നമ്മുടെ പ്രിയ നടൻ ജിഷ്ണു യാത്രയായിട്ട് ആറു വർഷം ! നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാടു താരങ്ങളുള്ള വിണ്ണിലേക്കു പോയെ ! കുറിപ്പ് വൈറലാകുന്നു !

ചില അഭിനേതാക്കൾ നമ്മൾ കണ്ടു കൊതി തീരുംമുമ്പ് നമ്മളെ വിട്ടുപോയിരുന്നു. ആ കൂട്ടത്തിൽ ഉള്ള ഒരാളാണ് നടൻ ജിഷ്ണു.  നമ്മൾ എന്ന ചിത്രത്തിൽ കൂടി വെള്ളിത്തിരയിൽ എത്തിയ ജിഷ്ണു പ്രശസ്ത നടൻ രാഘവന്റെ മകനും കൂടിയായിരുന്നു. അർബുദ രോഗം പിടിപെട്ട ജിഷ്ണു നീണ്ട നാളത്തെ ചികിത്സക്ക് ശേഷം 2016 മാര്‍ച്ച്‌ 25നാണ് ഈ ലോകത്തുനിന്നും വിടപറഞ്ഞത്. അദ്ദേഹത്തിന്റെ വാർഷികത്തിൽ ജിഷ്ണുവിന്റെ സുഹൃത്തും, നടനും  നിർമാതാവും വ്യവസായിയുമായ ജോളി ജോസഫ് പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധനേടുന്നത്.

അദ്ദേഹത്തിന്റെ വാക്കിൽ ഇങ്ങനെ,മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാടു താരങ്ങളുള്ള വിണ്ണിലേക്കു പോയെ, ജിഷ്ണു നമ്മളെ വിട്ടു പോയിട്ട് ആറു വർഷം ആകുന്നു, 19 വര്ഷം മുന്‍പ് അന്‍സാര്‍ കലാഭവന്‍ ഡയറക്റ്റ് ചെയ്ത ‘ വലത്തോട്ട് തിരിഞ്ഞാല്‍ നാലാമത്തെ വീട് ‘ എന്ന സിനിമയുടെ ഭാഗമായിരുന്ന ഞാന്‍ , നായകനായിരുന്ന ജിഷ്ണുവിനെയും , നായികയായിരുന്ന ഭാവനയെയും പരിചയപെട്ടത് . അവന്‍ വഴി അച്ഛന്‍ രാഘവേട്ടനെയും അമ്മ ശോഭേച്ചിയെയും പരിചയപ്പെട്ടു .പിന്നീട് മാന്ത്രിക ചിരിയിലൂടെ എന്റെ കുടുംബത്തിലെ ഓരോരുത്തരെയും അവന്‍ ചെങ്ങായിമാരാക്കി.

എനിക്ക് അവൻ ആരായിരുന്നു എന്നത് ഇപ്പോഴും പിടികിട്ടാത്ത ഒരു സംഭവമാണ്. എന്നെ ഇത്ര മാത്രം കളിയാക്കിയിരുന്ന, വഴക്കു പറഞ്ഞിരുന്ന, ദേഷ്യപ്പെട്ടിരുന്ന, ചിരിപ്പിച്ചിരുന്ന, കളിച്ചിരുന്ന, സ്വാധിനിച്ചിരുന്ന ഒരു മാജിക് പ്രെസെന്‍സ് ആയിരുന്നു കുടിക്കാത്ത വലിക്കാത്ത പക്ഷെ കള്ള കുസൃതിക്കാരനായിരുന്ന എന്റെ ജിഷ്ണു. പലപ്പോഴും എന്റെ വീട്ടിൽ വന്ന് അവന് ഇഷ്ടമുള്ള ഭക്ഷണം പറഞ്ഞ് ചെയ്യിപ്പിച്ച് കഴിക്കുമായിരുന്നു. അതോടൊപ്പം വീട്ടിൽ ഇരുന്നു അവന്റെ  രസകരമായ ഷൂട്ടിങ് അനുഭവങ്ങൾ ഓരോന്നായി വിളമ്പുമായിരുന്നു.  പിന്നെ അവന്റെ ഫോൺ വിളികൾ….. സിനിമയെ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന, ഒരുപാടു പഠിക്കാന്‍ ശ്രമിച്ച, കൃത്യമായും , സെന്സിബിളായും സംസാരിക്കാന്‍ അറിയാവുന്ന കുറച്ചു സിനിമക്കാരില്‍ അവനും ഉണ്ടായിരുന്നു .

അവൻ വഴി സിനിമയിലും അല്ലാത്തതുമായ നിരവധിപേരെ ഞാനും പരിചയപ്പെട്ടിരുന്നു. ഞങ്ങളുടെ ഗ്രൂപ്പില്‍ ഉണ്ടായിരുന്ന , മധു വാരിയര്‍ , നിഷാന്ത് സാഗര്‍ , അരവിന്ദര്‍ , ബിജു , പ്രശാന്ത് പ്രണവം അങ്ങിനെ അങ്ങിനെ ഒരുപാടു പേരുടെ അല്ലറ ചില്ലറ പിണക്കങ്ങളും പരിഭവങ്ങളും തീര്‍ത്തിരുന്നതു അവനായിരുന്നു . അവന്റെ രോഗവിവരങ്ങള്‍ അറിഞ്ഞപ്പോള്‍ , വീട്ടുകാരോടൊപ്പം ഞങ്ങളും തളര്‍ന്നപ്പോള്‍ , അവനായിരുന്നു വെളിച്ചമായും , കുസൃതികളായും , ഒട്ടും തന്നെ പരിഭ്രമില്ലാതെ മുന്നിട്ടു നിന്നത് തിരുവനന്തപുരത്തു വീട്ടില്‍ മാത്രം കഴിഞ്ഞിരുന്ന അവനെ ഞാനും കൈലാഷും കാണാന്‍ ചെന്ന് നിര്‍ബന്ധിച്ചതുകൊണ്ടായിരുന്നു അവന് വളരെ ഇഷ്ടപെട്ട എറണാകുളത്തെ മറൈന്‍ ഡ്രൈവിലെ എന്റെ ഫ്ലാറ്റിലേക്ക് കുടുംബത്തോടൊപ്പം ഷിഫ്റ്റ് ചെയ്തത് . ഏകദേശം രണ്ടു വര്‍ഷത്തോളം ഞങ്ങള്‍ കൂട്ടുകാര്‍ അവനെ പൊന്നു പോലെ, കരുതലോടെ കാത്തു ,അവന്റെ കുസൃതികളില്‍ പങ്കാളികളായി.

നടി മംമ്ത മോഹൻദാസുമായി അവന് നല്ല സൗഹൃദം ഉണ്ടായിരുന്നു അവർ വഴി അമേരിക്കയില്‍ പോയീ ചികില്‍സിക്കാനും പ്ലാനുണ്ടായിരുന്നു .. മാര്‍ച്ച്‌ മാസത്തില്‍ അമേരിയ്ക്കയിലുണ്ടായിരുന്ന ഞാന്‍ , തിരികെ വന്ന ഉടനെ മമതയുടെ സഹായത്തോടെ അവനെയും കൂട്ടി അമേരിക്കയില്‍ പോകാനായിരുന്നു പ്ലാന്‍ ,അതവന്‍ ആഗ്രഹിച്ചിരുന്നു .ഞങ്ങളുടെ എല്ലാ പ്രതീക്ഷകളും സ്വപ്നങ്ങളും തകർത്തുകൊണ്ട് ആ വാർത്ത വന്നു,അലറിക്കരഞ്ഞുകൊണ്ട് ഞങ്ങൾ ആശുപത്രിയിലേക്ക് ഓടി, അവനെ ആ രവിപുരത്തെ ശ്മശാനത്തിലെ തീ അവനെ വിഴുങ്ങുമ്ബോഴും കുടുബാംഗങ്ങളും , ബന്ധുക്കളും കൂട്ടുകാരും ഈറനഞ്ഞ കണ്ണുകളുമായി നിന്നപ്പോള്‍ , കൈലാഷും ഞാനും മധുവും നിഷാന്തും സിദ്ധാര്‍ഥ് ശിവയും കെട്ടിപ്പിടിച്ചു നിന്ന്‌ ഹൃദയം പൊട്ടി കരഞ്ഞു… മണ്ണിലെ താരമായിരുന്ന നീ എന്തിനാടാ ഇത്രയും നേരത്തെ ഒരുപാട് താരങ്ങളുള്ള വിണ്ണിലേക്കു പോയെ

 

Articles You May Like

Leave a Reply

Your email address will not be published. Required fields are marked *