത്തുടിപ്പുകളിൽ വ്യത്യാസം  കണ്ടുതുടങ്ങിയപ്പോൾത്തന്നെ ഡോക്ടറുടെ സേവനം ഞാൻ ആവശ്യപ്പെട്ടു. പക്ഷേ അവിടെയുണ്ടായിരുന്ന അവർ എന്റെ വാക്ക് ചെവികൊണ്ടില്ല.

എന്റെ കുഞ്ഞിന്റെ തല താഴെ വന്നിരുന്നു, ആ അവസ്ഥയിൽ അവർ കുഞ്ഞിന്റെ ഹാർട്ട് ബീറ്റ് നോക്കാനുള്ള ഒരു ഉപകരണം എന്നിൽ ഘടിപ്പിക്കുകയായിരുന്നു.  പക്ഷേ ആ  സമയത്ത്  അവരുടെ കൈപ്പിഴമൂലം, മൂർച്ചയേറിയ ലോഹം കൊണ്ടുള്ള  ആ ഉപകരണം ഇൻസേർട്ട് ചെയ്യുന്ന ഘട്ടത്തിൽ അബദ്ധത്തിൽ കുഞ്ഞുമായുള്ള പൊക്കിൾക്കൊടി ബന്ധം വിച്ഛേദിക്കപ്പെടുകയായിരുന്നു. എനിക്ക് രക്തസ്രാവമുണ്ടായിട്ടും കുഞ്ഞിന്റെ നില അപകടത്തിലാണെന്ന് മനസ്സിലായിട്ടും അവർ ആ സമയത്ത് അവരുടെ സ്വന്തം  കൈപ്പിഴ മറയ്ക്കാനാണ് ശ്രമിച്ചത്.

ജനിക്കും മുമ്പ് തന്ന് പൊക്കിൾകൊടി വിച്ഛേദിക്കപ്പെട്ട എന്റെ കുഞ്ഞ് രണ്ടു മൂന്ന് മണിക്കൂർ ജീവന്മരണ പോരാട്ടമായിരുന്നു നടത്തിയത്. ഒടുവിൽ എന്റെയും അമ്മയുടെയും നിർബന്ധത്തിന് വഴങ്ങിയാണ് അവർ സിസേറിയൻ ചെയ്ത് കുഞ്ഞിനെ പുറത്തെടുക്കാൻ തയാറായത്, പക്ഷെ പുറത്ത് എടുത്തപ്പോൾ എന്റെ കുഞ്ഞിന്റെ കുഞ്ഞ് ശരീരം മുഴുവൻ നീല നിറമായിരുന്നു. ശരീരത്തിലെ ചോര മുഴുവൻ വാർന്ന്, ശ്വാസം പോലുമില്ലാതെ പുറത്തെടുത്ത അവനെ അവർ ടേബിളിൽ കിടത്തി. ആദ്യ കാഴ്ചയിൽ കുഞ്ഞിന് ജീവൻ ഉണ്ടെന്ന് പോലും തോന്നില്ലായിരുന്നു, പക്ഷെ കുറച്ചു കഴിഞ്ഞ് ചെറിയ ഒരു ശബ്ദം ഉണ്ടാക്കിയപ്പോഴാണ് കുഞ്ഞിന് ജീവൻ ഉണ്ടെന്ന് ഉറപ്പിക്കുന്നത്.

വെറും മൂന്ന് ദിവസത്തെ ആയുസാണ് ഡോക്ടർമാർ അവന് വിധിച്ചത്, കാരണം ആരോഗ്യപരമായി ഒരുപാട് പ്രശ്നങ്ങൾ കൊണ്ടാണ് അവൻ ജനിച്ചത്, രണ്ടു വൃക്കകളുടെയും കരളിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം താളംതെറ്റി. തലച്ചോറിലെ സെല്ലുകളിൽ രക്തം കട്ടപിടിച്ചു. ഭൂമിയിലേക്കു വരുംമുൻപു നടത്തിയ ജീവന്മരണപോരാട്ടത്തിൽനിന്ന് ജീവിതത്തിലേക്ക് അവൻ തിരികെവന്നത് സെറിബ്രൽ പാൾസിയുമായാണ്. കാഴ്ചശക്തിയോ സംസാരശേഷിയോ ചലനശേഷിയോ ഇല്ലാത്ത കുഞ്ഞായി അവൻ ജീവിതത്തിലേക്കു തിരിച്ചു വന്നു. പക്ഷെ പ്രാർഥനകൊണ്ടും മനോധൈര്യം കൊണ്ടും വിധിയോട് പോരാടി  12 വർഷം എന്റെ പൊന്നുമോൻ ഞങ്ങളോടൊപ്പം ഉണ്ടായിരുന്നു എന്നും ഏറെ വേദനയോടെ സബീറ്റ പറയുന്നു.

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *